കോവിഡ് ഭീതിയൊഴിഞ്ഞു; നാളെ തിയറ്ററിലും ഒടിടിയിലുമായി റിലീസിനെത്തുന്ന ചിത്രങ്ങൾ

ഏറെ നാളുകൾക്ക് ശേഷമാണ് നിരവധി സിനിമകൾ ഒരുമിച്ച് ഒരു ദിവസം തിയേറ്ററിലെത്തുന്നത്

Update: 2022-02-24 12:25 GMT
Editor : abs | By : Web Desk
Advertising

കോവിഡ് ഭീതി ഒഴിഞ്ഞതോടെ തിയേറ്റർ റിലീസിനെത്തുന്ന ചിത്രങ്ങളുടെ എണ്ണത്തിൽ വർധനവ് വന്നിട്ടുണ്ട്. മുമ്പ് റിലീസ് മാറ്റിവെച്ച ചിത്രങ്ങളും റിലീസ് ചെയ്തു തുടങ്ങി. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടനവധി റിലീസുകളാണ് നാളെ തിയറ്ററിലെത്തുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് നിരവധി സിനിമകൾ ഒരുമിച്ച് ഒരു ദിവസം തിയേറ്ററിലെത്തുന്നത്.

ഉപചാരപൂർവ്വം ഗുണ്ടാജയൻ


ദുൽഖർ സൽമാൻ നിർമിച്ച് സൈജു കുറുപ്പ് നായകനായി എത്തുന്ന ചിത്രമാണ് ഉപചാരപൂർവ്വം ഗുണ്ടാജയൻ. സൈജു കുറുപ്പ് അഭിനയിക്കുന്ന നൂറാം ചിത്രം എന്ന പേരിൽ ഇതിനകം ശ്രദ്ധ നേടിയ സിനിമ അരുൺ വൈഗയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അരുൺ വൈഗയുടെ കഥക്ക് രാജേഷ് വർമ്മയാണ്  തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വേഫെയർ ഫിലിംസിൻറെ ബാനറിൽ ദുൽഖർ സൽമാനൊപ്പം മൈ ഡ്രീംസ് എൻറർടെയ്ൻമെൻറ്‌സിൻറെ ബാനറിൽ സെബാബ് ആനിക്കാടും നിർമാണ പങ്കാളിയാണ്. സിജു വിൽസൺ, ശബരീഷ് വർമ്മ, ജോണി ആൻറണി, സാബുമോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി തുടങ്ങി താരങ്ങൾ ചിത്രത്തിലുണ്ട്.

വെയിൽ


ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഷൈൻ നിഗം ചിത്രം വെയിൽ തിയേറ്ററിലെത്തുന്നതും 25 നാണ്. ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരെ കൂടാതെ നവാഗതരായ ശ്രീരേഖ, സോനാ ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. നവാഗതനായ ശരത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ് വിൽ എൻറർടെയ്ൻമെൻറ്‌സിൻറെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മെമ്പർ രമേശൻ 9-ാം വാർഡ്


അർജ്ജുൻ അശോകൻ നായകനായി എത്തുന്ന ചിത്രമാണ് ''മെമ്പർ രമേശൻ 9-ാം വാർഡ് '' ബോബൻ&മോളി എൻറർടെയ്ൻമെൻറ്‌സിൻറെ ബാനറിൽ ബോബനും മോളിയും നിർമ്മിക്കുന്ന ഈ കോമഡി ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ ആൻറോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്നാണ്. ചെമ്പൻ വിനോദ് ,ശബരീഷ് വർമ്മ എന്നിവരെ കൂടാതെ ജോണി ആൻറണി, സാബുമോൻ, മാമുക്കോയ,ഇന്ദ്രൻസ് ,ഗായത്രി അശോക് എന്നിവരും അഭിനയിച്ചിരിക്കുന്നു.

ഭീംല നായക്


മലയാളത്തിലെ ഹിറ്റ് ചിത്രമായ 'അയ്യപ്പനും കോശിയുടെയും തെലുങ്ക് പതിപ്പായ 'ഭീംല നായക്' 25 ന് തിയേറ്ററിലെത്തുന്നു.'അയ്യപ്പനും കോശി'യിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രമായി പവൻ കല്യാണാണ് ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജ് കഥാപാത്രം കോശിയായെത്തുന്നത് റാണ ദഗുബാട്ടിയാണ്. കണ്ണമ്മയുടെ വേഷത്തിൽ നിത്യ മേനോനും ഡാനിയേലിന്റെ ഭാര്യയായി സംയുക്ത മേനോനുമാണ് എത്തുന്നത്. സാഗർ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിതാര എന്റർടെയ്‌മെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗവംശിയാണ് നിർമ്മിച്ചിരിക്കുന്നത്.

ഗംഗുഭായ് കത്തിയവാഡി


സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രം 'ഗംഗുഭായ് കത്തിയവാഡിയും 25ന് റിലീസിനുണ്ട്. ആലിയ ഭട്ട് ആണ് ഗംഗുഭായ് ആയി എത്തുന്നത്. ഹുസൈൻ സെയ്ദിയുടെ മാഫിയാ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തെ അധികരിച്ചാണ് സിനിമയൊരുക്കിയിരിക്കുന്നത്. ബൻസാലി പ്രൊഡക്ഷൻസും പെൻ ഇന്ത്യയും ചേർന്നാണ് സിനിമയുടെ നിർമ്മാണം. ശന്തനു മഹേശ്വരി, വിജയ് റാസ്, റോഹിത് സുഖ്വാനി, സീമ പഹ്വ, ഹുമാ ഖുറേഷി തുടങ്ങിയവരും സിനിമയിലുണ്ട്. അജയ് ദേവ്ഗണും ഇമ്രാൻ ഹാഷ്മിയും അതിഥി വേഷത്തിലെത്തുന്നുണ്ട്.

അടുത്തിടെ തിയറ്ററിൽ ശ്രദ്ധ നേടിയ അജഗജാന്തരം, കുഞ്ഞൽദോ, ജാൻ എ മൻ എന്നീ ചിത്രങ്ങളും ഒടിടി പ്ലാറ്റ് ഫോമിൽ 25 ന് എത്തുന്നുണ്ട്. ജാൻ എ മൻ സൺ നെക്‌സിലൂടെയും അജഗജാന്തരം സോണി ലിവിലൂടെയും കുഞ്ഞെൽദോ സീ5 ലും സ്ട്രീമിങ് തുടങ്ങും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News