ജോൺ എബ്രഹാമിന്‍റെ ആദ്യ മലയാള ചിത്രം; റിലീസ് തിയതി പ്രഖ്യാപിച്ചു

സമകാലിക പ്രാധാന്യമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം അഞ്ച് വ്യത്യസ്ത സംസ്ഥാനങ്ങളിലായാണ് ചിത്രീകരിച്ചത്

Update: 2022-07-19 12:18 GMT
Editor : ijas

ജോൺ എബ്രഹാം എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ആദ്യ മലയാള ചിത്രം മൈക്കിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. വിഷ്‌ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 19 ന് റിലീസ് ചെയ്യും. വിക്കി ഡോണർ, പരമാണു, മദ്രാസ് കഫേ തുടങ്ങിയ വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയ സിനിമകൾ നിർമിച്ച നടൻ ജോൺ എബ്രഹാമിന്‍റെ ജെ.എ എന്‍റർടെയ്ൻമെന്‍റാണ് മൈക്ക് നിർമ്മിക്കുന്നത്. ജെ.എ എന്‍റർടൈൻമെന്‍റ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രം കൂടിയാണ് മൈക്ക്. ആയുഷ്മാൻ ഖുറാനയെപ്പോലുള്ള മികവുറ്റ അഭിനേതാക്കളെ സിനിമകളിലേക്ക് കൊണ്ടുവന്ന ജെ.എ എന്‍റർടൈൻമെന്‍റ് രഞ്ജിത്ത് സജീവ് എന്ന മറ്റൊരു പുതുമുഖ നടനെയും മൈക്കിലൂടെ പരിചയപ്പെടുത്തുന്നു.

Advertising
Advertising

ഉദാഹരണം സുജാത, തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അനശ്വര രാജനാണ് മൈക്കിലെ നായിക. ബിവെയർ ഓഫ് ഡോഗ്‌സ് ഫെയിം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് 'കല വിപ്ലവം പ്രണയം' എഴുതിയ ആഷിഖ് അക്ബർ അലിയാണ്.

'ഹൃദയം' സിനിമയിലെ ഗാനങ്ങൾക്ക് സംസ്ഥാന അവാർഡ് നേടിയ ഹിഷാം അബ്ദുൽ വഹാബ് അടുത്തതായി ചെയ്യുന്ന മലയാള ചിത്രമാണ് മൈക്ക്. അനവധി ഗാനങ്ങൾ അടങ്ങുന്ന മൈക്ക് സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്. 'കള', 'ഓപ്പറേഷൻ ജാവ' തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു, ദേശീയ അവാർഡ് ജേതാവായ എഡിറ്റർ വിവേക് ഹർഷൻ, അടുത്തിടെ പുറത്തിറങ്ങിയ 'ഷൈലോക്ക്' ഉൾപ്പെടെയുള്ള ജനപ്രിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ രണദിവെ എന്നിവർ മൈക്കിന്‍റെ ഭാഗമാണ്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമകാലിക പ്രാധാന്യമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം അഞ്ച് വ്യത്യസ്ത സംസ്ഥാനങ്ങളിലായാണ് ചിത്രീകരിച്ചത്. സെഞ്ച്വറി ആണ് മൈക്കിന്‍റെ വിതരണം ഏറ്റെടുത്തത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News