പ്രായപൂർത്തിയാകാത്ത കുട്ടിയോട് അസഭ്യ ചോദ്യങ്ങള്‍ ചോ​ദിച്ചു; ഡാൻസ് റിയാലിറ്റി ഷോക്കെതിരെ ബാലാവകാശ കമ്മീഷൻ

സോണി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഡാൻസ് റിയാലിറ്റി ഷോയാണ് സൂപ്പർ ഡാൻസർ ചാപ്റ്റർ മൂന്ന്.

Update: 2023-07-27 16:30 GMT
Editor : anjala | By : Web Desk
Advertising

മുംബെെ: ടെലിവിഷൻ നൃത്ത റിയാലിറ്റി ഷോയായ സൂപ്പർ ഡാൻസർ ചാപ്റ്റർ മൂന്നിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. പ്രായപൂർത്തിയാകാത്ത കുട്ടിയോട് മാതാപിതാക്കളെ കുറിച്ച് അസഭ്യമായ ചോദ്യങ്ങൾ ചോദിച്ചതിനെ തുടർന്നാണ് നോട്ടീസ് അയച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഈ ദൃശ്യങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യണമെന്നും ചാനൽ അധികൃതരോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ ഷോയിൽ കുട്ടിയോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചതിന്റെ കാരണവും തേടി. കുട്ടികളിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന കാര്യങ്ങൾ പരിപാടികളിൽ ചോദിക്കാൻ പാടില്ലെന്നും കമീഷൻ നോട്ടീസിൽ പറയുന്നു.

'സോണി എന്റർടൈൻമെന്റ് ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഡാൻസർ ചാപ്റ്റർ മൂന്ന് എന്ന കുട്ടികളുടെ ഡാൻസ് ഷോയിൽ നിന്നുള്ള ഒരു വീഡിയോ ട്വിറ്ററിൽ കാണാനിടയായി. ഷോയിലെ വിധികർത്താക്കൾ പ്രായപൂർത്തിയാകാത്ത കുട്ടിയോട് സ്റ്റേജിൽ വെച്ച് അവന്റെ മാതാപിതാക്കളെക്കുറിച്ച് അശ്ലീലമായ ചോദ്യങ്ങൾ ചോദിക്കുന്നതായി കാണുന്നു' എന്ന് കമ്മീഷൻ നോട്ടീസിൽ പറഞ്ഞു.

സോണി എന്റർടൈൻമെന്റ് നെറ്റ്‌വർക്കിന്റെ പ്രവർത്തനങ്ങൾ ജുവനൈൽ ജസ്റ്റിസ് ആക്‌റ്റ് 2015, ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ് 2000, വിനോദ വ്യവസായത്തിൽ കുട്ടികളുടെയും കൗമാരക്കാരുടെയും പങ്കാളിത്തം സംബന്ധിച്ച കമ്മീഷന്റെ മാർഗ്ഗനിർദേശങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള വ്യവസ്ഥകൾ ലംഘിച്ചതായി എൻ.സി.പി.സി.ആർ നോട്ടീസിൽ പറയുന്നു.

സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്കുകൾ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സോണി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഡാൻസ് റിയാലിറ്റി ഷോയാണ് സൂപ്പർ ഡാൻസർ ചാപ്റ്റർ മൂന്ന്. ബോളിവുഡ് താരമായ ശിൽപ ഷെട്ടി,‍‍ ഡാൻസ് കൊറിയോഗ്രാഫർ ഗീത കപൂർ, സംവിധായകൻ അനുരാഗ് ബസു എന്നിവരാണ് പരിപാടിയുടെ വിധി കർത്താക്കൾ. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News