'കത്തടിക്കാനും ചെരിപ്പ് മേടിക്കാനും പൈസക്കായി സ്ത്രീധനം വാങ്ങുന്നതിലും നല്ലത് കെട്ടാതിരിക്കുന്നതല്ലേ'?

'അവരുടെ അടുത്തും പൈസയില്ല.എന്റെയടത്തും ഇല്ല. അപ്പോൾ എനിക്കിത് മാച്ചാവുന്നെന്ന് തോന്നി'

Update: 2023-04-26 14:03 GMT
Editor : Lissy P | By : Web Desk
Advertising

മലയാള സിനിമയിൽ കോഴിക്കോടൻ ഭാഷാ ശൈലിയെ ഇത്രത്തോളം രസകരമായി അവതരിപ്പിച്ച മറ്റൊരു നടനില്ല. സഹനടൻമാരുടെ അക്ഷയഖനിയായ മലയാള സിനിമയിൽ ആ ഗണത്തിൽ മുന്നിൽ തന്നെ സ്ഥാനം നേടിയിരുന്നു മാമുക്കോയ. തലമുറ വ്യത്യാസമില്ലാതെ മാമുക്കോയയെ മലയാളി ആഘോഷിച്ചു. കഥാപാത്രങ്ങളിലൂടെ എല്ലാവരെയും ചിരിപ്പിക്കുമായിരുന്നെങ്കിലും ജീവിതത്തിൽ എല്ലാ കാര്യത്തിലും കൃത്യമായ നിലപാടുള്ള വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

തന്റെ വിവാഹത്തിന് സ്ത്രീധനം വാങ്ങിയിരുന്നില്ലെന്ന് മാമുക്കോയ പഴയൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'തന്റെ വീടിനടുത്ത് തന്നെയാണ് ഭാര്യയുടെ വീട്. ഭാര്യയുടെ പിതാവിന് മരക്കച്ചവടക്കാരനായിരുന്നു. 26ാം വയസിൽ 15 കാരിയായ സുഹ്‌റാ ബീവിയെ കല്യാണം കഴിക്കുമ്പോൾ കല്യാണക്കുറിയടിക്കാൻ കാശില്ലായിരുന്നു. അന്ന് പൈസയും പൊന്നുമൊന്നുമില്ല.എനിക്ക് ആളെ ഒന്ന് കാണണം എന്ന് മാത്രമാണ് പറഞ്ഞത്. പെണ്ണിനെ കണ്ട് ഇഷ്ടമായപ്പോൾ വീട്ടിൽ കാര്യം അവതരിപ്പിച്ചു.അവരുടെ അടുത്തും പൈസയില്ല.എന്റെയടത്തും ഇല്ല.അപ്പോൾ എനിക്കിത് മാച്ചാവുന്നെന്ന തോന്നി ...' മാമുക്കോയ പറഞ്ഞു.

'ക്ഷണക്കത്ത് സ്വന്തം കൈപ്പടയിൽ എഴുതി ബ്ലോക്കെടുത്ത് തന്നത് സ്‌നേഹിതൻ വാസു പ്രദീപായിരുന്നു. മാമുക്കോയ പറഞ്ഞു.

ജൂൺ നാല് ഞായറായാഴ്ച ഞാന് വിവാഹിതനാകുകയാണ്. 30 ാം തീയതി ശനിയാഴ്ച എന്റെ വീട്ടിലേക്ക് വരണം..മാമു തൊണ്ടിക്കോട്..

ഇങ്ങനെയായിരുന്നു ക്ഷണക്കത്തിൽ എഴുതിയത്..അന്ന് വേണമെങ്കിൽ കത്തടിക്കാനും ചെരിപ്പ് മേടിക്കാനും അവരോട് പൈസയായി സ്ത്രീധനം ചോദിക്കാമായിരുന്നു. എന്നാൽ അവരുടെ പൈസ കൊണ്ട് അതൊക്കെ മേടിക്കുന്നതിലും നല്ലത് കെട്ടാതിരിക്കുന്നതല്ലേ..'.മാമുക്കോയ അഭിമുഖത്തിൽ പറയുന്നുണ്ട്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധാഴ്ച ഉച്ചയോടെ ആണ് മാമുക്കോയ മരിച്ചത്. 450 ൽ ഏറെ സിനിമകളിൽ വേഷമിട്ടു . മികച്ച ഹാസ്യനടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം , പ്രത്യേക ജൂറി പുരസ്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി. തിങ്കളാഴ്ച കാളികാവ്  സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News