"മലയാള സിനിമയില്‍ ആണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്, ഇരകളെ നേരിട്ടറിയാം": അതിജീവിത

'റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗിക കയ്യേറ്റം നേരിട്ട ആണ്‍കുട്ടികളെ നേരിട്ടറിയാം'

Update: 2022-06-18 14:53 GMT
Editor : ijas

മലയാള സിനിമാ മേഖലയില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് നടൻ വിജയ് ബാബുവിനെതിരെ പരാതി നൽകിയ അതിജീവിത. റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗിക കയ്യേറ്റം നേരിട്ട ആണ്‍കുട്ടികളെ നേരിട്ടറിയാമെന്നും ആണും പെണ്ണും ലൈംഗികമായി ചിലരാല്‍ ദുരുപയോഗിക്കപ്പെടുന്നുണ്ടെന്നും റെപ്യൂട്ടേഷന്‍ ഭയന്നാണ് പലരും തുറന്നുപറയാത്തതെന്നും അതിജീവിത പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഒരുപാട് നല്ല മനുഷ്യരുണ്ടെന്നും ചൂഷണം ചെയ്യുന്നവരാണ് ഈ ഇന്‍ഡസ്ട്രിയെ മോശമാക്കുന്നതെന്നും ഇവർ തുറന്നു കാട്ടപ്പെടണമെന്നും അതിജീവിത പറഞ്ഞു.

Advertising
Advertising

ദുബൈയില്‍ വെച്ച് വിജയ് ബാബു ഒരു സുഹൃത്ത് വഴി ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അതിജീവിത നടത്തിയിട്ടുണ്ട്. തനിക്ക് പൈസ വാങ്ങി സുഖമായി ജീവിക്കാമായിരുന്നുവെന്നും എന്നാല്‍ ആ പാതയല്ല തെരഞ്ഞെടുത്തതെന്നും ആ ആര്‍ജ്ജവമുള്ള തീരുമാനത്തിനാണ് ഈ കല്ലേറുകളെല്ലാം വാങ്ങുന്നതെന്നും നടി പറഞ്ഞു.

പരാതി കൊടുക്കരുതെന്ന് പറഞ്ഞ് വിജയ് ബാബു കെഞ്ചിയിരുന്നതായും അവർ വെളിപ്പെടുത്തി. 'ഞാനെന്ത് ഡീലിനും റെഡിയാണ്, നീ എന്നോടു പറ എന്നും അയാൾ പറഞ്ഞിരുന്നു. എന്റെ ആരോപണം വ്യാജമായിരുന്നെങ്കിൽ ഈ ഡീലിന് നിന്നു കൊടുക്കുന്നതല്ലായിരുന്നോ ഏറ്റവും സൗകര്യമുള്ള കാര്യം? നീ എന്നോട് ചെയ്തതിന് നീ അർഹിക്കുന്നത് നിനക്ക് ലഭിക്കും എന്ന് പറഞ്ഞാണ് ആ വാട്സാപ്പ് സംഭാഷണം ഞാൻ അവസാനിപ്പിക്കുന്നത്. ഞാൻ ഇയാളിൽനിന്ന് കാശ് വാങ്ങിച്ചെന്നും കാശ് ചോദിച്ചെന്നുമാണ് ഇയാൾ പരാതി പറയുന്നത്. അങ്ങനെ ഞാൻ കാശ് ചോദിച്ചതിന്റെയോ മറ്റോ എന്തെങ്കിലും സ്‌ക്രീൻ ഷോട്ടുണ്ടെങ്കിൽ ഞാൻ സമ്മതിച്ചു തരാം.'

വിജയ് ബാബുവിന്‍റെ സിനിമയിൽ അഭിനയിച്ചതിന് ഇരുപതിനായിരം രൂപ മാത്രമാണ് പ്രതിഫലം തന്നതെന്നും അതിജീവിത പറഞ്ഞു. ഇതാണ് ലക്ഷങ്ങളുടെ ഇടപാടായി പറയുന്നത്. അതു തന്നിട്ടുണ്ടെങ്കിൽ കാണിക്കട്ടെ. സമ്മതിക്കാം. അയാൾ ലൈവിൽ പറഞ്ഞതൊക്കെ ഓർമയുണ്ട്- അവർ കൂട്ടിച്ചേർത്തു. കാശുള്ള തന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന ഭാവമാണ് വിജയ് ബാബുവിന് ഉണ്ടായിരുന്നത് എന്നും അതിജീവിത പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News