പ്രി-റിലീസ് പരിപാടിക്കിടെ വാള്‍ വീശി പവന്‍ കല്യാണ്‍, തലനാരിഴക്ക് രക്ഷപ്പെട്ട് ബോഡി ഗാര്‍ഡ്; വൈറല്‍ വിഡിയോ
ഒരു ദിവസത്തേക്ക് താൻ ആന്ധ്രാപ്രദേശിന്റെ ഉപമുഖ്യമന്ത്രിയാണെന്ന് മറന്നുപോയെന്നും പവന്‍ കല്യാണ്‍ പറഞ്ഞു
ഹൈദരാബാദ്: നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ദേ കോൾ ഹിം ഒജി'.ചിത്രത്തിന്‍റെ പ്രി-റിലീസ് പരിപാടിയില്‍ പവന്‍ കല്യാണ്‍ വാള്‍ വീശിയപ്പോള്‍ അംഗരക്ഷകന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇതിന്‍റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹൈദരാബാദിലെ എൽബി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഏവരെയും ഞെട്ടിക്കുന്ന എന്‍ട്രിയുമായാണ് പവന്‍ കല്യാണെത്തിയത്.
ചിത്രത്തിലെ കഥാപാത്രമായ ഓജസ് ഗംഭീര അഥവാ ഒജി ആയി വേഷമിട്ടാണ് നടന്‍ വേദിയിലേക്ക് പ്രവേശിച്ചത്. കറുത്ത വസ്ത്രത്തിലെത്തിയ പവന്‍ കല്യാണിന്‍റെ കൈയില്‍ വാളുമുണ്ടായിരുന്നു.ഇതുമായി അദ്ദേഹം വേദിയിലൂടെ നടക്കുകയും ആരാധകരെ കൈവീശിക്കാണിക്കുകയും ചെയ്തു.ഇതിനിടയിലാണ് കൈയിലുണ്ടായിരുന്ന വാള്‍ പിന്നിലേക്ക് വീശിയപ്പോള്‍ അവിടെയുണ്ടായിരുന്ന ബോഡിഗാര്‍ഡിന്‍റെ മുഖത്തിന് തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ പോയത്. ഇത് കണ്ട് ബോഡിഗാര്‍ഡ് ഞെട്ടിത്തരിക്കുന്നതും വിഡിയോയില്‍ കാണാം..എന്നാല്‍ ഇതൊന്നുമറിയാതെ പവന്‍ കല്യാണ്‍ മുന്നോട്ട് നടക്കുകയും ചെയ്യുന്നുണ്ട്.
സിനിമാ പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഒരു ദിവസത്തേക്ക് താൻ ആന്ധ്രാപ്രദേശിന്റെ ഉപമുഖ്യമന്ത്രിയാണെന്ന് മറന്നുപോയെന്നും അദ്ദേഹം പറഞ്ഞു."ഒരു ഡെപ്യൂട്ടി മുഖ്യമന്ത്രി വാളുമായി നടക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അല്ലെങ്കിൽ കണ്ടിട്ടുണ്ടോ? ഇതൊരു സിനിമയായതിനാൽ എനിക്കിങ്ങനെ നടക്കാൻ കഴിയും," അദ്ദേഹം വിശദീകരിച്ചു. ഒജിയിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അദ്ദേഹം പ്രശംസിച്ചു. കഥാപാത്രത്തിന്റെ വേഷം ധരിച്ച് പരിപാടിയിൽ പങ്കെടുക്കാൻ തന്നെ പ്രേരിപ്പിച്ചത് നിർമ്മാതാവാണെന്നും പവൻ കല്യാണ്‍ വെളിപ്പെടുത്തി.
സെപ്റ്റംബർ 25 നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.പവൻ കല്യാണും ബോളിവുഡ് നടന്‍ ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ പ്രിയങ്ക മോഹൻ, അർജുൻ ദാസ്, പ്രകാശ് രാജ് , സുഭലേഖ സുധാകർ, ശ്രിയ റെഡ്ഡി, സുദേവ് നായർ എന്നിവരും അഭിനയിക്കുന്നുണ്ട്.