ഈ ദുല്‍ഖര്‍ സിനിമ റിലീസിന് മുന്നേ പ്രേക്ഷകര്‍ക്ക് സൗജന്യമായി കാണാം!

സാധാരണയായി നിരൂപകര്‍ക്ക് മാത്രമായി ഒരുക്കാറുള്ള പ്രിവ്യൂ ഷോയാണ് ഇത്തവണ പ്രേക്ഷകര്‍ക്കെല്ലാവര്‍ക്കുമായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്

Update: 2022-09-17 14:14 GMT
Editor : ijas

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ബോളിവുഡ് ചിത്രം 'ഛുപ്' റിലീസിന് മുന്നേ പ്രേക്ഷകര്‍ക്ക് സൗജന്യമായി കാണാന്‍ അവസരം. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ആരാധകര്‍ക്ക് മുന്നില്‍ അത്യപൂര്‍വ കാഴ്ചാ അവസരം തുറന്നിടുന്നത്. സാധാരണയായി നിരൂപകര്‍ക്ക് മാത്രമായി ഒരുക്കാറുള്ള പ്രിവ്യൂ ഷോയാണ് ഇത്തവണ പ്രേക്ഷകര്‍ക്കെല്ലാവര്‍ക്കുമായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്ന് ദിവസം മുമ്പാണ് ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ പ്രേക്ഷകര്‍ക്കായി പ്രിവ്യൂ ഷോ നടത്തുന്നത്. സെപ്റ്റംബര്‍ 20ന് നടക്കുന്ന പ്രിവ്യൂ ഷോയിലേക്ക് ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും സംവിധായകന്‍ ആര്‍ ബല്‍ക്കി അറിയിച്ചു. തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമായി ഒരുക്കുന്ന പ്രിവ്യൂ ഷോ സൗജന്യമായിരിക്കുമെന്നും ബല്‍ക്കി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ 23നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

Advertising
Advertising
Full View

ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബൽക്കി. ബൽക്കിയും രാജ സെന്നും റിഷി വിര്‍മാനിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലായിരിക്കും 'ഛുപ്' എന്നും സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ദുല്‍ഖര്‍ നായകനാവുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഛുപ്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ 'കര്‍വാന്‍' ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നിഖില്‍ ഖോഡ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടര്‍' ആണ് തൊട്ടടുത്ത ഹിന്ദി ചിത്രം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News