2002-ൽ നിശ്ചയം, 20 വർഷത്തിനു ശേഷം വിവാഹം; ഹോളിവുഡിന് ആഘോഷമായി ജെന്നിഫർ ലോപസ് - ബെൻ അഫ്ലക്ക് മിന്നുകെട്ട്

'പ്രണയം സുന്ദരമാണ്. പ്രണയം ദയാലുവാണ്. ഇപ്പോഴിതാ പ്രണയം ക്ഷമാശാലിയുമാണെന്നു വന്നിരിക്കുന്നു; ഇരുപതു വർഷത്തെ ക്ഷമാശാലി...'

Update: 2022-07-18 07:26 GMT
Editor : André | By : Web Desk
Advertising

ഗായികയും ഹോളിവുഡ് നടിയുമായ ജെന്നിഫർ ലോപസും നടൻ ബെൻ അഫ്‌ലക്കും തമ്മിലുള്ള വിവാഹം ആഘോഷമാക്കി ഹോളിവുഡ്.  52-കാരിയായ ജെന്നിഫറും 49-കാരനായ ബെന്നും തമ്മിലുള്ള വിവാഹം പാശ്ചാത്യ സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയമായി. ഏറ്റവും അടുപ്പമുള്ളവരെ മാത്രം ക്ഷണിച്ച സ്വകാര്യ ചടങ്ങിലാണ് ഇരുവരും മിന്നുകെട്ടിയത്. 2002-ൽ വിവാഹിതരാവാൻ തീരുമാനിച്ചിരുന്ന ഇരുവരും അതിനു ശേഷം വേർപിരിഞ്ഞിരുന്നു.

ഞായറാഴ്ച ആരാധകർക്കു നൽകിയ ന്യൂസ് ലെറ്റർ സന്ദേശത്തിലാണ് ജെന്നിഫർ ലോപസ് വിവാഹവിവരം പരസ്യമാക്കിയത്. 'ഞങ്ങളത് ചെയ്തു...' എന്നായിരുന്നു സന്ദേശം. ഏപ്രിലിൽ, താനും ബെൻ അഫ്‌ലക്കും പ്രണയത്തിലാണെന്ന് അവർ വ്യക്തമാക്കിയിരുന്നു.

(Jennifer Lopez and Ben Affleck get married in Las Vegas)

'പ്രണയം സുന്ദരമാണ്. പ്രണയം ദയാലുവാണ്. ഇപ്പോഴിതാ പ്രണയം ക്ഷമാശാലിയുമാണെന്നു വന്നിരിക്കുന്നു; ഇരുപതു വർഷത്തെ ക്ഷമാശാലി...' - ജെന്നിഫർ ലിൻ അഫ്‌ലക്ക് എന്ന് ഒപ്പുവെച്ച സന്ദേശത്തിൽ അവർ പറഞ്ഞു. ലാസ് വേഗാസിൽ വെച്ച് ശനിയാഴ്ചയാണ് വിവാഹിതരാവാനുള്ള ലൈസൻസ് സ്വന്തമാക്കിയതെന്നും അർധരാത്രി പിന്നിട്ടതോടെ ലിറ്റിൽ വൈറ്റ് ചാപ്പലിൽ വെച്ചാണ് തങ്ങൾ വിവാഹിതരായതെന്നും അവർ വ്യക്തമാക്കി.

ബെൻ അഫ്‌ലക്കും ജെന്നിഫർ ലോപസും തമ്മിലുള്ള പ്രണയം രണ്ട് ദശകം മുമ്പ് ഹോളിവുഡ് വൃത്തങ്ങളിലെ ചൂടേറിയ വാർത്തയായിരുന്നു. ഇരുവരുടെയും പേരുകൾ ചേർത്ത് 'ബെന്നിഫർ' എന്ന പേരിൽ അറിയപ്പെട്ട ഈ പ്രണയം ടാബ്ലോയ്ഡുകളുടെയും പാപ്പരാസികളുടെയും ഇഷ്ടവിഭവമായി. മാധ്യമങ്ങൾ നൽകുന്ന അമിത ശ്രദ്ധ കാരണം വിവാഹം നീട്ടിവെക്കുകയാണെന്ന് അന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. 2003-ൽ ജിഗ്ലി, 2004-ൽ ജെഴ്‌സി ഗേൾ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു.

എന്നാൽ 2004-ൽ ഇരുവരും വേർപിരിഞ്ഞു. ജെന്നിഫർ ലോപസുമായുള്ള ബന്ധത്തിന്റെ പേരിൽ മാധ്യമങ്ങൾ തന്റെ വ്യക്തിജീവിതത്തിൽ നടത്തുന്ന അനാവശ്യമായ ഇടപെടലിൽ അസ്വസ്ഥനായ ബെൻ അഫ്ലക്ക് ബന്ധത്തിൽ നിന്ന് പിന്മാറാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടൽ എന്നാണ് ഇതിനെ ജെന്നിഫർ ലോപസ് വിശേഷിപ്പിച്ചത്.

തൊട്ടടുത്ത വർഷം അമേരിക്കൻ നടി ജെന്നിഫർ ഗാർണറെ ബെൻ അഫ്‌ലക്ക് വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയും പിറന്നു. 2015-ൽ വേർപിരിയാൻ തീരുമാനിച്ച ജെന്നിഫർ ഗാർണറും ബെൻ അഫ്‌ലക്കും 2017-ലാണ് വിവാഹമോചന നടപടികൾ പൂർത്തിയാക്കിയത്.

ബെൻ അഫ്‌ലക്കുമായി പിരിഞ്ഞ ശേഷം ജെന്നിഫർ ലോപസ് 2004-ൽ ഗായകൻ മാർക്ക് ആന്റണിയെ വിവാഹം ചെയ്തിരുന്നു. പത്തുവർഷം നീണ്ടുനിന്ന ഈ ദാമ്പത്യത്തിൽ ഇരട്ടക്കുട്ടികൾ പിറന്നു. 2014-ൽ ഇരുവരും വേർപിരിഞ്ഞു. അതിനു ശേഷം ബേസ്ബാൾ താരം അല്ക്‌സ് റോഡ്രിഗ്വസുമായി പ്രണയത്തിലായ ജെന്നിഫർ 2019-ൽ വിവാഹിതരാവാൻ തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് കാരണം ഈ വിവാഹം നടന്നില്ല. 2021 ഏപ്രിലിൽ ഇരുവരും പിരിയാൻ തീരുമാനിച്ചു.

2021 ജൂലൈയിലാണ് ബെൻ അഫ്‌ലക്കുമായി താൻ ബന്ധം പുലർത്തുന്ന കാര്യം ജെന്നിഫർ ലോപസ് വ്യക്തമാക്കിയത്. വർഷങ്ങൾക്കു മുമ്പ് പിരിഞ്ഞെങ്കിലും ഇരുവരും സൗഹൃദം സൂക്ഷിച്ചിരുന്നു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News