വീട്ടുജോലിക്കാരനെ മർദിച്ചെന്ന പരാതി; നടി പാർവതി നായർക്കെതിരെ കേസ്

മോഷണം ആരോപിച്ച് നടിയും സഹായികളും ചേർന്ന് മർദിച്ചെന്നാണ് പരാതി.

Update: 2024-09-22 10:10 GMT

ചെന്നൈ: വീട്ടുജോലിക്കാരനെ മർദിച്ചെന്ന പരാതിയിൽ നടി പാർവതി നായർക്കെതിരെ കേസ്. സുഭാഷ് ചന്ദ്രബോസ് എന്നയാളുടെ പരാതിയിൽ പാർവതി നായർ, സഹായികൾ, നിർമാതാവ് രാജേഷ് എന്നിവരടക്കം ഏഴ് പേർക്കെതിരെയാണ് തമിഴ്നാട് പൊലീസ് കേസെടുത്തത്.

മോഷണം ആരോപിച്ച് നടിയും സഹായികളും ചേർന്ന് തന്നെ മർദിച്ചെന്നാണ് സുഭാഷിന്റെ പരാതി. കോടതി നിർദേശത്തെ തുടർന്നാണ് പൊലീസിന്റെ നടപടി. തന്റെ പരാതി പൊലീസ് സ്വീകരിക്കാതിരുന്നതോടെ സുഭാഷ് സൈദാപേട്ട കോടതിയെ സമീപിക്കുകയായിരുന്നു.

വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 2022ൽ പാർവതി നായർ ചെന്നൈ പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടുജോലിക്കാരനായ സുഭാഷിനെയാണ് സംശയമെന്നും നടി പരാതിയിൽ പറഞ്ഞിരുന്നു. വീട്ടിൽനിന്ന് ഒമ്പത് ലക്ഷം രൂപയും ഐഫോണും ലാപ്ടോപ്പും കാണാതായെന്നാണ് നടി ചെന്നൈ പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.

Advertising
Advertising

ഇതിന് പിന്നാലെ നടിയും സഹായികളും ചേർന്ന് തന്നെ മർദിച്ചെന്നാണ് സുഭാഷിന്റെ പരാതി. തന്നെ ആക്രമിച്ച ശേഷം മുറിയിൽ അടച്ചിട്ടെന്നും ഇയാളുടെ പരാതിയിൽ പറഞ്ഞിരുന്നു.

അതേസമയം, വീട്ടുജോലിക്കാരനെ മർദിച്ചെന്ന ആരോപണം നടി നിഷേധിച്ചു. പണവും മറ്റ് സാമഗ്രികളും മോഷണം പോയത് സംബന്ധിച്ച് സുഭാഷിനോട് ആരാഞ്ഞെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും പാർവതി നായർ വ്യക്തമാക്കി.

വിജയ് നായകനായ ​'ഗോട്ട്' എന്ന സിനിമയിലെ നായികയാണ് പാർവതി നായർ. 'ഡി കമ്പനി'യടക്കം വിവിധ മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ശിവകാർത്തികേയൻ നായകനായ 'അയലാൻ' എന്ന ചിത്രത്തിന്റെ നിർമാതാവാണ് രാജേഷ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News