' ന്നാ താൻ കേസ്‌ കൊട്‌..' കേസെടുത്ത ജഡ്ജ്‌ ഈടെണ്ട്‌...

ഹോസ്ദുർഗ്ഗ്‌ കോടതിയിലെ മജിസ്ട്രേറ്റായി ശ്രദ്ധ നേടിയത് പടന്ന ഉദിനൂരിലെ റിട്ടയേർഡ്‌ അധ്യാപകനും പടന്ന പഞ്ചായത്ത്‌ ഒൻപതാം വാർഡ്‌ മെമ്പറുമായ പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ആണ്

Update: 2022-08-13 05:39 GMT
Advertising

രതീഷ്‌ ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം '…ന്നാ താൻ കേസ്‌ കൊട്‌..' മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പേരു കൊണ്ട് നേരത്തെ തന്നെ ശ്രദ്ധയാകര്‍ഷിച്ച ചിത്രം റിലീസ്‌ ദിനത്തെ പരസ്യവാചകം മൂലം വിവാദത്തിലുമായി. നിരവധി പ്രത്യേകതകളുമായെത്തിയ സിനിമ ദക്ഷിണ കാസർകോട്ടെ നിരവധി പുതുമുഖങ്ങളെ അവതരിപ്പിച്ചു.

ഇതിൽ ഹോസ്ദുർഗ്ഗ്‌ കോടതിയിലെ മജിസ്ട്രേറ്റായി ശ്രദ്ധ നേടിയത് പടന്ന ഉദിനൂരിലെ റിട്ടയേർഡ്‌ അധ്യാപകനും പടന്ന പഞ്ചായത്ത്‌ ഒൻപതാം വാർഡ്‌ മെമ്പറുമായ പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ആണ്. ആദ്യമായി സിനിമയില്‍ അഭിനയിച്ചതിന്‍റെ വിശേഷങ്ങള്‍ കുഞ്ഞികൃഷ്ണൻ മാസ്റ്റർ മീഡിയവൺ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

സിനിമയിലെത്തിച്ചത് ഉണ്ണിരാജ

തെരുവുകളിലും ക്ലബുകളിലും മാത്രം നാടകം കളിച്ച്‌ പരിചയമുള്ള തന്നെ സിനിമയിലെത്തിച്ചത്‌ നടൻ ഉണ്ണി രാജയാണെന്ന് ഉണ്ണി കൃഷ്ണൻ മാസ്റ്റർ പറയുന്നു. കാസ്റ്റിംഗ്‌ കോൾ കണ്ട്‌ അപേക്ഷ അയക്കാൻ ഉണ്ണി നിർദേശിച്ചെങ്കിലും താനതിനു മെനക്കെട്ടിരുന്നില്ല. സിനിമ തനിക്കെത്തിപ്പിടിക്കാൻ പറ്റാത്ത ഏതോ ഒരു മേഖലയാണെന്ന തോന്നൽ തന്നെ കാരണം. 18 വയസ് മുതൽ നാടകം കളിക്കുന്നുണ്ട്‌. താൻ സെക്രട്ടറി ആയ തടിയൻ കൊവ്വൽ മനീഷാ തിയറ്റേഴ്സിന്‍റെ തെരുവ്‌ നാടകങ്ങൾ , എകെജി കലാവേദിയുടെ നാടകങ്ങൾ ,സ്കൂൾ വാർഷികത്തിനുള്ള നാടകങ്ങൾ ,മാണിയാട്ട്‌ കോറസ്‌ കലാസമിതിയുടെ എൻ.എൻ പിള്ള നാടകമത്സരങ്ങൾ തുടങ്ങിയവയാണു അനുഭവ സമ്പത്ത്‌. വലിയ സ്റ്റേജുകളിലോ നാടക സമിതികളിലോ ഉണ്ടായിട്ടില്ല. സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹമൊക്കെ ഉണ്ടായിരുന്നെങ്കിലും നടക്കില്ലെന്ന തോന്നലിൽ അതിനു പിന്നാലെ പോയിട്ടില്ല.


"മാഷേ ഈ സിനിമയിലേക്ക്‌ ആളെ വേണം , ഒന്ന് ശ്രമിച്ച്‌ നോക്ക്‌" എന്ന് ഉണ്ണി രാജ നിർബന്ധിച്ചെങ്കിലും എനിക്ക്‌ വഴങ്ങില്ല എന്നാണു ഞാൻ മറുപടി കൊടുത്തത്‌. അവസാനം ഉണ്ണി തന്നെയാണു എന്‍റെ ഫോട്ടോ വാങ്ങി അയച്ച്‌ കൊടുത്തത്‌. എന്‍റെ നാടകങ്ങൾ കാണാറുള്ള ഉണ്ണി നിങ്ങളിൽ ഒരു നടനുണ്ട്‌ എന്നൊക്കെ പറയുമെങ്കിലും എനിക്കൊരു പ്രതീക്ഷയുമില്ലായിരുന്നു'' കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു. ഫോട്ടോ കണ്ട്‌ കാസ്റ്റിംഗ്‌ ഡയറക്ടർ ആയ രാജേഷ്‌ മാധവൻ വിളിച്ചു. രാജേഷ്‌ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്‌ . മൂന്ന് ഘട്ടത്തിലായുള്ള അഭിമുഖത്തിനും പത്ത്‌ ദിവസത്തെ പ്രീഷൂട്ടിനും ശേഷമാണു സിനിമയിലേക്ക്‌ തെരഞ്ഞെടുക്കുന്നത്‌. രാജേഷിനൊപ്പം ഗോകുൽ , അനിൽ എന്നീ കാസ്റ്റിംഗ്‌ ഡയറക്ടർമ്മാരും മികച്ച പിന്തുണയാണു നൽകിയത്‌.

അഭിനയത്തില്‍ കുഞ്ചാക്കോ ബോബന്‍റെ സഹായം

എന്‍റെ നാട്‌ അടങ്ങുന്ന കാസർകോട് ജില്ലയുടെ തെക്കൻ ഭാഗത്ത്‌ നടക്കുന്ന കഥയും ഭാഷയുമായതിനാൽ കാര്യങ്ങൾ എളുപ്പമായി. പുതുമുഖമായതിന്‍റെ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടേ ഇല്ല. എത്ര റീ ടേക്ക്‌ വേണ്ടി വന്നാലും ഒട്ടും പിരിമുറുക്കമില്ലാതെ തന്നെ അഭിനയിക്കാൻ സാധിച്ചു. സംവിധായകൻ രതീഷ്‌ പൊതുവാൾ ഒട്ടും സമ്മർദ്ദം തരുന്ന ആളല്ല. കഥാ പാത്രവും സീനും വിവരിച്ച്‌ തന്നിട്ട്‌ നമുക്ക്‌ ഇഷമുള്ള പോലെ ചെയ്യാൻ പറയും. എല്ലാ ദിവസും രാവിലെ എല്ലാവരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്തതിനു ശേഷമാണു ഷൂട്ടിലേക്ക്‌ കടക്കുക. സഹ സംവിധായകരും ക്യാമറാമാൻമാരുമടക്കമുള്ളവർ വളരെ നല്ല രീതിയിലുള്ള പെരുമാറ്റമായതിനാൽ ഒരു പ്രയാസവും തോന്നിയില്ല. ഏറെ പുതുമുഖങ്ങൾ ഉണ്ടാരുന്നവരിൽ പലരും മുൻപരിചയക്കാരുമായിരുന്നു.

താരപ്രഭയുള്ള നടനായതിനാൽ തന്നെ കുഞ്ചാക്കോ ബോബനുമായി ആദ്യം കുറച്ച്‌ അകലം പാലിച്ചാണു നിന്നത്‌. എന്നാൽ അദ്ദേഹം തന്നെ ഇങ്ങോട്ട്‌ വന്ന് ഇടപെട്ടപ്പോൾ അത്ഭുതമായി. തുടക്കക്കാരായ ഞങ്ങളെ പരമാവധി കംഫർട്ടബിൾ ആക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. ഒരുമിച്ചുള്ള സീനിൻ എന്‍റെ ഡയലോഗ്‌ തെറ്റിയാൽ പോലും " ഇങ്ങനെ പറഞ്ഞ്‌ നോക്ക്‌ മാഷേ, ഇങ്ങനെ ചെയ്ത്‌ നോക്ക്‌ " എന്നൊക്കെ അദ്ദേഹം പറയും. ഇത്ര വലിയ താരം ഇങ്ങനെയൊക്കെ അഡ്ജസ്റ്റ്‌ ചെയ്യുന്നത്‌ തന്നെ അത്ഭുതമായിരുന്നു....

ആരും അറിയാതെ അഭിനയിക്കാന്‍ പോയി, ടീസര്‍ വന്നപ്പോള്‍ നാട്ടുകാര്‍ അറിഞ്ഞു

ടീസറും ട്രയിലറും വന്നപ്പോഴാണു അയൽ വാസികൾപോലും സിനിമയിൽ അഭിനയിച്ച കാര്യം അറിയുന്നത്‌. ഷൂട്ട്‌ നടന്നത്‌ സമീപ പ്രദേശമായ ചീമേനിയിൽ വച്ചായതിനാൽ ദിവസേന പോയി വരുകയായിരൂന്നു. തൊട്ടടുത്തുള്ള സഹോദരിയോ മറ്റ്‌ ബന്ധുക്കളോ പോലും സിനിമയിലഭിനയിക്കാനാണു പോകുന്നത്‌ എന്നറിഞ്ഞിരുന്നില്ല.


ടീസർ വന്നപ്പോഴും ഇത്രയും വലിയ കഥാപാത്രം ആയിരിക്കും എന്ന് ആരും കരുതിയില്ല. നാട്ടുകാരിൽ മിക്കവരും സിനിമ കണ്ടു. എല്ലാവർക്കും സന്തോഷമായി. മനീഷ ക്ലബ്ബിൽ എല്ലാവരും ചേർന്ന് പായസം വച്ച് വീടുകളിൽ എത്തിച്ചു ആഘോഷിച്ചു. താൻ മെമ്പറായ പടന്ന പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ കുടുംബ്രീ പ്രവർത്തകരും പായസവിതരണം നടത്തി. രണ്ട വർഷം മുൻപ്‌ ഉദിനൂർ എ.യു.പി സ്കൂളിൽ നിന്ന് അധ്യാപനായി വിരമിച്ചു. ഭാര്യ സരസ്വതി തടിയൻ കൊവ്വൽ സ്കൂളിൽ ടീച്ചറാണ്. മൂത്ത മകൻ സാരംഗ് മർച്ചന്‍റ് നേവിയിൽ ആണ്. രണ്ടാമത്തെ മകൻ ആസാദ് ചെന്നൈയിൽ പഠിക്കുകയാണ്. കലാപ്രവർത്തനങ്ങൾ ഇഷടമായ അവരും സന്തോഷത്തിലാണ്.

നന്ദി രതീഷ് ബാലകൃഷ്ണ പൊതുവാള്‍

ഒരു പ്രതീക്ഷയുമില്ലാതിരുന്ന തനിക്ക്‌ ഇത്ര പ്രധാനപ്പെട്ട വേഷം തന്ന സംവിധായകൻ രതീഷ്‌ ബാലകൃഷ്ണ പൊതുവാളിനോടാണു ആദ്യമായി നന്ദി പറയാനുള്ളത്‌. എന്നെ തിരഞ്ഞെടുത്ത കാസ്റ്റിംഗ്‌ ഡയറക്ടർമാരോടും സഹ സവിധായകർ, മറ്റു നടൻമാർ എന്നിവരോടൊപ്പം തന്നെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദിയുണ്ട്‌.സിനിമ എന്‍റെ ചിന്തയിലേക്കെത്തിച്ച നടൻ ഉണ്ണിരാജയോട്‌ തന്നെയാണു പ്രധാന കടപ്പാട്‌. സിനിമ റിലീസ്‌ ആയത്‌ മുതൽ സിനിമാ മേഖലയിൽ നിന്നും അല്ലാതെയുമുള്ള നിരവധി പേർ അനുമോദനങ്ങളുമായി വിളിക്കുന്നുണ്ട്‌. ഇപ്പോൾ തോന്നുന്നുണ്ട്‌ - ഇനിയും അഭിനയിച്ചാൾ കൊള്ളാമെന്ന്...കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - ഇര്‍ഷാദ് പടന്ന

contributor

Similar News