കുട്ടിക്കാലത്ത് പൂക്കൾ ശേഖരിച്ച് വിറ്റാണ് ഇഡ്ഡലി കഴിക്കാൻ കാശുണ്ടാക്കിയതെന്ന് ധനുഷ്; പ്രമുഖ സംവിധായകന്റെ മകന് ഇത്രയും ദാരിദ്ര്യമോയെന്ന് ആരാധകര്‍

പബ്ലിസിറ്റിക്ക് വേണ്ടി മാത്രം കള്ളം പറയരുതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനം

Update: 2025-09-16 05:21 GMT
Editor : Lissy P | By : Web Desk

ചെന്നൈ: ധനുഷ് സംവിധാനം ചെയ്ത് നായകനായി എത്തുന്ന സിനിമയാണ് 'ഇഡ്‌ലി കടൈ'. ഒക്ടോബര്‍ ഒന്നിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.  'തിരുച്ചിത്രമ്പലം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിത്യമേനോന്‍-ധനുഷ് കോമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ഞായറാഴ്ച ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. ചടങ്ങില്‍ ധനുഷ് പങ്കുവെച്ച കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 

കുട്ടിക്കാലത്ത് ഇഡ്ഡലി കഴിക്കാൻ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്നും, പക്ഷേ അത് വാങ്ങിക്കഴിക്കാന്‍ കുടുംബത്തിന് പണമില്ലായിരുന്നുവെന്നുമാണ് ധനുഷ് പറഞ്ഞത്."കുട്ടിക്കാലത്ത് എനിക്ക് എല്ലാ ദിവസവും ഇഡ്ഡലി കഴിക്കാൻ കൊതിയായിരുന്നു, പക്ഷേ എനിക്കത് അത് വാങ്ങാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞങ്ങൾ അയൽപക്കത്ത് നിന്ന് പൂക്കൾ ശേഖരിക്കാൻ തുടങ്ങി. ദിവസവും ഞങ്ങൾ ശേഖരിക്കുന്ന പൂക്കളുടെ അളവിനെ അടിസ്ഥാനമാക്കിയായിരിക്കും ഞങ്ങൾക്ക് പണം ലഭിക്കുക. എന്റെ സഹോദരിയും ബന്ധുക്കളും ഞാനും പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് രണ്ട് മണിക്കൂറിലധികം പൂക്കള്‍ ശേഖരിക്കുമായിരുന്നു'..ധനുഷ് പറഞ്ഞു. രണ്ടര രൂപയൊക്കെയാണ് പൂക്കള്‍ വിറ്റാല്‍ കിട്ടുക. അതുംകൊണ്ട് നേരെ കടയില്‍ പോയി നാലഞ്ച് ഇഡ്‌ലികള്‍ കഴിക്കും. അന്ന് ആ പണം കൊണ്ട് ഇഡ്ഡലി കഴിച്ചപ്പോൾ കിട്ടിയിരുന്ന സംതൃപ്തി ഇപ്പോള്‍ എവിടെയും  കിട്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്‍റെ ഓര്‍മ്മകളിലാണ്  തന്റെ ചിത്രത്തിന് 'ഇഡ്ഡലി കടൈ' എന്ന് പേരിട്ടതെന്നെന്നും ധനുഷ്  വെളിപ്പെടുത്തി.

Advertising
Advertising

അതേസമയം,ധനുഷിന്‍റെ പ്രതികരണം വ്യാപക വിമര്‍ശനത്തിനും ട്രോളുകള്‍ക്കുമിടയാക്കി.പ്രമുഖ സംവിധായകന്‍  കസ്തൂരി രാജയുടെ മകനായ ധനുഷിന് ഇഡ്ഡലി വാങ്ങാൻ പോലും പണമില്ലായിരുന്നുവെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.ധനുഷ് സംവിധായകന്റെ മകനാണ്. അദ്ദേഹത്തിന് പണമില്ലായിരുന്നു എന്നത് പച്ചക്കള്ളമാണെന്നും ചിലര്‍ പ്രതികരിച്ചു. അല്ലെങ്കില്‍ പിതാവായ കസ്തൂരി രാജ ഒരിക്കലും കുടുംബത്തിനായി പണം നല്‍കിയിട്ടുണ്ടാകില്ലെന്നായിരുന്നു മറ്റൊരു കമന്‍റ്, 

'ധനുഷിന് 8-9 വയസ്സുള്ളപ്പോൾ, നിങ്ങളുടെ അച്ഛൻ 4-5 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്, ഇഡ്ഡലി വാങ്ങാൻ നിങ്ങളുടെ കൈവശം പണമില്ലെന്ന് നിങ്ങൾ പറയുന്നു...  പബ്ലിസിറ്റിക്ക് വേണ്ടി മാത്രം കള്ളം പറയരുതെന്നാണ്'  ഒരാള്‍ എക്സില്‍ പോസ്റ്റ് ചെയ്തത്.

അതേസമയം,ധനുഷിനെ പിന്തുണച്ചും നിരവധി പേരെത്തി. 'ധനുഷ് പറഞ്ഞത് ശരിയാണ്!!! കുട്ടിക്കാലത്തെ ഭക്ഷണങ്ങളുടെ രുചിയൊന്നും ഇന്ന് ലഭിക്കുന്നില്ലെന്ന് ഒരാള്‍ പറഞ്ഞു. എന്റെ സ്കൂളിനടുത്ത് 2.5 രൂപയ്ക്ക് വിറ്റ ഒരു സമൂസ എനിക്ക് ഓർമ്മയുണ്ട്! അന്ന് എനിക്കത് വാങ്ങാൻ കഴിഞ്ഞിരുന്നില്ല.  ഇപ്പോൾ എനിക്ക് ഭക്ഷണത്തിനായി എത്ര വേണമെങ്കിലും ചെലവഴിക്കാം, പക്ഷേ അന്നത്തെ ആ രുചി ലഭിക്കുന്നില്ല." എന്നായിരുന്നു ഒരാളുടെ കമന്‍റ്.

ധനുഷിനും നിത്യ മേനോനും പുറമെ അരുൺ വിജയ്, ശാലിനി പാണ്ഡെ, സത്യരാജ്, ആർ. പാർഥിബൻ, പി. സമുദ്രക്കനി, രാജ്കിരൺ എന്നിവരും കടൈയിൽ  അഭിനയിക്കുന്നുണ്ട്. ചിത്രത്തിൻ്റെ സഹനിർമ്മാണവും ധനുഷ് തന്നെയാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News