വ്യത്യസ്ത വേഷത്തിൽ താരങ്ങൾ; ടോവിനോ തോമസ് ചിത്രം 'നരിവേട്ട'യ്ക്ക് യു/എ സർട്ടിഫിക്കറ്റ്

ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രങ്ങളെ ഓർമിപ്പിക്കുന്നതാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ

Update: 2025-05-12 04:42 GMT
Editor : geethu | Byline : Web Desk

‘ഇഷ്‌കി‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്ത്, ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന "നരിവേട്ട" റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. സെൻസർ ബോർഡിന്റെ മികച്ച പ്രതികരണത്തോടെ യു/എ (U/ A) സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയ്‌ലർ ശ്രദ്ധേയമായത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ തോമസ് സാമൂഹിക മാധ്യമങ്ങൾ പങ്ക് വച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട..' എന്ന വാക്കുകളെ അർഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയ്‌ലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ഓർമിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ഘടകങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്.

Advertising
Advertising

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവത്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സികെ ജാനുവിനെ ഓർമപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബജറ്റിൽ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. നരിവേട്ടയുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തത് എജിഎസ് എന്റർടെയ്‌ൻമെന്റ് ആണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻഎം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News