'അത് തമിഴന്‍റെ സംസ്കാരമല്ല'; മഞ്ഞുമ്മല്‍ ബോയ്സിനെ അധിക്ഷേപിച്ച ജയമോഹനെതിരെ ഭാഗ്യരാജ്

ആന്‍ഡ്രിയ ജെറമിയ നായികയാകുന്ന 'കാ' എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് സംവിധായകന്‍റെ പ്രതികരണം

Update: 2024-03-20 05:17 GMT
Editor : Jaisy Thomas | By : Web Desk

ജയമോഹന്‍/ഭാഗ്യരാജ്

Advertising

ചെന്നൈ: റെക്കോഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് ഇപ്പോഴും പ്രദര്‍ശനം തുടരുന്ന 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ചിത്രത്തിനെതിരെ എഴുത്തുകാരന്‍ ജയമോഹന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രശസ്ത നടനും സംവിധായകനുമായ കെ.ഭാഗ്യരാജ് രംഗത്ത്. ഒരു ചിത്രത്തെ വിമര്‍ശിക്കുമ്പോള്‍ അത്തരം വാക്കുകള്‍ ജയമോഹന്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഭാഗ്യരാജ് പറഞ്ഞു. ആന്‍ഡ്രിയ ജെറമിയ നായികയാകുന്ന 'കാ' എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് സംവിധായകന്‍റെ പ്രതികരണം.

''എന്‍റെ വാക്കുകള്‍ വിവാദം സൃഷ്ടിക്കുമെന്ന് എനിക്കറിയാം. എന്നാലും എനിക്കിത് പറയണം. കേരളത്തെക്കാള്‍ തമിഴ്നാട്ടിലാണ് മഞ്ഞുമ്മല്‍ ബോയ്സ് വന്‍വിജയമായത്. എന്നിരുന്നാലും, ഒരു തമിഴ് എഴുത്തുകാരൻ ചിത്രത്തെ വിമർശിക്കാൻ വളരെ താഴ്ന്നു, ഇത് സങ്കടകരമാണ്. അദ്ദേഹം പ്രശസ്തനായ എഴുത്തുകാരനാണ്. അദ്ദേഹം സിനിമയെ മാത്രം വിമർശിച്ചിരുന്നെങ്കിൽ അതൊന്നും പ്രശ്നമാകുമായിരുന്നില്ല. എന്നാല്‍ വ്യക്തിപരമായ പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തിയത്. അങ്ങനെ പറയുന്നത് തമിഴൻ്റെ സംസ്കാരമല്ല.നമ്മള്‍ എല്ലാവരെയും പുകഴ്ത്താറുണ്ട്. എന്നാല്‍ ഇത്ര താഴ്ന്ന നിലയില്‍ ആരെയും വിമര്‍ശിക്കാറില്ല. അതു നമ്മുടെ പാരമ്പര്യമല്ല. സിനിമയിൽ തമിഴരെ ചിത്രീകരിക്കുന്ന രീതിയോ അത്തരത്തിലുള്ള കാര്യങ്ങളോ തനിക്ക് ഇഷ്ടമല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ അത് വിമർശനമാണ്.എന്നാൽ നിങ്ങൾ കേരളീയരെ വ്യക്തിപരമായി ആക്രമിക്കുകയാണെങ്കിൽ അത് ദൗർഭാഗ്യകരമാണ്.ഇത്തരമൊരു ആക്രമണത്തെ അപലപിക്കാൻ ഇവിടെ ആരുമില്ലെന്ന് മലയാളികള്‍ കരുതരുത്. അതുകൊണ്ടാണ് ഞാന്‍ പ്രസ്താവന നടത്തിയത്.ഒരു കാര്യം വ്യക്തമാക്കുന്നു. ശരിയായതിന് വേണ്ടി നിലകൊള്ളാൻ ഞങ്ങൾക്ക് ഇവിടെ ആളുകളുണ്ട്'' ഭാഗ്യരാജ് പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്സ് സിനിമ തന്നെ അലോസരപ്പെടുത്തിയെന്നും മറ്റു മലയാള സിനിമകളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുകയാണ് സിനിമയെന്നും മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നുമാണ് ജയമോഹന്‍ പറഞ്ഞത്. 'മഞ്ഞുമ്മല്‍ ബോയ്‌സ് പൊറുക്കികളിന്‍ കൂത്താട്ടം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച വ്‌ലോഗിലാണ് വിമര്‍ശനം.

ജയമോഹന്‍റെ വാക്കുകള്‍

മഞ്ഞുമ്മല്‍ ബോയ്‌സ് എന്നെ അലോസരപ്പെടുത്തിയ സിനിമയാണ്. അതിന് കാരണം അതൊരു കെട്ടുകഥയല്ല എന്നതാണ്. തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനിലയാണ് സിനിമയില്‍ കാണുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മാത്രമല്ല വനങ്ങളിലേക്കും അവര്‍ എത്താറുണ്ട്. മദ്യപിക്കാനും ഓക്കാനിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ മാത്രയാണ് അത്. മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല.

ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ പൊതുനിരത്തിലെ മലയാളികളായ മദ്യപാനികളുടെ മോശം പെരുമാറ്റം ഞാന്‍ പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട്. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും. സിനിമയില്‍ കാണിച്ചതു പോലെ കുടിച്ച ശേഷം അവര്‍ കുപ്പി വലിച്ചെറിഞ്ഞ് പൊട്ടിക്കും. സംശയമുണ്ടെങ്കില്‍ ചെങ്കോട്ട- കുറ്റാലം റോഡോ കൂടല്ലൂര്‍- ഊട്ടി റോഡോ പരിശോധിക്കുക. വഴിനീളെ കുപ്പികള്‍ കാണാനാവും. ഇത് അവര്‍ അഭിമാനത്തോടെ സിനിമയില്‍ കാണിക്കുന്നു. ഈ സിനിമയില്‍ തമിഴ്നാട് പൊലീസ് അവരോട് പെരുമാറുന്ന രീതിയും യഥാര്‍ഥമാണ്.

ഓരോ വര്‍ഷവും കുറഞ്ഞത് ഇരുപത് ആനകളെങ്കിലും കാലില്‍ കുപ്പിച്ചില്ല് തറച്ചുകയറി വൃണംവന്ന് ചരിയുന്നുണ്ട്. അതിനെ അപലപിച്ചാണ് ഞാന്‍ ആന ഡോക്ടര്‍ എന്ന നോവലെഴുതിയത്. എന്നാല്‍ ഈ സിനിമയുടെ സംവിധായകന്‍ ഇത് വായിച്ചിരിക്കാന്‍ സാധ്യതയില്ല. കേരളത്തിലെ വിവാഹങ്ങള്‍ക്ക് പോവുക എന്നത് ഒരു പരീക്ഷണമാണ്. രണ്ട് തരം മലയാളികളാണ് ഉള്ളത്. ഒന്ന് വിദേശത്ത് ചോര വിയര്‍പ്പാക്കുന്നവര്‍. രണ്ട് നാട്ടില്‍ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികള്‍. ലഹരി ആസക്തിയെ സാമാന്യവല്‍ക്കരിക്കുന്നവരാണ് മലയാളികള്‍. തമിഴ്‌നാടും ഇപ്പോള്‍ കേരളത്തിന്റെ പാതയിലേക്ക് സഞ്ചരിക്കുകയാണെന്ന് തോന്നുന്നു.കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുതെന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയാറുണ്ട്.

മലയാള സിനിമയില്‍ മദ്യമില്ലാതെ സന്തോഷത്തോടെ സംസാരിക്കുന്ന സാധാരണക്കാരെ കണ്ടിട്ടുണ്ടോ. ഇന്നത്തെ മലയാള സിനിമ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്ക് അടിമകളായ ഒരു ചെറു സംഘമാണ്. കിളി പോയി, ഒഴിവുദിവസത്തെ കളി, വെടിവഴിപാട്, ജല്ലിക്കട്ട് തുടങ്ങി ആസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ കേരളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഇവ പ്രകൃതിദത്ത കലാസൃഷ്ടികളായി ബുദ്ധിജീവികള്‍ ആഘോഷിച്ചു. കേരളത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ ഇത്തരം സംവിധായകര്‍ക്കെതിരെ നടപടി എടുക്കണം. അത്തരം സിനിമകള്‍ ആഘോഷിക്കുന്ന തമിഴ്‌നാട്ടുകാരെ ഞാന്‍ തെമ്മാടികളും നികൃഷ്ടരുമായാണ് കാണുന്നത്. സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന തരത്തില്‍ 'പെറുക്കികളെ' സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ. അവരെ രക്തസാക്ഷികളായും സൗഹൃദത്തിന്റെ പതാകാവാഹകരായും ചിത്രീകരിക്കുന്നു. ജയമോഹന്‍റെ പരാമര്‍ശത്തിനെതിരെ കേരളത്തില്‍ വന്‍വിമര്‍ശമാണ് ഉയര്‍ന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News