'ഖബറിന് മുന്നിലെത്തിയാലും അത്യാഗ്രഹം അവസാനിക്കില്ല'; റിയാലിറ്റി ഷോ അവസരം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് നടി സന ഖാന്‍

'അവിടെ പോകേണ്ടി വന്നാല്‍ എനിക്ക് എന്‍റെ ഹിജാബ് അഴിക്കേണ്ടതായി വരും. നേര്‍വഴിയിലേക്ക് പോകുന്നത് ഇനിയും വൈകിക്കൂടെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു'

Update: 2023-03-10 16:00 GMT
Editor : ijas | By : Web Desk
Advertising

അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ച് ദൈവ പാതയിലാണെന്ന് പ്രഖ്യാപിച്ച താരമാണ് നടി സന ഖാൻ. 2020ല്‍ സന ഗുജറാത്ത് സ്വദേശിയായ അനസിനെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ 2019ല്‍ താന്‍ നേരിട്ട പ്രയാസകരമേറിയ ഘട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സന ഖാന്‍ ഇപ്പോള്‍. അനസിനെ വിവാഹം കഴിക്കുന്നതിന് മുമ്പുള്ള ജീവിതവും ശേഷം ദൈവത്തിലേക്ക് അടുത്തതിനെയും കുറിച്ചാണ് സന മനസ്സുതുറന്നത്.

താൻ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സമയത്ത് വലിയ മാനസിക പ്രയാസത്തിലായിരുന്നുവെന്നും എല്ലാം തകര്‍ന്നടിയുന്നതുപോലെ തോന്നിയിരുന്നതായും സന പറഞ്ഞു. വിചിത്രമായ സ്വപ്നങ്ങള്‍ സ്ഥിരമായെങ്കിലും അതിനെ കുറിച്ച് ആരോടും തുറന്നുപറഞ്ഞിരുന്നില്ല. മാനസികമായി തന്നെ 2019 ഏറ്റവും വലിയ പ്രയാസകരമായ വര്‍ഷമായിരുന്നുവെന്നും ആ ഘട്ടത്തിലാണ് ഹിജാബ് ധരിച്ച് ദൈവപാതയിലാണെന്ന് ഉറപ്പിക്കുന്നതെന്ന് സന വ്യക്തമാക്കി.

അനസിനെ വിവാഹം കഴിക്കുന്നതിന് മുന്നേ രക്ഷിത് ഷെട്ടിയുടെ ആക്ഷന്‍ പാക്കഡ് ടെലിവിഷന്‍ റിയാലിറ്റി ഷോയായ 'ഖത്രോൺ കെ ഖിലാഡി'യില്‍ അവസരം ലഭിച്ചു. എന്നാല്‍ ജീവിതം ദൈവ പാതയിലാണെന്ന് ഉറപ്പിച്ചതിനാല്‍ ആ അവസരം വേണ്ടെന്നുവെച്ചതായി സന പറയുന്നു.

'ഞാൻ അവിടെ പോയി(ഖത്രോൺ കെ ഖിലാഡി റിയാലിറ്റി ഷോയില്‍) കാര്യങ്ങള്‍ ചെയ്താൽ എല്ലാം മാറിമറിയുമെന്ന് എനിക്കറിയാമായിരുന്നു, കാരണം പിശാച് വളരെ ശക്തനാണ്, അവൻ നമ്മുടെ ആത്മാവിനുള്ളിലാണ്. കണ്‍മുന്നില്‍ ഒരുപാട് പണം ഇരിക്കുമ്പോള്‍ നമ്മുടെ പോരാട്ടം കഠിനമാവും. നമ്മുടെ അത്യാഗ്രഹം ഒരിക്കലും അവസാനിക്കുന്നില്ല, ഖബറിന് മുന്നിലെത്തിയാലും അത് അവസാനിക്കില്ല. ആ നിമിഷമാണ് ആ അവസരം വേണ്ടെന്ന് ഞാന്‍ തീരുമാനിക്കുന്നത്. ധാരാളം പണം കിട്ടുമെന്നറിയാം, എന്നാല്‍ എനിക്ക് അത് ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു. എനിക്ക് എന്നെ രക്ഷിക്കണമായിരുന്നു. ഞാന്‍ ഹിജാബ് ധരിച്ചതിനാല്‍ അവിടെ കയറാനും ആഗ്രഹമില്ലായിരുന്നു. അവിടെ പോകേണ്ടി വന്നാല്‍ എനിക്ക് എന്‍റെ ഹിജാബ് അഴിക്കേണ്ടതായി വരും. നേര്‍വഴിയിലേക്ക് പോകുന്നത് ഇനിയും വൈകിക്കൂടെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു, കാരണം ഇതേ കാര്യങ്ങള്‍ 2018ലും സംഭവിച്ചിരുന്നു'; സന പറഞ്ഞു.

2020 ഒക്ടോബറിലാണ് അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തിയെന്നും ഇനി ജീവിതം ദൈവത്തിന്‍റെ പാതയിലാണെന്നും നടി പ്രഖ്യാപിച്ചത്. മാനവികതക്കായി നിലകൊണ്ടും സൃഷ്ടാവിന്‍റെ കല്‍പ്പനകള്‍ അനുസരിച്ചുമായിരിക്കും തന്‍റെ പുതിയ ജീവിതമെന്ന് സന കുറിപ്പില്‍ വ്യക്തമാക്കി. വിനോദ വ്യവസായം തനിക്ക്​ സമ്പത്തും പ്രശസ്​തിയും തന്നെങ്കിലും അതിനപ്പുറത്ത്​ മനുഷ്യൻ ഭൂമിയിലേക്ക്​ വന്നതിന്‍റെ യഥാർത്ഥ കാരണം മനസ്സിലാക്കിയാണ്​ തീരുമാനമെന്നും​ സന കൂട്ടിച്ചേർത്തു. 

ഹിന്ദി, തമിഴ്​, തെലുഗ്​ സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്​സ്​ എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്​. സൽമാൻ ഖാൻ നായകനായ ജയ്​ഹോയാണ്​ സനയുടെ ശ്രദ്ധേയ ചിത്രം.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News