'കാശ് വാങ്ങി വോട്ട് ചെയ്യരുത്; എല്ലാ വിദ്യാർഥികളും അംബേദ്കറെയും പെരിയാറിനേയുമൊക്കെ പഠിക്കണം'; വിജയ്

രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിജയ്‌യുടെ പ്രതികരണം.

Update: 2023-06-17 14:49 GMT
Advertising

ചെന്നൈ: പണം വാങ്ങി വോട്ട് ചെയ്യരുതെന്നും അത് നമ്മുടെ വിരൽ വച്ച് സ്വന്തം കണ്ണിൽ കുത്തുന്നത് പോലെയാണെന്നും നടൻ വിജയ്. അംബ്ദേകറെയും പെരിയാറിനേയുമൊക്കെ കുറിച്ച് പഠിക്കാൻ തയാറാവണമെന്നും വിജയ് ഓർമിപ്പിച്ചു.

തമിഴ്‌നാട്ടിൽ പത്ത്, പ്ലസ്ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കാൻ ആരാധക സംഘടന 'വിജയ് മക്കൾ ഇയക്കം' സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിലാണ് താരത്തിന്റെ പ്രതികരണം.

രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിജയ്‌ മനസ് തുറന്നത്. 'നമ്മുടെ വിരൽ വച്ച് നമ്മുടെ കണ്ണിൽ കുത്തുന്നു എന്ന് കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതാണ് ഞാൻ പോലും ചെയ്തുകൊണ്ടിരിക്കുന്നത്. അതായത് കാശ് വാങ്ങി വോട്ട് ചെയ്യുന്നത്'.

'ഉദാഹരണത്തിന് ഒരു വോട്ടിന് 1000 രൂപ കൊടുക്കുന്നുവെന്ന് വിചാരിക്കൂ. ഒന്നരലക്ഷം പേർക്ക് കൊടുക്കണമെങ്കിൽ 15 കോടി രൂപ വേണം. ഒരാൾ 15 കോടി ചെലവാക്കണമെങ്കിൽ അയാൾ അതിനു മുമ്പ് എത്ര രൂപ സമ്പാദിച്ചിരിക്കണം. വെറുതെ ആലോചിച്ചുനോക്കൂ. ഇതൊക്കെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാർഥികൾക്ക് മനസിലാക്കി കൊടുക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു'.

'തമിഴ്‌നാട്ടിലെ എല്ലാ സ്‌കൂളിലെയും വിദ്യാർഥിനി- വിദ്യാർഥികളും അവരവരുടെ വീട്ടിൽ പോയി അച്ഛാ, അമ്മേ ഇനിമേൽ പണം വാങ്ങി വോട്ടുചെയ്യരുതെന്ന് പറയണം. ശ്രമിച്ചു നോക്കൂ. നിങ്ങൾ ശ്രമിച്ചാൽ നടക്കും'- വിജയ് വിശദമാക്കി.

ഇന്നത്തേത് സോഷ്യൽമീഡിയ കാലമാണ്. അതിൽ ചിലർക്ക് ഒരു ഒളിയജണ്ടകളുണ്ട്. അതൊക്കെ നിങ്ങൾ വിശകലനം ചെയ്യണം. ഏതൊക്കെ സ്വീകരിക്കണം, ഏതൊക്കെ തള്ളണം, ഏതാണ് സത്യം, ഏതാണ് കളവ് എന്നൊക്കെ മനസിലാക്കണം. അതിന് പാഠപുസ്തകങ്ങൾക്കപ്പുറം നിങ്ങൾ പഠിക്കണം'.

'പഠിക്കാവുന്നത്ര പഠിക്കണം. എല്ലാ നേതാക്കളെ കുറിച്ചും മനസിലാക്കണം. അംബ്ദേകറെ കുറിച്ച് പഠിക്കണം, പെരിയാർ, കാമരാജ് തുടങ്ങിയവരെയൊക്കെ കുറിച്ച് പഠിക്കണം. നല്ല വിഷയങ്ങൾ സ്വീകരിച്ച് ബാക്കിയൊക്കെ വിട്ടുകളഞ്ഞേക്കണം'- വിജയ് കൂട്ടിച്ചേർത്തു. താരത്തിന്റെ പ്രസംഗം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News