'നല്ലൊരു ഭര്‍ത്താവായിരുന്നില്ല അദ്ദേഹം, പക്ഷെ നല്ലൊരു അച്ഛനായിരുന്നു'; ധര്‍മേന്ദ്രയെക്കുറിച്ച് ആദ്യഭാര്യ പ്രകാശ് കൗര്‍ അന്ന് പറഞ്ഞത്
1954ൽ തന്‍റെ 19-ാമത്തെ വയസിലായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യവിവാഹം
മുംബൈ: പ്രണയനായകൻമാരും ദുരന്തനായകൻമാരും അരങ്ങുവാണിരുന്ന ബോളിവുഡിൽ പൗരുഷം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ ആരാധകരെ നേടിയെടുത്ത താരമായിരുന്നു ധര്‍മേന്ദ്ര. പ്രണയവും ആക്ഷനും വികാരനിര്‍ഭരങ്ങളായ രംഗങ്ങളും നിറഞ്ഞ ഒരു ഹിറ്റ് സിനിമ പോലെ തന്നെയായിരുന്നു ധര്‍മേന്ദ്രയുടെ ജീവിതവും. അതിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു ഡ്രീംഗേൾ ഹേമമാലിനി. ധര്‍മേന്ദ്രയുടെ രണ്ടാം ഭാര്യ.മിക്ക ബോളിവുഡ് പ്രണയകഥകളും വലിയ സ്‌ക്രീനിൽ തന്നെ നിലനിൽക്കുമ്പോൾ ഹേമമാലിനിയുടെയും ധർമ്മേന്ദ്രയുടെയും പ്രണയം ഒരു യഥാർഥ ജീവിത ക്ലാസിക്കായി മാറി.
1954ൽ തന്‍റെ 19-ാമത്തെ വയസിലായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യവിവാഹം. പ്രകാശ് കൗറായിരുന്നു ആദ്യഭാര്യ. ഈ ബന്ധത്തിലുള്ള മക്കളാണ് സണ്ണി ഡിയോളും ബോബി ഡിയോളും വിജേതയും അജിതയും.
1970-ൽ 'തു ഹസീൻ മേം ജവാൻ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ധർമ്മേന്ദ്രയും ഹേമമാലിനിയും ആദ്യമായി കണ്ടുമുട്ടുന്നത്. ആദ്യ സിനിമയുടെ സെറ്റിൽ വച്ച് തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ തനിക്ക് ധര്‍മേന്ദ്രയോട് പ്രണയം തോന്നിയെന്ന് ഒരു അഭിമുഖത്തിൽ ഹേമമാലിനി പറഞ്ഞിട്ടുണ്ട്. ധര്‍മേന്ദ്ര വിവാഹിതനും നാല് കുട്ടികളുടെ പിതാവായതുകൊണ്ട് തന്നെ ഇരുവരുടെയും പ്രണയം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. കുടുംബത്തിന്‍റെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും 1980ൽ ഇരുവരും വിവാഹിതരായി. ആദ്യ വിവാഹം വേര്‍പെടുത്താതെ ആയിരുന്നു രണ്ടാം വിവാഹം. ഇതും വലിയ കോളിളക്കത്തിന് കാരണമായി.
വിവാഹം കഴിഞ്ഞിട്ടും ഒരിക്കലും ഹേമമാലിനി ധര്‍മേന്ദ്രയുടെ കുടുംബവീട്ടിൽ താമസിച്ചിരുന്നില്ല. ധര്‍മേന്ദ്രയുടെ കുടുംബത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്നായിരുന്നു ഹേമയുടെ മനസിൽ. ധർമേന്ദ്രയുടെ ജുഹുവിലെ വീട്ടിൽ നിന്ന് അധികം ദൂരെയല്ലാത്ത വീട്ടിലായിരുന്നു ഹേമയും രണ്ട് പെൺമക്കളും താമസിച്ചിരുന്നത്. സന്തോഷകരവും സ്വതന്ത്രവുമായ ജീവിതമാണ് താൻ നയിച്ചിരുന്നതെന്നും ധരംജിയുടെ പ്രണയമാണ് തനിക്ക് കരുത്തായതെന്നും ഹേമ പറഞ്ഞിട്ടുണ്ട്.
മറ്റൊരു വിവാഹം കഴിച്ചിട്ടും ആദ്യഭാര്യ പ്രകാശ് കൗറും ഒരിക്കലും ധര്‍മേന്ദ്രയെ തള്ളിപ്പറഞ്ഞിട്ടില്ല. ആളുകൾ അദ്ദേഹത്തെ സ്ത്രീലമ്പടനായി മുദ്ര കുത്തിയെന്നും എന്നാൽ ഹേമയെപ്പോലുള്ള ഒരാളിലേക്ക് ഏതൊരു പുരുഷനും ആകർഷിക്കപ്പെടുമെന്നും പല നടന്മാരും രണ്ടാമതും വിവാഹം ചെയ്തിട്ടുണ്ടെന്നും 1981-ൽ സ്റ്റാർഡസ്റ്റിന് നൽകിയ അഭിമുഖത്തിൽ, ധർമ്മേന്ദ്രയെ ന്യായീകരിച്ച് പ്രകാശ് പറഞ്ഞു. ധര്‍മേന്ദ്ര തികഞ്ഞൊരു ഭര്‍ത്താവല്ലെങ്കിൽ പോലും തന്‍റെ മക്കളെ ഒരിക്കലും അവഗണിച്ചിട്ടില്ലാത്ത നല്ലൊരു പിതാവായിരുന്നുവെന്നും കൗര്‍ പറഞ്ഞു.
ഹേമമാലിനിയോട് തനിക്ക് വ്യക്തിപരമായ ഒരു വിദ്വേഷവുമില്ലെന്നും പ്രകാശ് വ്യക്തമാക്കിയിരുന്നു. സ്വന്തം കുടുംബത്തിൽ നിന്നും ലോകത്തിൽ നിന്നും ഹേമ നേരിടുന്ന സമ്മർദ്ദം തനിക്ക് മനസ്സിലായെന്നും ഒരു സ്ത്രീ എന്ന നിലയിൽ, ഹേമയോട് തനിക്ക് സഹാനുഭൂതി തോന്നിയെങ്കിലും, ഒരു ഭാര്യയും അമ്മയും എന്ന നിലയിൽ, അവരുടെ തീരുമാനങ്ങളോട് യോജിക്കാൻ കഴിയില്ലെന്നും പ്രകാശ് പറയുന്നു. തന്റെ ജീവിതത്തിലെ 'ആദ്യത്തേയും അവസാനത്തേയും പുരുഷൻ' എന്നാണ് ധര്‍മേന്ദ്രയെക്കുറിച്ച് പ്രകാശ് കൗര്‍ പറഞ്ഞത്.