താമസിക്കുന്ന ഹോട്ടലിന്റെ വിവരം വേണം; നടി ജാക്വിലിന് അബുദാബിയിൽ പോകാൻ അനുമതി

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ജാക്വിലിൻ ഫെർണാണ്ടസിന് വിദേശ യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നത്

Update: 2022-05-29 10:46 GMT
Editor : abs | By : Web Desk

ന്യൂഡൽഹി: ധനാപഹരണക്കേസിൽ വിചാരണ നേരിടുന്ന ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് അബുദാബിയിൽ പോകാൻ കോടതി അനുമതി. മെയ് 31 മുതൽ ജൂൺ ആറു വരെയാണ് നടിക്ക് പാട്യാല കോടതി യാത്രാനുമതി നൽകിയത്. കർശന ഉപാധികളോടെയാണ് ജാമ്യം. ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി പുരസ്‌കാര ദാനച്ചടങ്ങിൽ പങ്കെടുക്കാനാണ് നടി കോടതിയിൽ അനുമതി ചോദിച്ചത്.

അബുദാബിയിൽ താമസിക്കുന്ന ഹോട്ടലിന്റെ വിവരങ്ങൾ സമർപ്പിക്കണം, യാത്രയുടെ വിശദവിവരങ്ങളും മടക്കയാത്രയും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണം, 50 ലക്ഷം രൂപ ബോണ്ടായി സമർപ്പിക്കണം തുടങ്ങിയവയാണ് ഉപാധികൾ. നടിക്കെതിരെ നിലവിലുണ്ടായിരുന്ന ലുക്ക് ഔട്ട് സർക്കുലറും കോടതി സസ്പെൻഡ് ചെയ്തു. തിരിച്ചുവന്നാൽ അന്വേഷണ ഏജൻസികളെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

Advertising
Advertising



എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ജാക്വിലിൻ ഫെർണാണ്ടസിന് വിദേശ യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. സുകേഷ് ചന്ദ്രശേഖർ പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ഈ കേസുമായി ബന്ധപ്പെട്ട് ജാക്വിലിന്റെ 7.27 കോടി രൂപയുടെ സ്വത്തും ഇ.ഡി. കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു നടപടി. 



നേരത്തെ, സുകേഷ് ചന്ദ്രശേഖറുമായുള്ള സ്വകാര്യ ചിത്രം പങ്കുവെക്കരുതെന്ന് ആവശ്യപ്പെട്ട് നടി ജാക്വലിൻ ഫെർണാണ്ടസ് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും സ്വകാര്യ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ച സാഹചര്യത്തിലായിരുന്നു നടി അപേക്ഷയുമായെത്തിയത്.

ആഡംബര വസ്തുക്കൾ നൽകിയും പലർക്കും പണം നൽകിയുമാണ് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസുമായി സുകേഷ് ചന്ദ്രശേഖർ അടുപ്പം നേടിയിരുന്നത്. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങൾ നൽകിയിരുന്നു. ഈ ബന്ധം സിനിമയാക്കാൻ ചില സംവിധായകരും ഒടിടി പ്ലാറ്റ്‌ഫോം അധികൃതരും രംഗത്തെത്തിയിരുന്നു.



ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു. ഹോളിവുഡ് നടി ആഞ്ജലീന ജോളിക്ക് തുല്യയാണ് ജാക്വലിനെന്നും അതുപോലെയുള്ള സൂപ്പർ ഹീറോ സീരിസ് അർഹിക്കുന്നുവെന്നും സുകേഷ് പ്രലോഭിപ്പിച്ചിരുന്നു. 

സ്വകാര്യ ജെറ്റിൽ വിനോദയാത്ര, അത്യാഡംബര ബ്രാൻഡായ ചാനൽ, ഗൂച്ചി എന്നിവയുടെ മൂന്ന് ഡിസൈനർ ബാഗുകൾ, ഗൂച്ചിയുടെ രണ്ടു ജോഡി ജിം വസ്ത്രങ്ങൾ, ലൂയി വിറ്റൺ ഷൂസ്, രണ്ട് ജോഡി ഡയമണ്ട് കമ്മൽ, ബഹുവർണക്കല്ലുകൾ പതിച്ച ബ്രെയ്സ്ലറ്റ്, മിനി കൂപ്പർ കാർ (ഇത് പിന്നീട് തിരിച്ചുകൊടുത്തു) എന്നിവ നൽകിയതായി ഇ.ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News