അമിതാഭ് ബച്ചനും ധര്‍മേന്ദ്രയുമൊക്കെ രക്ഷപ്പെട്ടത് മഹാഭാഗ്യം; യുട്യൂബ് റിവ്യൂവിനെതിരെ മുകേഷ്

ഒരു കാര്യം കുഴപ്പമാണെന്ന് കണ്ടാല്‍ അത് കുഴപ്പമാണെന്ന് പറയാനുള്ള സീനിയോരിറ്റി തനിക്കുണ്ട്

Update: 2023-03-02 08:30 GMT
Editor : Jaisy Thomas | By : Web Desk

മുകേഷ്

Advertising

'ഓ മൈ ഡാര്‍ലിംഗ്'എന്ന സിനിമയെക്കുറിച്ച് മോശം റിവ്യൂ ചെയ്ത യുട്യൂബര്‍മാര്‍ക്കെതിരെ നടന്‍ മുകേഷ്. ഒരുപാടുപേരുടെ കൂട്ടായ പ്രവര്‍ത്തനവും അവരുടെ ജീവന മാര്‍ഗവുമാണ് സിനിമ. അതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്ന് മുകേഷ് പറഞ്ഞു. 'ഷോലെ'യൊക്കെ രക്ഷപ്പെട്ടത് മഹാഭാഗ്യമാണെന്നും ഇവര്‍ ഉണ്ടായിരുന്നെങ്കില്‍ അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്രയൊക്കെ എന്താണ് ചെയ്യുന്നത്, ഇവരുടെ മുഖത്ത് എന്താണ് വരുന്നത് എന്നൊക്കെ ചോദിച്ചേനെയെന്നും മുകേഷ് പരിഹസിച്ചു.

ഒരു കാര്യം കുഴപ്പമാണെന്ന് കണ്ടാല്‍ അത് കുഴപ്പമാണെന്ന് പറയാനുള്ള സീനിയോരിറ്റി തനിക്കുണ്ട്. കൊച്ചുകുട്ടികള്‍ വന്ന് എല്ലാവരെയും പരിഹസിക്കുകയാണ്. അഭിനയത്തിന്റെ കാര്യത്തിലും കഥയുടെ കാര്യത്തിലും കഥാപാത്രത്തിന്റെ കാര്യത്തിലുമൊക്കെ പരിഹസിക്കുമ്പോള്‍ നമ്മള്‍ സംശയിക്കണം. ഇവര്‍ക്ക് കിട്ടാനുള്ളത് എന്തോ കിട്ടിയില്ല എന്നും മുകേഷ് ആരോപിച്ചു.

നേരത്തെ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും താരം രംഗത്തുവന്നിരുന്നു. താനിവിടെ സംസാരിച്ചതില്‍ മഹാത്മാ ഗാന്ധിയൊക്കെയുണ്ട് അതു വെട്ടി നുറുക്കി ഗാന്ധിജിയെ പറ്റി അങ്ങനെ പറഞ്ഞു എന്നൊക്കെ കൊടുത്തു കളയരുത് എന്നാണ് മുകേഷ് പറഞ്ഞത്. ഒരു വിവാഹവീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ മുകേഷിനെക്കുറിച്ചുള്ള വാർത്തയിൽ ' മദ്യപിച്ച് മദോൻമത്തനായി മുകേഷ്' എന്ന തലക്കെട്ടുകൾ നൽകി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടന്‍റെ പ്രതികരണം.ചിത്രത്തിന്‍റെ നിര്‍മാതാവിനെ പരിചയപ്പെട്ടതിനെ കുറിച്ച് പറഞ്ഞപ്പോള്‍ നൈല്‍ നദിയുടെ ഉത്ഭവം കാണാന്‍ പോയതിനെ കുറിച്ചും പിന്നീട് അതിനടുത്തുള്ള ഗാന്ധി പ്രതിമ കണ്ടതിനെ കുറിച്ചും മുകേഷ് സംസാരിച്ചിരുന്നു. അപ്പോഴാണ് മഹാത്മ ഗാന്ധിജിയുടെ പ്രതിമയെ കുറിച്ച് താരം സംസാരിച്ചത്.

ബാലതാരമായിരുന്ന അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് 'ഓ മൈ ഡാര്‍ലിംഗ്'.അനുഗ്രഹീതന്‍ ആന്‍റണിയിലൂടെയും ജോ ആന്‍റ് ജോയിലൂടെയും ശ്രദ്ധിക്കപ്പെട്ട മെൽവിനാണ് ചിത്രത്തില്‍ അനിഖയുടെ നായകന്‍. ആല്‍ഫ്രഡ് ഡി സാമുവലാണ് സംവിധാനം. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്‍റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് തിരക്കഥ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News