മമ്മൂട്ടിയുടെ നിര്‍ബന്ധം, സി.ബി.ഐ അഞ്ചാം ഭാഗത്തില്‍ ജഗതിയും

മമ്മൂട്ടി അവതരിപ്പിക്കുന്ന സി.ബി.ഐ ഓഫീസറായ സേതുരാമയ്യരുടെ അസിസ്റ്റന്‍റ് വേഷമാണ് ജഗതി അഭിനയിച്ചിരുന്നത്

Update: 2021-12-13 09:26 GMT
Editor : ijas

സിബിഐ അഞ്ചാം ഭാഗത്തിലൂടെ ജഗതി വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നു. എസ്.ഐ വിക്രം എന്ന കഥാപാത്രത്തിലൂടെ സി.ബി.ഐ സീരീസുകളിലെല്ലാം തിളങ്ങി നിന്ന ജഗതി അപകടത്തെ തുടര്‍ന്നാണ് സിനിമകളില്‍ നിന്നും മാറിനിന്നിരുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന സി.ബി.ഐ ഓഫീസറായ സേതുരാമയ്യരുടെ അസിസ്റ്റന്‍റ് വേഷമാണ് ജഗതി അഭിനയിച്ചിരുന്നത്. 2012ല്‍ മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത് വെച്ച് നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്ത് നിന്നും ഇടവേളയെടുക്കുന്നത്. ഇതിനിടെ ഒരു പരസ്യ ചിത്രത്തിലും സിനിമയിലും താരം അഭിനയിച്ചു.

Advertising
Advertising

മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ജഗതിയെ സി.ബി.ഐ അഞ്ചാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ ജഗതിയുടെ കുടുംബവുമായി ബന്ധപ്പെടുകയും അഭിനയിപ്പിക്കാനുള്ള അനുവാദം കരസ്ഥമാക്കുകയും ചെയ്തു. ജഗതിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് സി.ബി.ഐ അഞ്ചില്‍ അദ്ദേഹം അഭിനയിക്കുന്ന രംഗങ്ങള്‍ തിരുവനന്തപുരത്തെ പേയാടുള്ള അദ്ദേഹത്തിന്‍റെ വസതിയില്‍ വെച്ച് തന്നെയായിരിക്കും ചിത്രീകരിക്കുക. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന സി.ബി.ഐ 5ല്‍ ശനിയാഴ്ച്ചയാണ് മമ്മൂട്ടി ഭാഗമായത്. 

സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു സി.ബി.ഐ സീരീസിലെ ആദ്യ ചിത്രം. സിനിമ ഹിറ്റായതോടെ 1989-ൽ ജാഗ്രത എന്ന പേരിൽ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. ഇതും ബോക്‌സോഫീസ് ഹിറ്റായി മാറി. പിന്നീട് 2004ലും 2005ലും ഇറങ്ങിയ സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ എന്നിവയും ഹിറ്റുകളായി. 13 വർഷങ്ങൾക്കിപ്പുറമാണ് ചിത്രത്തിന്‍റെ അഞ്ചാം ഭാ​ഗമൊരുങ്ങുന്നത്.

കെ മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ അഞ്ചാം ഭാഗത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് എന്‍.എന്‍ സ്വാമിയാണ്. സ്വര്‍ഗ്ഗചിത്ര അപ്പച്ചാണ് സിനിമ നിര്‍മിക്കുന്നത്. സംഗീതം-ജേക്സ് ബിജോയ്. ക്യാമറ-അഖില്‍ ജോര്‍ജ്.

രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News