34 വര്‍ഷങ്ങൾക്ക് മുൻപ് പ്രേക്ഷകരെ പേടിപ്പിച്ച ചിത്രം; വെബ് സീരീസായി തിരിച്ചെത്തുന്നു
പാർത്ഥോ ഘോഷ് സംവിധാനം ചെയ്ത് 1991 മേയ് 31നാണ് ചിത്രം പുറത്തിറങ്ങിയത്
മുംബൈ: 34 വര്‍ഷങ്ങൾക്ക് മുന്‍പ് പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടിയ ചിത്രം വീണ്ടും കാണാൻ അവസരം. മാധുരി ദീക്ഷിത്, ജാക്കി ഷ്രോഫ്, മൂൺ മൂൺ സെൻ തുടങ്ങിയ താരങ്ങൾ അഭിനയിച്ച സൈക്കോളജിക്കൽ ത്രില്ലറായ '100 ഡേയ്സ്' വീണ്ടും പേടിപ്പിക്കാനെത്തുന്നത്. റി റീലിസായല്ല ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. വെബ് സിരീസായിട്ടാണ് 100 ഡേയ്സ് എത്തുന്നത്.
പാർത്ഥോ ഘോഷ് സംവിധാനം ചെയ്ത് 1991 മേയ് 31നാണ് ചിത്രം പുറത്തിറങ്ങിയത്. 95 ലക്ഷം രൂപ ബജറ്റിൽ ഒരുക്കിയ സിനിമ ബോക്സോഫീസിൽ 8.9 കോടി കലക്ഷൻ നേടിയിരുന്നു. 1984-ലെ തമിഴ് സൂപ്പർഹിറ്റ് ചിത്രമായ നൂർവത്തു നാളിന്‍റെ റീമേക്കായിരുന്നു.1977-ലെ ഇറ്റാലിയൻ ക്ലാസിക് ചിത്രമായ സെറ്റെ നോട്ട് ഇൻ നീറോ (ദി സൈക്കിക്), ഹോളിവുഡ് ത്രില്ലർ ചിത്രമായ ഐസ് ഓഫ് ലോറ മാർസ് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്.
ഉറക്കത്തിൽ എപ്പോഴും കൊലപാതകങ്ങളെക്കുറിച്ച് സ്വപ്നം കാണുന്ന യുവതിയുടെ കഥയാണ് 100 ഡേയ്സ് പറയുന്നത്. ഇതിൽ അസ്വസ്ഥയായ അവൾ കാരണം കണ്ടെത്താൻ ശ്രമിക്കുന്നു. ഇതിന് പിന്നിൽ ഒരു സീരിയൽ കില്ലര്‍ ഉണ്ടെന്ന് പിന്നീട് കഥ വെളിപ്പെടുത്തുന്നു. ദേവി എന്ന കഥാപാത്രത്തെയാണ് മാധുരി ദീക്ഷിത് അവതരിപ്പിച്ചത്.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വെബ് സീരിസായി ചിത്രമെത്തുമ്പോൾ അഭിഷേക് കുമാറും സൃഷ്ടി സിങ്ങുമാണ് പ്രധാന വേഷത്തിലെത്തുന്നത്. പരമ്പരയുടെ ഷൂട്ടിംഗ് ഏകദേശം പൂർത്തിയായതായും ഈ വർഷം അവസാനത്തോടെ ഇത് റിലീസ് ചെയ്യുമെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ടിൽ പറയുന്നു. ആമസോൺ എംഎക്സ് പ്ലെയറിന്റെ വെർട്ടിക്കൽ പ്ലാറ്റ്‌ഫോമായ എംഎക്സ് ഫറ്റാഫറ്റിൽ ഒരു മൈക്രോ-ഡ്രാമയായി സ്ട്രീം ചെയ്യും.