ഗാര്‍ഹിക പീഡനം,അവിഹിതം,കൊലപാതകം ; ദര്‍ശന്‍ എന്ന 'സാന്‍ഡല്‍വുഡ് റൗഡി'

ഗൂഢാലോചനയില്‍ ദര്‍ശന് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്

Update: 2024-06-11 08:37 GMT

ബെംഗളൂരു: കന്നഡ സിനിമയിലെ സൂപ്പര്‍താരം, നിര്‍മാതാവ്, മികവാര്‍ന്ന അഭിനയം കൊണ്ട് വിമര്‍ശകരെ കൊണ്ടുപോലും കയ്യടിപ്പിച്ച നടന്‍...ദര്‍ശന്‍ എന്ന താരപുത്രന് വിശേഷണങ്ങള്‍ ഇനിയുമുണ്ട്. എന്നാല്‍ വ്യക്തിജീവിതത്തിലേക്ക് നോക്കിയാല്‍ വകതിരിവ് വട്ടപ്പൂജ്യം എന്നു പറയുന്നതുപോലെയാണ് കാര്യങ്ങള്‍. സാന്‍ഡല്‍വുഡിലെ റൗഡി എന്ന് വിളിക്കുന്ന ദര്‍ശന്‍ താന്‍ അഭിനയിച്ച സിനിമകളെക്കാള്‍ കേസുകളുടെ എണ്ണത്തിലാണ് മുന്നില്‍ നില്‍ക്കുന്നത്.

ഗാര്‍ഹിക പീഡനം, അവിഹിതം, വിവാദ പരാമര്‍ശങ്ങള്‍..ദര്‍ശന് പിടിച്ച പുലിവാലുകള്‍ക്ക് കയ്യും കണക്കുമില്ല. ഇപ്പോഴിതാ കൊലപാതകവും. സുഹൃത്തും നടിയുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചതിന്‍റെ പേരിലാണ് രേണുക സ്വാമി എന്ന 33കാരനെ കൊന്ന് മൃതദേഹം ഓടയില്‍ തള്ളിയത്. ഗൂഢാലോചനയില്‍ ദര്‍ശന് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതക്കേസില്‍ ചൊവ്വാഴ്ചയാണ് ദര്‍ശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മൈസൂരിലെ ഫാം ഹൗസിൽ നിന്നാണ് ദർശനെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജൂൺ 8നാണ് രേണുക സ്വാമി കൊല്ലപ്പെടുന്നത്. പിറ്റേദിവസം സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Advertising
Advertising

ചിത്രദുർഗയിലെ അപ്പോളോ ഫാർമസി ശാഖയിൽ ജോലി ചെയ്യുകയായിരുന്നു രേണുക സ്വാമി.സ്വാമി പവിത്രക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്ന് മനസിലാക്കിയ ദർശൻ ചിത്രദുർഗയിലെ ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റിനെ ഫോണിൽ വിളിച്ചു. ചിത്രദുർഗയിൽ നിന്ന് നഗരത്തിലെത്തിച്ച രേണുക സ്വാമിയെ ശനിയാഴ്ച ഷെഡിനുള്ളിൽ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയിൽ തള്ളുകയായിരുന്നു. മകനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകിയെങ്കിലും രണ്ട് ദിവസം കൂടി കാത്തിരിക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. സ്വാമിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെ കസ്റ്റഡിയിലെടുത്തത്.

മുതിർന്ന കന്നഡ നടൻ തൂഗുദീപ ശ്രീനിവാസിൻ്റെ മകനാണ് ദർശൻ. 2001-ൽ മജസ്റ്റിക് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട ദര്‍ശന്‍ മികച്ച നടനുള്ള കര്‍ണാടക സര്‍ക്കാരിന്‍റെ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.

പൊലീസും കേസുകളും ദര്‍ശനെ സംബന്ധിച്ച് ഒരു പുതിയ കാര്യമല്ല. 2011ല്‍ ഭാര്യ വിജയലക്ഷ്മിയുടെ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് ദര്‍ശനെ അറസ്റ്റ് ചെയ്തിരുന്നു. ദര്‍ശന്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്നും ചെവിക്ക് നാല് തുന്നലുകള്‍ വേണ്ടിവന്നുവെന്നും സിഗരറ്റ് കൊണ്ട് പൊള്ളിച്ചുവെന്നും വിജയലക്ഷ്മി ആരോപിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയലക്ഷ്മി ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഭാര്യയുമായുള്ള വഴക്കിനിടെ മൂന്നു വയസുകാരനായ സ്വന്തം മകനെയും ദര്‍ശന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പരാതിയെ തുടർന്ന് ദർശനെ പരപ്പന അഗ്രഹാരത്തിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഇത് ദര്‍ശന്‍റെ ആരാധകരെ ചൊടിപ്പിച്ചു. ബംഗളൂരുവിലെ വിജയനഗർ പോലീസ് സ്‌റ്റേഷനു മുന്നിൽ തടിച്ചുകൂടിയ ദർശൻ്റെ ആരാധകർ ബസുകൾ കത്തിച്ചു. ആരാധകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് മുതിര്‍ന്ന താരങ്ങളായ അംബരീഷും ജഗ്ഗേഷും ചേര്‍ന്ന് വിജയലക്ഷ്മിയുമായുള്ള പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. കോണിപ്പടിയിൽ നിന്ന് വീണതാണ് തനിക്ക് പരിക്കേറ്റതെന്നും കുടുംബ പ്രശ്‌നമാണെന്നും പറഞ്ഞ് വിജയലക്ഷ്മി പിന്നീട് പരാതി പിൻവലിച്ചു. 2016ല്‍ വിജയലക്ഷ്മി വീണ്ടും ദര്‍ശനെതിരെ പരാതി നല്‍കിയിരുന്നു.

നേരത്തെ വളര്‍ത്തുനായകളെ ഉപയോഗിച്ച് യുവതിയെ ആക്രമിച്ചെന്ന പരാതിയില്‍ ദര്‍ശനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തിരുന്നു. വീടിനു സമീപം കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദർശന്റെ സഹായികളുമായി വാക്കുതർക്കമുണ്ടായതിനു പിന്നാലെ അവിടത്തെ വളർത്തുനായകൾ തന്നെ ആക്രമിച്ചെന്നു യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

2023 ജനുവരിയിൽ, മൈസൂരിലെ തൻ്റെ ഫാംഹൗസിൽ സംരക്ഷിത വിഭാഗത്തില്‍ പെടുന്ന ദേശാടനപക്ഷികളെ വളർത്തിയതിന് ദർശനും ഭാര്യക്കും ഫാംഹൗസ് മാനേജർ നാഗരാജിനുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കർണാടക വനംവകുപ്പ് കേസെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം കാട്ടേര എന്ന ചിത്രത്തിന്‍റെ വിജയാഘോഷം ബെംഗളൂരുവിലെ ഒരു ബാറില്‍ വച്ച് നടത്തിയതും പ്രശ്നമായിരുന്നു. പുതുവര്‍ഷ രാത്രിയില്‍ നടത്തിയ പാര്‍ട്ടി രാത്രി ഒരു മണിവരെ നീണ്ടു പോയതിനാല്‍ നടനെതിരെ അധികൃതര്‍ നോട്ടീസയച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News