'ക്രിസ്തീയതയെ അവഹേളിക്കുന്ന സിനിമയല്ല ഈശോ, വിവാദത്തിന് പിന്നിലെ ഉദ്ദേശം മലയാളികള്‍ക്ക് അറിയും: തിരക്കഥാകൃത്ത്

ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ക്രിസ്ത്യന്‍ സംഘടനകളുടെയും വൈദികരുടെയും വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വിശദീകരണവുമായി സംവിധായകന്‍ നാദിര്‍ഷ തന്നെ രംഗത്തുവന്നിരുന്നു

Update: 2021-08-02 08:30 GMT
Editor : ijas
Advertising

ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ ഈശോ സിനിമയുടെ ഉള്ളടക്കത്തിലില്ലെന്ന് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. ഉള്ളടക്കമെന്തെന്നറിയാത്ത ഒരു സിനിമയുടെ പേരിനെചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കാൻ പുറപ്പെടുന്നവരുടെ യഥാർത്ഥ ഉദ്ദേശമെന്തായിരിക്കുമെന്ന് ചിന്തിക്കാൻ പ്രബുദ്ധകേരളത്തിലെ മലയാളികൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുനീഷ് വാരനാട് വിവാദങ്ങളില്‍ പ്രതികരിച്ചത്. സിനിമക്ക് ഈശോ എന്ന പേര് വന്നതിന് പിന്നിലെ കാരണം സിനിമ കണ്ടു കഴിയുമ്പോൾ മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്നും സുനീഷ് വ്യക്തമാക്കി. 

ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ക്രിസ്ത്യന്‍ സംഘടനകളുടെയും വൈദികരുടെയും വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വിശദീകരണവുമായി സംവിധായകന്‍ നാദിര്‍ഷ തന്നെ രംഗത്തുവന്നിരുന്നു. താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്‍റെ പേര് മാത്രമാണെന്നും നാദിര്‍ഷ പറഞ്ഞു. ക്രിസ്ത്യൻ സമുദായത്തിലെ വിശ്വാസികള്‍ക്ക് വിഷമമുണ്ടായതിന്‍റ പേരിൽ മാത്രം 'നോട്ട് ഫ്രം ദ ബൈബിൾ' എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ അറിയിച്ചു. 

എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള, എല്ലാ മതവിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക്, ആരുടേയും മനസ്സ് വേദനിപ്പിക്കാനും, വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല താനെന്നും 'കേശു ഈ വീടിന്‍റെ നാഥൻ', 'ഈശോ ' എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ പറയുന്ന ഏതു ശിക്ഷക്കും താൻ തയ്യാറാണെന്നും നാദിര്‍ഷ പറഞ്ഞു.

അമര്‍ അക്ബര്‍ ആന്‍റണി എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും നാദിര്‍ഷയും ഒരുമിക്കുന്ന ചിത്രമാണ് ഈശോ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ഡബ്ബിങ് ജോലികള്‍ തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

സുനീഷ് വാരനാടിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

മനുഷ്യത്വത്തിൻ്റേയും, മതസൗഹാർദ്ദത്തിൻ്റേയും ഉദാത്തമാതൃകകൾ തീർത്ത് നമ്മളെല്ലാവരും ഒരു മഹാമാരിയെ നേരിടുമ്പോൾ ഉള്ളടക്കമെന്തെന്നറിയാത്ത ഒരു സിനിമയുടെ പേരിനെചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കാൻ പുറപ്പെടുന്നവരുടെ യഥാർത്ഥ ഉദ്ദേശമെന്തായിരിക്കുമെന്ന് ചിന്തിക്കാൻ പ്രബുദ്ധകേരളത്തിലെ മലയാളികൾക്ക് കഴിയുമെന്നാണ് എൻ്റെ വിശ്വാസം. ഞാൻ കഥയും, തിരക്കഥയും, സംഭാഷണവുമെഴുതി പ്രിയപ്പെട്ട നാദിർഷിക്ക സംവിധാനം ചെയ്ത 'ഈശോ' എന്ന സിനിമയുടെ പേരിനെ ചൊല്ലിയുയരുന്ന വിവാദങ്ങൾക്കുള്ള പ്രതികരണമാണീ പോസ്റ്റ്. ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ സിനിമയുടെ ഉള്ളടക്കത്തിലില്ല എന്ന് സംവിധായകൻ നാദിർഷിക്കൊപ്പം എഴുത്തുകാരനായ ഞാനും ഉറപ്പ് നൽകുന്നു. പിന്നെന്ത് കൊണ്ടാണീ പേര് സിനിമയ്ക്ക് വന്നത് എന്നത് സിനിമ കണ്ടു കഴിയുമ്പോൾ മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്നേ ഇപ്പോൾ പറയാൻ കഴിയൂ. കസന്‍ദ്‌സാക്കിസിന്‍റെ നോവലിനേയും സ്‌കോര്‍സെസെയുടെ സിനിമയേയും, ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് നാടകത്തേയും അടിസ്ഥാനമാക്കി ചർച്ച ചെയ്യേണ്ട ഒന്നല്ല ഈ സിനിമയുടെ പ്രമേയം. അനൌൺസ് ചെയ്ത് മൂന്ന് മാസത്തിനു ശേഷം പേരിനുണ്ടായ പ്രശ്നം മനസ്സിലാകുന്നില്ല. അപ്പോൾ പ്രശ്നം മറ്റ് ചില പേരുകളായിരിക്കാം. മനുഷ്യന്‍റെ പിഴവുകള്‍ക്ക് ദൈവത്തെ പ്രതി ചേര്‍ക്കാനാവില്ലല്ലോ?. ദൈവത്തെ മനസ്സിലാക്കാത്തതിന് വേണമെങ്കില്‍ മനുഷ്യനോട് സഹതപിക്കാനേ കഴിയൂ.

ബൈബിളിന്‍റെ അന്ത:സത്തയുടെ ആഴങ്ങള്‍ നല്ല സമരിയാക്കാരന്‍റെ കഥയില്‍ നിന്നും നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന വാക്യത്തില്‍ നിന്നുമൊക്കെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണല്ലോ. നിന്‍റെ തെറ്റുകള്‍ നിനക്ക് പൊറുത്തുതരും പോലെ അപരന്‍റെ തെറ്റുകള്‍ക്ക് നീ പൊറുത്തു കൊടുക്കുക എന്നും, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നുമൊക്കെയുള്ള വലിയ വചനങ്ങള്‍ അവിടെ നിന്നും ഓരോ മനുഷ്യനും കണ്ടെടുക്കാനാവും. അയല്‍ക്കാരന്‍ ഹിന്ദുവോ, മുസ്‍ലിമോ എന്ന് നോക്കി സ്‌നേഹിക്കാനല്ല, അയല്‍ക്കാരനെ സ്‌നേഹിക്കൂ എന്നാണ് വചനം. അതുകൊണ്ട് തന്നെ ദൈവവചനത്തിന്‍റെ വിശാലാര്‍ത്ഥത്തില്‍ നിന്ന് വഴുതിപ്പോയി കാര്യങ്ങളെ കാണേണ്ട കാര്യമില്ലല്ലോ? നമുക്കീ മഹാമാരിക്കാലത്ത് പരസ്പരം സ്നേഹിക്കാനും, സഹകരിക്കാനും, ജാതിമത വ്യത്യാസമില്ലാതെ ഒന്നിച്ചീ മഹാമാരിയെ നേരിടാനും ശ്രമിക്കാം. കോവിഡിന് ഈ വക വ്യത്യാസമൊന്നുമില്ലല്ലോ?

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News