തലയോട്ടിക്ക് മുന്നില്‍ നിഴലായി മമ്മൂട്ടി; റോഷാക്ക് വരവറിയിച്ചു, റിലീസ് പ്രഖ്യാപിച്ചു

സെൻസറിങ് പൂർത്തിയായ സിനിമയ്ക്ക് ക്ലീൻ യു.എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്

Update: 2022-09-30 13:06 GMT
Editor : ijas

പ്രഖ്യാപനം മുതല്‍ പ്രേക്ഷകർ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെൻസറിങ് പൂർത്തിയായ ചിത്രം ഒക്ടോബർ ഏഴിന് തിയറ്ററുകളിൽ എത്തും. സെൻസറിങ് പൂർത്തിയായ സിനിമയ്ക്ക് ക്ലീൻ യു.എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ മുപ്പത് മിനുറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. അമ്പരപ്പിന്‍റെയും ഭയത്തിന്‍റെയും ഭാവങ്ങൾ നിറച്ച് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയിറും പ്രേക്ഷകരിൽ റോഷാക്കിനെക്കുറിച്ചുള്ള ആകാംക്ഷ കൂട്ടിയിരുന്നു. റിലീസ് പ്രഖ്യാപന പോസ്റ്ററും ഏറെ ശ്രദ്ധേയമാണ്. തലയോട്ടിക്ക് സമാനമായ രൂപത്തില്‍ മമ്മൂട്ടിയുടെ ലൂക്ക് ആൻ്റണിയും നിഴലും നില്‍ക്കുന്നതാണ് പോസ്റ്റര്‍. യു.എ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു എന്ന വിവരം തലയോട്ടിയുടെ മറ്റു ഭാഗങ്ങളായും മമ്മൂട്ടിയുടെ തലയും നിഴലും രണ്ടു കണ്ണുകളായും പോസ്റ്ററില്‍ അടയാളപ്പെടുത്തുന്നു.

Advertising
Advertising
Full View

ഒരു പ്രതികാരത്തിന്‍റെ കഥയാണ് ചിത്രമെന്ന് ചില അനുമാനങ്ങൾക്കൊപ്പം വൈറ്റ് റൂം ടോർച്ചറിനെ കുറിച്ചെല്ലാം ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്. ആദ്യചിത്രമായ കെട്ട്യോളാണ് എന്‍റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന സിനിമയുടെ നിര്‍മാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി ആണ്. കൊച്ചിയിലും ദുബൈയിലുമായാണ് റോഷാക്കിന്‍റെ ചിത്രീകരണം പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്‍റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രോജക്ട് ഡിസൈനർ :ബാദുഷ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: മിഥുൻ മുകുന്ദൻ, കലാസംവിധാനം: ഷാജി നടുവിൽ, പ്രൊഡക്‌ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ചമയം: റോണക്സ് സേവ്യർ, എസ്. ജോർജ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News