ട്രോളുകൾ കൈകാര്യം ചെയ്യുക പ്രയാസമായിരുന്നു, പിന്നീട് അത് ശീലമായി: പ്രിയ വാര്യർ

തങ്ങളും മനുഷ്യരാണെന്ന കാര്യം ആളുകൾ മറക്കുന്നുവെന്നും നിരവധി നടന്മാർ ട്രോളുകളെയും അധിക്ഷേപങ്ങളെയും അഭിമുഖീകരിക്കുന്നുണ്ടെന്നും പ്രിയ വാര്യർ

Update: 2022-08-11 16:42 GMT
Editor : afsal137 | By : Web Desk
Advertising

2018 ൽ ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രശസ്തിയാർജിച്ച നടി പ്രിയ വാര്യർ രാജ്യാന്തര തലത്തിൽതന്നെ ഏവർക്കും സുപരിചിതയാണ്. അടുത്തിടെ കൊച്ചി ടൈംസിന് പ്രിയവാര്യർ നൽകിയ അഭിമുഖത്തിലെ ഏതാനും പരാമർശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. തുടക്കത്തിൽ ട്രോളുകളും അധിക്ഷേപങ്ങളും കൈകാര്യം ചെയ്യുകയെന്നത് തനിക്ക് പ്രയാസമായിരുന്നുവെന്നും പിന്നീട് കാലക്രമേണ അത് ശീലമായെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി. അത്തരം കാര്യങ്ങൾ ആളുകളുടെ വിനോദത്തിന്റെ ഭാഗമാണെന്നും ഓരോ നടന്മാരും അത്തരം ട്രോളുകളെയും അധിക്ഷേപങ്ങളെയും അഭിമുഖീകരിക്കുന്നുണ്ടെന്നും പ്രിയ വാര്യർ കൂട്ടിച്ചേർത്തു.

തങ്ങളും മനുഷ്യരാണെന്ന കാര്യം ആളുകൾ മറക്കുന്നു. ട്രോളുകളും മറ്റും പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരുന്നു. പ്രത്യേകിച്ചും കോവിഡിന്റെ സമയത്ത്, എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ ഉത്കണ്ഠയുണ്ടായിരുന്നുവെന്നും തനിക്ക് അസ്വസ്ഥത തോന്നിയെന്നും പ്രിയ വാര്യർ പറഞ്ഞു. തന്റെ 20കളുടെ തുടക്കത്തിലാണ് പ്രിയ വാര്യർ ഇതെല്ലാം നേരിടുന്നത്. ഈ സമയം നന്നായി ജോലി ചെയ്യുകയും കൂടുതൽ തിരക്കുപിടിക്കുകയും ചെയ്യേണ്ട സമയമാണെന്ന് തോന്നിയിരുന്നു. എന്നാൽ വർഷങ്ങൾ കടന്നുപോയി. താൻ ആഗ്രഹിച്ച തരത്തിലുള്ള വളർച്ച തനിക്ക് നേടാനായില്ലെന്നും സമൂഹമാധ്യമങ്ങളിൽ നിന്നുണ്ടാകുന്ന സമ്മർദം വളരെയധികം കൂടുതലായിരുന്നുവെന്നും പ്രിയ വാര്യർ വ്യക്തമാക്കി.

''എന്തുകൊണ്ടാണ് എനിക്ക് ഇത്ര ഹൈപ്പ് ലഭിച്ചതെന്നും ഇത്തരമൊരു തകർച്ചയുണ്ടായതെന്നും ഒരിക്കലും കണ്ടെത്താനായില്ല. നല്ല സിനിമകളുടെ ഭാഗമാകുന്നതിൽ മാത്രമാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് മാത്രമാണ് ഇപ്പോൾ എന്റെ ലക്ഷ്യം''- പ്രിയവാര്യർ പറഞ്ഞു. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാന രംഗത്തിലെ രംഗമാണ് പ്രിയയുടെ തലവര മാറ്റിയത്. ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ ഫോള്ളോവെഴ്‌സിന്റെ എണ്ണം മില്യൺ അടിച്ചു. മലയാളത്തിലെ സൂപ്പർ താരങ്ങളെ വരെ പിന്നിലാക്കി കൊണ്ടായിരുന്നു ഇത്. ഇതോടെ ഒമർ ലുലുവിന് പ്രിയയ്ക്ക് വേണ്ടി സിനിമയുടെ കഥ തന്നെ മാറ്റേണ്ടി വന്നു. നായികയാകേണ്ടിയിരുന്ന പുതുമുഖം നൂറിൻ ഷെരീഫിന് പകരം പ്രിയാ വാര്യരെ നായികയാക്കി.

എന്നാൽ പ്രശസ്തി വർധിക്കുന്നതിനനുസരിച്ച് നടിക്കെതിരെ സൈബർ ട്രോളുകളും സൈബർ ആക്രമങ്ങളും വർധിച്ചു. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദങ്ങളും സിനിമയുടെ പരാജയവും സൈബർ ആക്രമങ്ങളുടെ ആക്കം കൂട്ടുകയായിരുന്നു. അതിനിടയിൽ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച പ്രിയ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. ഇപ്പോൾ ലവ് ഹാക്കേഴ്സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ് പ്രിയ പ്രകാശ് വാര്യർ. ഡാർക്ക് വെബിനെയും സൈബർ കുറ്റവാളികളെയും കുറിച്ചു പറയുന്ന സിനിമയുടെ ചിത്രീകരണം പ്രിയ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ചിത്രത്തിൽ സൈബർ ആക്രമണത്തിന് ഇരയായ യുവതി ആയിട്ടാണ് പ്രിയ അഭിനയിക്കുന്നത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News