മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അനുകരിക്കാറുണ്ട്, എന്‍റെ കോലം ഇതായതുകൊണ്ട് അതാര്‍ക്കും മനസിലാവാറില്ലെന്നു മാത്രം; മനസ് തുറന്ന് ഇന്ദ്രന്‍സ്

വായിച്ച ഏതെങ്കിലും കഥാപാത്രങ്ങള്‍ അഭിനയിക്കുമ്പോള്‍ കൂട്ടിനെത്താറുണ്ട്

Update: 2022-09-14 07:10 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹാസ്യനടനില്‍ നിന്നും സ്വഭാവനടനിലേക്കുള്ള ഇന്ദ്രന്‍സിന്‍റെ മാറ്റം വളരെ പതിയെ ആയിരുന്നു. പക്ഷെ അതൊരു വലിയ മാറ്റം തന്നെയായിരുന്നു. ഓരോ കഥാപാത്രങ്ങളിലൂടെ ഇന്ദ്രന്‍സ് വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ഇന്ദ്രന്‍സിന്‍റെ സമകാലീനരായ നടന്‍മാര്‍ അപ്രധാന വേഷങ്ങളിലേക്ക് ചുരുങ്ങിയപ്പോള്‍ പുതിയ സിനിമകളില്‍ ഇന്ദ്രന്‍സ് അവിഭാജ്യ ഘടകമായി മാറി. വായന തന്‍റെ അഭിനയ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുകയാണ് താരം. ഇന്ദ്രന്‍സിന്‍റെ ആത്മകഥയിലെ ആദ്യഭാഗങ്ങള്‍ എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നടന്‍ മനസ് തുറന്നത്.

വായിച്ച ഏതെങ്കിലും കഥാപാത്രങ്ങള്‍ അഭിനയിക്കുമ്പോള്‍ കൂട്ടിനെത്താറുണ്ട്. ഈ കഥാപാത്രങ്ങളെപ്പോലെ തന്നെ ഞാന്‍ പ്രേംനസീറിനെയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമെല്ലാം അനുകരിക്കാറുണ്ട്. എന്‍റെ കോലം ഇതായതുകൊണ്ട് അതാര്‍ക്കും മനസിലാവാറില്ലെന്നു മാത്രം. ഉച്ചത്തിലാണ് എന്‍റെ വായന.ഭാര്യ ശാന്തയാണ് അതിന് സഹായിക്കുന്നത്.പുസ്തകമായാലും തിരക്കഥ ആയാലും ഇങ്ങനെയാണ്. ഹോട്ടല്‍മുറിയില്‍ തനിച്ചാണെങ്കില്‍ ഉറക്കെ വായിക്കുക പതിവാണ്...ഇന്ദ്രന്‍സ് പറയുന്നു.

തനിക്ക് അഭിനയിക്കാന്‍ അവസരം നല്‍കിയ സംവിധായകരെക്കുറിച്ചും ഇന്ദ്രന്‍സ് പറയുന്നുണ്ട്. സുരേഷ് ഉണ്ണിത്താനോടാണ് അഭിനയമോഹത്തെക്കുറിച്ച് ആദ്യം പറയുന്നത്. പിന്നീട് ഗാന്ധിമതി ബാലന്‍ വഴി ഭദ്രന്‍റെ സ്ഫടികത്തിലെത്തുന്നത്. സിനിമയിലെ കോസ്റ്റ്യൂമറായിരുന്നു ഇന്ദ്രന്‍സ്. ഒപ്പം ആടുതോമയുടെ കടുത്ത ആരാധകനായ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. നല്ല നടനാവും എന്നു പറഞ്ഞ ഭദ്രന്‍ ഇന്ദ്രന്‍സിന് 100 രൂപ സമ്മാനിക്കുകയും ചെയ്തു. ഉണ്ണിത്താന്‍ വഴിയാണ് സിബി സാറിലേക്കും ലോഹിതദാസിലേക്കും എത്തിയത്. മാലയോഗത്തില്‍ അഭിനയിക്കുന്ന സമയത്താണ് സിനിമാവാരികയില്‍ എന്‍റെ ഫോട്ടോ അച്ചടിച്ചുവന്നത്. ധനം സിനിമയില്‍ തിലകന്‍ ചേട്ടന്‍ ഭക്ഷണത്തിന്‍റെ രുചി പറയുമ്പോള്‍ എന്‍റെ റിയാക്ഷന്‍ വേണം. ലോഹി സാറ് അടുത്തിരുത്തിയാണ് അത് പഠിപ്പിച്ചു തന്നത്.

കമല്‍ സാറുമായി നല്ല സൗഹൃദമുണ്ടെങ്കിലും ആമി,സെല്ലുലോയ്ഡ് എന്നീ സിനികളില്‍ മാത്രമേ അഭിനയിക്കാന്‍ പറ്റിയുള്ളൂ. ഏതെങ്കിലും ഒരു നല്ല വേഷം സാറ് എനിക്കു വേണ്ടി കരുതി വയ്ക്കുമെന്ന് കരുതുന്നു. പുതിയ തലമുറയിലെ സിനിമാപ്രവര്‍ത്തകര്‍ അസാമാന്യ കഴിവുള്ളവരാണ്. അവരുടെ മനസ് നിറയെ സിനിമയാണ്. ആളൊരുക്കം പോലുള്ള സിനിമകളൊക്കെ ഇത്തരത്തിലുള്ളതാണ്. മുന്‍പ്ഒ സംവിധാനം ചെയ്യാത്ത സംവിധായകനാണ് വി.സി അഭിലാഷ്. ഹോം ചെയ്ത റോജന്‍ തോമസും നല്ല പ്രതിഭയാണ്. കോവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടി ചെയ്ത സിനിമയാണ് ഹോം. റോജന്‍ തോമസ് എന്ന മിടുക്കനായ സംവിധായകന്‍റെയും അണിയറപ്രവര്‍ത്തകരുടെയും ഒരു വലിയ ശ്രമം ആ സിനിമയുടെ പിന്നിലുണ്ട്. ഒടിടിയിലൂടെ ഒരു പക്ഷേ ലോകം മുഴുവന്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമയും അതായിരിക്കും. ആ സിനിമക്ക് അര്‍ഹമായ ഏതെങ്കിലും അംഗീകാരം പ്രതീക്ഷിച്ചിരുന്നു. വ്യക്തപരമായി അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. വിവാദത്തില്‍ ഇടപെടാതെ മാറിനില്‍ക്കാനാണ് ശ്രമിച്ചത്. ചില മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിപ്പോള്‍ ചില കാര്യങ്ങള്‍ പറയേണ്ടി വന്നു. ആരെയും വിഷമിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ ആയിരുന്നില്ല. ഒരു കലാകാരനായി ജീവിക്കാന്‍ കഴിയുന്നതാണ് അഭിമാനം. ഏതൊരാളെയും പോലെ പച്ചമനുഷ്യനാണല്ലോ ഓരോ കലാകാരനും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News