സാമൂഹിക - പൊളിറ്റിക്കല്‍ ത്രില്ലര്‍; തോരാമഴയിലും 'നരിവേട്ട' നിറഞ്ഞ സദസ്സിൽ

ആദിവാസികള്‍ക്ക് നേരെയുള്ള പൊലീസ് നരനായാട്ട് പ്രേക്ഷകരുടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Update: 2025-05-29 11:15 GMT
Editor : geethu | Byline : Web Desk

കേരളത്തിൽ ഏറെ ചർച്ചയായ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്ക് നേരെയുള്ള ക്രൂരമായ പോലീസ് അതിക്രമത്തിന്‍റേയും അത്തരത്തിൽ കേരളം കണ്ട ആദിവാസി സമരങ്ങളുടേയും ചുവടുപിടിച്ചുകൊണ്ട് അനുരാജ് മനോഹർ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന 'നരിവേട്ട' തിയേറ്റർ വിജയം തുടരുന്നു. ഒരേസമയം പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നതും വേട്ടയാടുന്നതുമായ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. പത്ത് കോടി ബജറ്റിൽ ഒരുക്കിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 15 കോടി രൂപ ആ​ഗോള കളക്ഷൻ നേടി. മഴയെ പോലും വകവയ്ക്കാതെ തിയേറ്ററുകൾതോറും ഹൗസ്‍ഫുള്‍ ഷോകളുമായാണ് പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്.

Advertising
Advertising

ആദിവാസികള്‍ക്ക് നേരെയുള്ള അത്യന്തം ദാരുണമായ പൊലീസ് നരനായാട്ട് പ്രേക്ഷകരുടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാണുന്നവരുടെ ചങ്കിൽ കൊള്ളുന്നതാണ് സിനിമയിലെ ദൃശ്യങ്ങള്‍. ഒരു പൊലീസ് കോൺസ്റ്റബിളിന്‍റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥപറച്ചിൽ. ടൊവിനോ തോമസാണ് ചിത്രത്തിൽ വർ​ഗീസ് എന്ന കോൺസ്റ്റബിളായെത്തിയിരിക്കുന്നത്. മനസ്സില്ലാ മനസ്സോടെ പൊലീസിലേക്ക് എത്തിയ വർ​ഗീസ്, ചിയമ്പം ഭൂസമരം നടക്കുന്ന കാട്ടിൽ എത്തിച്ചേരുന്നതും തുടർസംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ചടുലവും തീവ്രവും അതിസൂക്ഷ്മവുമായ കഥാഗതിയാണ് നരിവേട്ടയെ വ്യത്യസ്തമാക്കുന്നത്.

പ്രേക്ഷക നിരൂപക പ്രശംസ നേടിയ 'ഇഷ്കി'ന് ശേഷം അനുരാജ് ഒരുക്കിയിരിക്കുന്ന ചിത്രവുമാണ് 'നരിവേട്ട'. ഒരു തുണ്ട് ഭൂമിക്കുവേണ്ടിയുള്ള ആദിവാസികളുടെ ജീവന്മരണ പോരാട്ടങ്ങളെ അതേ തീവ്രതയോടെയാണ് എഴുത്തുകാരൻ അബിൻ ജോസഫ് തിരക്കഥാരൂപത്തിൽ ഒരുക്കിയിരിക്കുന്നത്. അതിന്‍റെ അകക്കാമ്പ് ഒട്ടും ചോരാതെ അനുരാജ് മനോഹർ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.

പ്രകടനങ്ങളിൽ ഏറെ ശ്രദ്ധേയം ടൊവിനോയുടേയും അതോടൊപ്പം ബഷീർ എന്ന ഹെഡ് കോൺസ്റ്റബിളായെത്തിയ സുരാജ് വെഞ്ഞാറമൂടിന്‍റേയും ഡിഐജി രഘുറാം കേശവദാസായെത്തിയ തമിഴിലെ ശ്രദ്ധേയ താരം ചേരന്‍റേയുമാണ്. അതോടൊപ്പം ഭൂസമര ലീഡറായെത്തിയ ആര്യ സലീമിന്‍റേയും നായിക വേഷത്തിലെത്തിയ പ്രിയംവദയുടേയും ടൊവിനോയുടെ അമ്മ വേഷത്തിലെത്തിയ റിനി ഉദയകുമാറിന്‍റേയും താമി എന്ന ആദിവാസി പോരാളിയായെത്തിയ പ്രണവ് തിയോഫിന്‍റേയും പ്രകടനങ്ങള്‍ എടുത്തുപറയേണ്ടതാണ്.

വർ​ഗീസ് എന്ന പോലീസുകാരന്‍റെ എല്ലാ ധർമസങ്കടങ്ങളും നിസ്സഹായവസ്ഥയും മാനസിക വ്യാപാരങ്ങളുമൊക്കെ ടൊവിനോ മികച്ച രീതിയിൽ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. അതോടൊപ്പം സുരാജ് വെഞ്ഞാറമൂടിന്‍റേയും ആര്യ സലീമിന്‍റേയും പ്രേക്ഷക മനസ്സ് നിറയ്ക്കുന്ന അഭിനയമുഹൂർത്തങ്ങളാണുള്ളത്. ചേരന്‍റെ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ് 'നരിവേട്ട'. പ്രണവ് ഉള്‍പ്പെടെ ആദിവാസി കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തിയിരിക്കുന്ന താരങ്ങളുടേയും അവിസ്മരണീയമായ അഭിനയമുഹൂർത്തങ്ങളും ചിത്രത്തിൽ എടുത്തുപറയേണ്ടതാണ്.

വിപ്ലവവീര്യം നിറഞ്ഞുനിൽക്കുന്ന സിനിമയുടെ സെക്കൻഡ് ഹാഫിലെ ഓരോ രംഗങ്ങളും ശ്വാസമടക്കിപിടിച്ചിരുന്ന് കണ്ടിരുന്നുപോകും വിധമാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ സിംഗിൾ ഷോട്ടിലുള്ള ഉള്ളുലയ്ക്കുന്ന ക്ലൈമാക്സും ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പോലീസ് സേനയിലെ പുഴുകുത്തുകളും ഉള്ളുകളികളും സംഘർഷങ്ങളുമൊക്കെ ചിത്രം തുറന്നുകാണിക്കുന്നുണ്ട്.

ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് 'നരിവേട്ട' നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് വിജയ് ആണ്. സിനിമ സംസാരിക്കുന്ന രാഷ്ട്രീയത്തിനൊപ്പം, സമരത്തിന്‍റെ തീവ്രതയൊക്കെ ഏറെ ആഴത്തിൽ ഹൃദയസ്പർശിയായ വിധത്തിൽ, സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാൻ ഛായാഗ്രാഹകന് സാധിച്ചിട്ടുണ്ട്. സിനിമ ആവശ്യപ്പെടുന്നത് മാത്രം എടുത്തുകൊണ്ട് അളന്നുമുറിച്ചുള്ള ഷമീര്‍ മുഹമ്മദിന്‍റെ എഡിറ്റിങ്ങും എടുത്തുപറയേണ്ടതാണ്. സിനിമ സംസാരിക്കുന്ന വിഷയവും കഥാപാത്രങ്ങളുടെ തീവ്രതയും ആന്തരിക സംഘർഷങ്ങളും പ്രേക്ഷകരിലെത്തിക്കുന്നതും അതോടൊപ്പം കഥയുടെ ഗൗരവം പ്രേക്ഷകർക്ക് അനുഭവമാകുന്ന വിധത്തിലും ഉള്ളതാണ് ജേക്‌സ് ബിജോയ് ഒരുക്കിയിരിക്കുന്ന സംഗീതം. ടൊവിനോയുടെ കരിയറിലെ തന്നെ ഒരു പൊൻതൂവലാണ് നരിവേട്ട എന്ന് നിസ്സംശയം പറയാം.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News