'പ്ലേ ഹൗസി'നു ശേഷം 'മമ്മൂട്ടി കമ്പനി'; നിർമാതാവിന്റെ കുപ്പായമിട്ട് വീണ്ടും മെഗാസ്റ്റാർ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'നൻപകൽ നേരത്ത് മയക്കം' ആണ് മമ്മൂട്ടിയുടെ പുതിയ നിർമാണ കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രം

Update: 2021-11-07 12:27 GMT
Editor : Shaheer | By : Web Desk

വീണ്ടും ചലച്ചിത്ര നിർമാതാവിന്റെ കുപ്പായമിട്ട് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. നിരവധി ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ച 'പ്ലേ ഹൗസി'നു ശേഷമാണ് പുതിയ നിർമാണ കമ്പനിയുമായി താരം എത്തുന്നത്. 'മമ്മൂട്ടി കമ്പനി' എന്നാണ് പുതിയ ചലച്ചിത്ര നിർമാണ-വിതരണ കമ്പനിയുടെ പേര്.

കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രത്തിൽ മമ്മൂട്ടി തന്നെയാണ് നായകന്റെ വേഷത്തിലുമെത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'നൻപകൽ നേരത്ത് മയക്കം' ആണ് ചിത്രം. തമിഴ്‌നാട് പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് പളനിയിൽ ആരംഭിച്ചു.

Advertising
Advertising

2009ൽ കൊച്ചിയിലാണ് പ്ലേ ഹൗസ് എന്ന പേരിൽ മമ്മൂട്ടി ചലച്ചിത്ര നിർമാണ-വിതരണ കമ്പനിക്ക് തുടക്കം കുറിച്ചത്. നവാഗതനായ അനൂപ് കണ്ണൻ സംവിധാനം ചെയ്ത 'ജവാൻ ഓഫ് വെള്ളിമല'യായിരുന്നു ആദ്യ ചിത്രം. ഇതിലും നായകന്റെ വേഷമണിഞ്ഞത് മമ്മൂട്ടി തന്നെ. പിന്നീട് ദി കിങ് ആൻഡ് ദി കമ്മീഷണറും പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റും പ്ലേ ഹൗസിന്റെ ബാനറിൽ പുറത്തെത്തി. സൂഫി പറഞ്ഞ കഥ, സീതാ കല്യാണം, ഇമ്മാനുവൽ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങി ഏതാനും ചിത്രങ്ങളുടെ വിതരണവും നിർവഹിച്ചു.

ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയുമായി ചേർന്നാണ് മമ്മൂട്ടി കമ്പനി 'നൻപകൽ നേരത്ത് മയക്കം' ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ലിജോയുടെ കഥയ്ക്ക് എഴുത്തുകാരൻ എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. പേരൻപ്, കർണൻ, പുഴു സിനിമകളുടെ കാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Full View

എംടി വാസുദേവൻ നായരുടെ കഥകൾ ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് പുറത്തിറക്കുന്ന ആന്തോളജിയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകനായി വരുന്നത് മമ്മൂട്ടിയാണ്. പൂർണമായും ശ്രീലങ്കയിലാണ് സിനിമയുടെ ചിത്രീകരണം. മമ്മൂട്ടി നായകന്റെ വേഷമണിയുന്ന നവാഗതയായ നതീന സംവിധാനം ചെയ്യുന്ന 'പുഴു'വിന്റെ ചിത്രീകരണം കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. എറണാകുളത്തും വാഗമണ്ണിലുമായാണ് ചിത്രീകരണം നടന്നത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News