''ആരാണ് ആ ക്രൂക്ക്ഡ് ആയ, അതിലും ക്രിയേറ്റീവ് ആയ ബ്രില്ല്യന്‍റ് കില്ലര്‍?''

പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കി 'കോള്‍ഡ് കേസ്' ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍

Update: 2021-06-23 10:01 GMT
By : Web Desk

വല്ലാത്തൊരു ആകാംക്ഷയാണ്, കടലോളമുണ്ട് ഉത്തരം കിട്ടാത്ത ചോദ്യങ്ങളും കണ്ടെത്താത്ത രഹസ്യങ്ങളും എന്ന നരേഷനിലൂടെ കടന്നുപോകുന്ന കോള്‍ഡ് കേസിന്‍റെ ട്രെയിലര്‍ പ്രേക്ഷകരിലുണ്ടാക്കുന്നത്. ഒരു തലയോട്ടി കണ്ടെടുക്കുന്നതും അതിന് പിന്നിലെ അന്വേഷണവും കൊലപാതകിയെ തേടിയുള്ള യാത്രയുമാണ് ചിത്രത്തിന്‍റെ പ്രമേയം. ആരാണ് ആ ക്രൂക്ക്ഡ് ആയ, അതിലും ക്രിയേറ്റീവ് ആയ ബ്രില്ല്യന്‍റ് കില്ലര്‍ എന്ന നായകന്‍റെ ചോദ്യവും, ആ പസിളാണ് സോള്‍വ് ചെയ്യേണ്ടത് എന്ന നായികയുടെ ചിന്തയും പ്രേക്ഷകരെയും ത്രില്ലടിപ്പിക്കുന്നുണ്ട്. ഒരേ സമയം ഹൊററും അമാനുഷിക ശക്തികളും ഇന്‍വെസ്റ്റിഗേഷനും ഒന്നിക്കുന്ന ത്രില്ലര്‍ അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് കോള്‍ഡ് കേസ്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ജൂണ്‍ 30ന് കോള്‍ഡ് കേസ് റിലീസ് ചെയ്യും.

Advertising
Advertising

വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നുവെന്നതും‍, ഒടിടിയില്‍ റിലീസാകുന്ന പൃഥ്വിരാജിന്‍റെ ആദ്യചിത്രമാണ് എന്ന പ്രത്യേകതയും കോള്‍ഡ് കേസിനുണ്ട്. സങ്കീര്‍ണമായ ആ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാനെത്തുന്ന തിരുവനന്തപുരത്തെ സമര്‍ഥനായ പൊലീസ് ഉദ്യോഗസ്ഥന്‍ എസിപി സത്യജിത്ത് ആയിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നത്.. അതേ കേസിനെ കുറിച്ച് അന്വേഷിക്കുന്ന ഒരു അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക മേധാ പത്മജയായി, അരുവി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി ബാലനും എത്തുന്നു. അയ്യപ്പനും കോശിക്കും, നായാട്ടിനും ശേഷം അനില്‍ നെടുമങ്ങാടിന്‍റെ മറ്റൊരു പോലീസ് വേഷം കൂടി ചിത്രത്തില്‍ കാണാം. വ്യത്യസ്തമായ ഒരു കഥാപാത്രവുമായി സുചിത്ര പിള്ളയും എത്തുന്നു. ലക്ഷ്മിപ്രിയ,അലന്‍സിയര്‍, ആത്മീയ എന്നിവരാണ് മറ്റ് താരങ്ങള്‍.



ഛായാഗ്രഹകനും പരസ്യചിത്രമേഖലയില്‍ അനവധി വര്‍ഷങ്ങളുടെ പാരമ്പര്യവുമുള്ള തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്നചിത്രമാണ് കോള്‍ഡ് കേസ്. ആന്‍റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. ശ്രീനാഥ് വി നാഥ് ആണ് തിരക്കഥ. സൂഫിയും സുജാതയും, സീയു സൂണ്‍, ജോജി, ഹലാല്‍ ലൌവ് സ്റ്റോറി, ദൃശ്യം 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമസോണ്‍ പ്രൈം വീഡിയോ റിലീസ് ചെയ്യുന്ന ആറാമത്തെ മലയാളം മൂവിയാണ് കോള്‍ഡ് കേസ്.

Full View


Tags:    

By - Web Desk

contributor

Similar News