ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡില്‍ റോക്കട്രിയുടെ ട്രയിലര്‍

വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പ്രമേയമായ ചിത്രം പുതിയൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ്

Update: 2022-06-13 04:20 GMT
Editor : Jaisy Thomas | By : Web Desk

ന്യൂയോര്‍ക്ക്: പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമായിരുന്നു 'റോക്കട്രി ദ-നമ്പി എഫക്ട്. നടന്‍ ആര്‍.മാധവന്‍റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തില്‍ മാധവന്‍ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പ്രമേയമായ ചിത്രം പുതിയൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആയ ന്യൂ യോർക്കിലെ ടൈംസ് സ്‌ക്വയറിലെ NASDAQ-ൽ റോക്കട്രിയുടെ ട്രയിലര്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. മാധവന്‍റെയും നമ്പി നാരായണന്‍റെയും സാന്നിധ്യത്തിലായിരുന്നു ട്രയിലര്‍ പ്രദര്‍ശിപ്പിച്ചത്. റോക്കട്രി സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി മാധവൻ ഡോ നമ്പി നാരായണനൊപ്പം യുഎസിൽ പര്യടനത്തിലായിരുന്നു. ആ സമയത്താണ് ടെക്സാസിലെ സ്റ്റാഫോർഡ് മേയർ സെസിൽ വില്ലിസ് ജൂൺ 3 നമ്പി ദേശീയ ദിനമായി പ്രഖ്യാപിച്ചത്. 'റോക്കട്രി ദി നമ്പി ഇഫക്റ്റ്' ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ 2022 ജൂലൈ ഒന്നിന് റിലീസ് ചെയ്യും.

Advertising
Advertising

ആര്‍. മാധവന്‍റെ ട്രൈ കളര്‍ ഫിലിംസും മലയാളികൂടിയായ ഡോക്ടര്‍ വര്‍ഗീസിന്‍റെ വര്‍ഗീസ് മൂലന്‍ പിക്‌ച്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാധവന്‍ തന്നെയാണ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവറുകള്‍ വൈറലായിരുന്നു. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ബോളിവുഡ് നടന്‍ ഷാരുഖ് ഖാനും തമിഴ് സൂപ്പർ താരം സൂര്യയും പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിൽ മാധ്യമ പ്രവർത്തകനായാണ് ഷാരൂഖ് എത്തുന്നത്. തമിഴ് പതിപ്പിൽ സൂര്യയും ആ വേഷം കൈകാര്യം ചെയ്യുന്നു.

സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്‍റെ നായിക. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുവരും സിനിമയില്‍ ഒന്നിക്കുന്നത്. ടൈറ്റാനിക് ഫെയിം റോൺ ഡൊണാച്ചി അടക്കം ഒട്ടേറെ ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആറ് രാജ്യങ്ങളിലധികം ഷൂട്ടിംഗ് നടന്ന ചിത്രം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്നതാണ്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി.എസ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News