'എന്നും അയാളുടെ കാലമല്ലേ'; റീറിലീസിലും ബോക്സോഫീസ് തൂക്കി രാവണപ്രഭു
ആവേശത്തോടെയാണ് റീ റിലീസിനെ ആരാധകര്‍ ഏറ്റെടുത്തത്
Photo| Facebook
റീ റിലീസിലും തിയറ്ററുകൾ പൂരപ്പറമ്പാക്കി രാവണപ്രഭു. മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിന്‍റെ 4കെ പതിപ്പാണ് വീണ്ടും ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. മംഗലശ്ശേരി നീലകണ്ഠനും എം.എൻ കാര്‍ത്തികയേനും ജാനകിയുമെല്ലാം ഒരിക്കൽ കൂടി സ്ക്രീനിലെത്തിയപ്പോൾ പുതുതലമുറ അത് ആഘോഷമാക്കി.
ആവേശത്തോടെയാണ് റീ റിലീസിനെ ആരാധകര്‍ ഏറ്റെടുത്തത്. എറണാകുളം കവിതയിൽ നിന്നുള്ള ആഘോഷത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. 170 ഓളം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. നേരത്തെ മോഹൻലാലിന്‍റെ മണിച്ചിത്രത്താഴ്, ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങളുടെ റീ റിലീസിന് വമ്പൻ വരവേൽപായിരുന്നു ലഭിച്ചത്. മുൻപ് ചിത്രം തിയറ്ററുകളിൽ കാണാൻ സാധിക്കാത്തതിന്‍റെ സങ്കടം റീ റിലീസിൽ ആരാധകര്‍ തീര്‍ക്കുകയായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം 4K അറ്റ്മോസില്‍ എത്തിക്കുന്നത് മാറ്റിനി നൗ ആണ്.
രഞ്ജിത്തിന്‍റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിലാണ് എത്തിയിരിക്കുന്നത്. 2001ലാണ് ചിത്രം പുറത്തിറങ്ങിയത്. ഐ.വി ശശി സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ ദേവാസുരത്തിന്‍റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം സ്വർഗ്ഗചിത്ര വിതരണം ചെയ്തിരിക്കുന്നു. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. നെപ്പോളിയൻ, ഇന്നസെന്‍റ്, സിദ്ദിഖ്, വിജയരാഘവൻ, വസുന്ധര ദാസ്. രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.