കത്തിപ്പടരുകയാണ് കാന്താര; 16 കോടിയില്‍ നിന്നും ഇതുവരെ വാരിക്കൂട്ടിയത് 230 കോടി

ഇങ്ങനെ പോയാല്‍ കെജിഎഫ് ചാപ്റ്റര്‍ 2വിന്‍റെ റെക്കോഡും കാന്താര മറികടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്

Update: 2022-10-29 05:37 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോടികള്‍ മുടക്കി നിര്‍മിച്ച് തിയറ്ററില്‍ മൂക്കും കുത്തി വീണ ചിത്രങ്ങള്‍ക്കു മുന്നില്‍ തലയെടുപ്പോടെ കാന്താര. വെറും 16 കോടി മുടക്കുമുതലില്‍ നിര്‍മിച്ച ചിത്രം ഇതുവരെ ഇന്ത്യയില്‍ നിന്നും മാത്രം വാരിക്കൂട്ടിയത് 230 കോടിയാണ്. മറ്റൊരു റെക്കോഡും കൂടി കാന്താര കരസ്ഥമാക്കിയിട്ടുണ്ട്. കെജിഎഫ്: ചാപ്റ്റര്‍ 1നെ മറികടന്ന് ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന രണ്ടാമത്തെ കന്നഡ ചിത്രമായി മാറിയിരിക്കുകയാണ് കാന്താര. ഇങ്ങനെ പോയാല്‍ കെജിഎഫ് ചാപ്റ്റര്‍ 2വിന്‍റെ റെക്കോഡും കാന്താര മറികടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു കനലില്‍ നിന്നും കാട്ടുതീ പടരുന്നതുപോലെയായിരുന്നു കാന്താരയുടെ വരവ്. വന്‍താരനിരയോ പ്രമോഷനുകളോ ഇല്ലാതെ കുറഞ്ഞ സ്ക്രീനുകളില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ആളെക്കൂട്ടിയത്. പിന്നീടങ്ങോട്ട് കാന്താര തരംഗമായിരുന്നു. കന്നഡയില്‍ വിജയമായപ്പോള്‍ തെലുങ്ക്,മലയാളം,തമിഴ്,ഹിന്ദി,ഇംഗ്ലീഷ് ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിച്ചു. എല്ലാ ഭാഷകളിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് കാന്താര.

2022ൽ ഇതുവരെ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് കാന്താര. കെജിഎഫ് 2, ആർആർആർ, പൊന്നിയിൻ സെൽവൻ I, വിക്രം, ബ്രഹ്മാസ്ത്ര,, ഭൂൽ ഭുലയ്യ 2 എന്നിവയ്ക്ക് പിന്നിൽ ഏഴാമതാണ് കാന്താര. ഐഎംഡിബിയിൽ 10ൽ 9.4 സ്‌കോറോടെ ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിച്ച ഇന്ത്യൻ ചിത്രം കൂടിയാണ് ഋഷഭ് ഷെട്ടി നായകനായ ചിത്രം. അദ്ദേഹം തന്നെ ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സപ്തമി ഗൗഡയാണ് നായിക. കിഷോര്‍, ദീപക് റായ് പനാജി, അച്യുത് കുമാര്‍,പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റു താരങ്ങള്‍.കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News