കോവിഡിൽ അനാഥരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങ്; മമ്മൂട്ടിയുടെ 'വിദ്യാമൃതം 2'ന് തുടക്കമായി

മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ എഞ്ചിനീയറിങ് പഠനം അടക്കമുള്ള കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിയാണിത്.

Update: 2022-08-28 11:47 GMT
Editor : banuisahak | By : Web Desk

കോവിഡ് മഹാമാരിയിലും പ്രകൃതി ദുരന്തങ്ങളിലും മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവുകയാണ് സൂപ്പർ താരം മമ്മൂട്ടി. വിദ്യാർത്ഥികൾക്ക് സൗജന്യ  ഉപരിപഠനം ഉറപ്പാക്കുന്ന 'വിദ്യാമൃതം 2' പദ്ധതിക്ക് തുടക്കമായി. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും എംജിഎമ്മും ഗ്രൂപ്പും ചേർന്നാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ എഞ്ചിനീയറിങ് പഠനം അടക്കമുള്ള കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിയാണിത്. 

ആദ്യ ഘട്ടത്തിൽ 42 വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട 42 കുട്ടികളുടെ ലിസ്റ്റ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപകനും രക്ഷാധികാരിയുമായ മമ്മൂട്ടി എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാന് കൈമാറി. 

Advertising
Advertising

Full View

പദ്ധതി പ്രകാരം ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം പൂർണമായും സൗജന്യമാകും. എഞ്ചിനീയറിങ്, പോളിടെക്‌നിക് കോഴ്സുകള്‍, ആര്‍ട്‌സ്& കോമെഴ്സ്, ബിരുദ- ബിരുദാനന്തര വിഷയങ്ങള്‍, ഫാര്‍മസി കോഴ്‌സുകള്‍ എന്നിവ ഈ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടും. കൂടുതല്‍ മേഖലകളില്‍ കുട്ടികള്‍ക്ക് ഉപകാരപ്പെടും വിധം വരും വര്‍ഷങ്ങളില്‍ പദ്ധതി വിപുലമാക്കുന്നതിനൊപ്പം വിവിധ സ്‌കോളര്‍ഷിപ്പുകളും ആവിഷ്കരിക്കാനാണ് തീരുമാനം. 

അനാഥരായവരെ മാത്രമല്ല സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും പദ്ധതിയിൽ പരിഗണിക്കും. കോളേജുകളില്‍ മാനേജ്മെന്റിനു അവകാശമുള്ള സീറ്റുകളിലാണ് പ്രവേശനം ലഭ്യമാക്കുക. പ്ലസ് ടുവിനും എസ്.എസ്.എല്‍.സിക്കും ലഭിച്ച മാര്‍ക്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 

മമ്മൂട്ടിക്ക് പുറമേ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, പ്രോജക്ട് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, എം.ജി.എം ഗ്രൂപ്പ്‌ ഓഫ് കോളേജ് ഡയറക്ടർ അഹിനസ്. എച് , എം.ജി.എം ടെക്നിക്കൽ കോളേജസ്‌ വൈസ് ചെയർമാൻ വിനോദ് തോമസ്(Ex. IPS ), മാനേജിംഗ് ട്രസ്റ്റീ ആൽഫ മേരി, നിതിൻ ചിറത്തിലാട്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News