ദുല്‍ഖറിനെ നായകനാക്കി ബിഗ് ബി പ്രീക്വല്‍; അണിയറയില്‍ ഒരുങ്ങുന്നത് വെബ് സീരീസ്, സംവിധാനം അമല്‍ നീരദ്?

ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

Update: 2022-09-07 09:21 GMT
Editor : ijas
Advertising

2007ല്‍ അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി പുറത്തുവന്ന ചിത്രമാണ് ബിഗ് ബി. തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിക്കാത്ത സിനിമ പിന്നീട് വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കുകയുണ്ടായി. കാലം തെറ്റിവന്ന സിനിമ എന്ന പേരില്‍ നിരന്തരം സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചാവിഷയമായ ബിഗ് ബിയുടെ തുടര്‍ച്ച സംവിധായകനായ അമല്‍ നീരദ് ബിലാല്‍ എന്ന പേരില്‍ പ്രഖ്യാപിച്ചിട്ട് നാളേറെയായിരുന്നു. ഇപ്പോഴിതാ ബിഗ് ബിയുടെ പ്രീക്വല്‍ വരുന്നതായിട്ടുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

നടന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കിയാണ് ബിഗ് ബിയുടെ പ്രീക്വല്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി അനശ്വരമാക്കിയ ബിലാല്‍ ജോണ്‍ കുരിശിങ്കലിന്‍റെ മുംബൈ അധോലോക കാലഘട്ടമാകും സിനിമയുടെ പ്രമേയം. ഇതില്‍ മുപ്പത് വയസ്സ് പ്രായമുള്ള ബിലാല്‍ ആയാകും ദുല്‍ഖര്‍ സല്‍മാന്‍ എത്തുക. ചിത്രം വെബ് സീരീസ് ആയിട്ടാണ് ഒരുങ്ങുകയെന്നും ബിഗ് ബി സംവിധാനം നിര്‍വ്വഹിച്ച അമല്‍ നീരദ് തന്നെയാകും വെബ് സീരീസും സംവിധാനം ചെയ്യുകയെന്നും ഒ.ടി.ടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതെ സമയം ദുല്‍ഖര്‍ നായകനായ രാജ്, ഡി.കെ സംവിധാനം ചെയ്ത 'ഗണ്‍സ് ആന്‍റ് ഗുലാബ്സ്' എന്ന വെബ് സീരീസ് നെറ്റ്ഫ്ലിക്സില്‍ റിലീസിനൊരുങ്ങുകയാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സീരീസില്‍ ദുല്‍ഖറിനൊപ്പം രാജ്കുമാര്‍ റാവുവും ആദര്‍ശ് ഗൗരവും പ്രധാന വേഷങ്ങളിലെത്തുന്നു.സീതാരാമമാണ് ദുല്‍ഖറിന്‍റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഭീഷ്മപര്‍വ്വമാണ് അമല്‍ നീരദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവുമൊടുവിലെ ചിത്രം.

2007 ഏപ്രില്‍ 14നാണ് ബിഗ് ബി റിലീസ് ചെയ്യുന്നത്. മലയാളത്തിലെ എണ്ണം പറഞ്ഞ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളില്‍ ഒന്നായ ബിഗ് ബിയുടെ തിരക്കഥ ഉണ്ണി ആറും അമല്‍ നീരദും ചേര്‍ന്നാണ് ഒരുക്കിയത്. മനോജ് കെ ജയന്‍, സുമി നവാല്‍, പശുപതി, വിജയരാഘവന്‍, ഷെര്‍വീര്‍ വകീല്‍, ലെന, മംമ്ത മോഹന്‍ദാസ്, സന്തോഷ് ജോഗി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സമീര്‍ താഹിറായിരുന്നു ഛായാഗ്രഹകന്‍.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News