'ബ്രൂസ്‌ലി ബിജിയെപ്പോലെ മിന്നിത്തിളങ്ങൂ...'; വനിത ശിശുവികസന വകുപ്പിന്റെ വീഡിയോയിൽ ബേസിൽ ജോസഫ്

സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ മാത്രമെ പൂർണമായും സ്വതന്ത്രരാകൂ എന്നാണ് വീഡിയോ ചൂണ്ടിക്കാട്ടുന്നത്

Update: 2022-03-01 01:42 GMT
Advertising

വനിത ശിശുവികസന വകുപ്പിന്‍റെ പുതിയ വീഡിയോയില്‍ പങ്കാളിയായി സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. ഇനി വേണ്ട വിട്ടുവീഴ്ച്ച എന്ന ഹാഷ്ടാഗോടുകൂടി പുറത്തുവിട്ട വീഡിയോയില്‍ സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ മാത്രമെ പൂര്‍ണമായും സ്വതന്ത്രരാകൂ എന്നാണ് ചൂണ്ടിക്കാട്ടുന്നത്. 

മിന്നല്‍ മുരളിയിലെ ഉഷ എന്ന കഥാപാത്രത്തെപ്പോലെയല്ല, ബ്രൂസ്‌ലി ബിജിയെപ്പോലെ സ്വന്തം കാലില്‍ നില്‍ക്കാനും മിന്നിത്തിളങ്ങാനുമാണ് ബേസില്‍ 'മങ്ങാതെ മിന്നാം' എന്ന വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നത്. സിനിമയില്‍ ഉഷയ്ക്ക് ഓരോ കാലത്തും ഓരോരുത്തരെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഉഷയ്ക്ക് സ്വന്തമായി വരുമാനം ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമോ, ഭര്‍ത്താവ് ഉപേക്ഷിച്ച് പോയാലും അന്തസായി ജീവിക്കാമായിരുന്നില്ലേ മകളുടെ ചികിത്സ നടത്താമായിരുന്നില്ലേയെന്നും ബേസില്‍ ചോദിക്കുന്നു.

Full View 

മിന്നല്‍ മുരളിയിലെ ഹിറ്റ് ഗാനമായ ഉയിരേ...എന്ന പാട്ട് പാടിക്കൊണ്ടാണ് ബേസിലിന്‍റെ വീഡിയോ ആരംഭിക്കുന്നത്. "സ്ത്രീകള്‍ക്ക് ഫ്രീഡം മാത്രമല്ല, ഫിനാന്‍ഷ്യല്‍ ഫ്രീഡം കൂടി വേണം. അതുകൊണ്ട് ലേഡീസ്, നിങ്ങള്‍ ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം. സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ പൂര്‍ണ സ്വാതന്ത്ര്യം നേടൂ. ആരേയും ആശ്രയിക്കാതെ മിന്നിത്തിളങ്ങൂ. ഫിനാന്‍ഷ്യല്‍ ഫ്രീഡം നേടുന്നവരെ, ഇനി വേണ്ട വിട്ടുവീഴ്ച" എന്നുപറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. 

നേരത്തെ, കേരള പൊലീസിന്‍റെ റോഡ് സുരക്ഷ സംബന്ധിച്ച വീഡിയോയില്‍ മിന്നല്‍ മുരളിയായിതന്നെ നടന്‍ ടൊവിനോ തോമസ് പ്രത്യക്ഷപ്പെട്ടിരുന്നു. നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്മസ് റിലീസായാണ് മിന്നല്‍ മുരളി പ്രദര്‍ശനത്തിനെത്തിയത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന ലേബലിലെത്തിയ മിന്നല്‍മുരളി രാജ്യാന്തരതലത്തിലടക്കം ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News