'വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ'; ചര്‍ച്ചയായി പരസ്യം, കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം

കേരളത്തിലെ ശോചനീയമായ റോഡുകളെക്കുറിച്ചും റോഡുകളിലെ കുഴികളിലെക്കുറിച്ചും വാദപ്രതിവാദങ്ങളും ചര്‍ച്ചകളും ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ പരസ്യവാചകം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Update: 2022-08-11 06:10 GMT
Editor : Jaisy Thomas | By : Web Desk

ഇന്ന് തിയറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബന്‍റെ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനെതിരെ സൈബർ ആക്രമണം. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് പത്രമാധ്യമങ്ങളിൽ വന്ന പരസ്യമാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്.'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നാണ് ചിത്രത്തിന്‍റെ പരസ്യവാചകം.

 കേരളത്തിലെ ശോചനീയമായ റോഡുകളെക്കുറിച്ചും റോഡുകളിലെ കുഴികളിലെക്കുറിച്ചും വാദപ്രതിവാദങ്ങളും ചര്‍ച്ചകളും ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ പരസ്യവാചകം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യം വൈറലായിട്ടുണ്ട്. ഒപ്പം അതിന്‍മേലുള്ള ചര്‍ച്ചകളും. യോജിച്ച പരസ്യമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മോശം പരസ്യവാചകമെന്നാണ് ചിലര്‍ കമന്‍റ് ചെയ്തത്. വഴിയിൽ കുഴിയുണ്ടെങ്കിൽ ടെലിഗ്രാമിൽ കാണാം, വഴിയിൽ കുഴിയില്ലെങ്കിൽ തിയറ്ററിൽ വരാം,ടെലഗ്രാമിൽ കുഴിയില്ലല്ലൊ...ടെലഗ്രാമിൽ വരുമ്പൊ കണ്ടോളാം..എന്നിങ്ങനെ രസകരമായ കമന്‍റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനിടയില്‍ സിനിമ ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ടും ചിലര്‍ രംഗത്തെത്തി.

Advertising
Advertising

എന്നാല്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.


എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രയിലറിലും റോഡിലെ കുഴികളെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. എം.എല്‍.എയുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച കള്ളനെ പട്ടി കടിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും നിയമനടപടികളുമാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് ട്രയിലര്‍ നല്‍കുന്ന സൂചന. കള്ളനായ അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. വേറിട്ട ഗെറ്റപ്പിലും സംസാരശൈലിയിലുമാണ് ചാക്കോച്ചന്‍റെ കഥാപാത്രമെത്തുന്നത്. ഗായത്രി ശങ്കറാണ് നായിക.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. സന്തോഷ് ടി.കുരുവിളയാണ് നിര്‍മാണം. ചിത്രം ഇന്ന് തിയറ്ററുകളിലെത്തും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News