സൈജു കുറുപ്പ് വീണ്ടും നായകനിരയിലേക്ക്; ജിബു ജേക്കബ് അഭിനയ രംഗത്തേക്ക്, പുതിയ സിനിമ ഒരുങ്ങുന്നു

മലയാള സിനിമയിലെ സംഗീത രംഗത്ത് ഏറെ ഹിറ്റുകൾ സമ്മാനിച്ച ഔസേപ്പച്ചൻ-എം.ജി.ശ്രീകുമാർ-സുജാത കൂട്ടുക്കെട്ട് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

Update: 2023-01-10 09:53 GMT
Editor : ijas | By : Web Desk
Advertising

പ്രശസ്ത സംവിധായകനായ ഹരിഹരൻ്റെ മയൂഖം എന്ന ചിത്രത്തിലൂടെ നായകനായി മലയാളത്തിലെത്തി പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകൻ്റെ മനം കവർന്ന സൈജു കുറുപ്പ് ഏറെ ഇടവേളക്കുശേഷം വീണ്ടും നായക സ്ഥാനത്തെത്തുന്നു. നവാഗതനായ സിൻ്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൈജു കുറുപ്പ് നായകനായി എത്തുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമ്മിക്കുന്നത്. കളിമണ്ണ്, മ്യാവു, എല്ലാം ശരിയാകും, മേ ഹൂം മുസ എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് തിരുവല്ല നിർമിക്കുന്ന ചിത്രമാണിത്. ജിബു ജേക്കബ്ബിൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോരുകയായിരുന്നു സിൻ്റോ സണ്ണി.

നാട്ടിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഒരു സിനിമക്ക് ആവശ്യമായ മാറ്റങ്ങളും ചേരുവകളും ചേർത്തുകൊണ്ട് തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. ചില കഥാപാത്രങ്ങൾ ഒരു അഭിനേതാവിൻ്റെ ജീവിതത്തിൽ പലപ്പോഴും വലിയ വഴിത്തിരിവിന് ഇടയാക്കുന്നുണ്ട്. ഒരു വനമേഖലയോടു ചേർന്നുള്ള ഗ്രാമത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്. കോതമംഗലത്തിനടുത്തുള്ള കുട്ടമ്പുഴയും പരിസരങ്ങളുമാണ് ചിത്രത്തിന്‍റെ ലൊക്കേഷൻ. ഏറെ വിജയം നേടിയ ശിക്കാർ, പുലിമുരുകൻ എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ഇവിടെ ചിത്രീകരിച്ച സിനിമകള്‍. ചിത്രത്തിന്‍റെ ചിത്രീകരണം ജനുവരി 18ന് ആരംഭിക്കും.

സോളമൻ്റെ തേനീച്ചകൾ ഫെയിം ദർശന ആണ് ചിത്രത്തിലെ നായിക. ഷമ്മി തിലകൻ, ജഗദീഷ്, ജോണി ആൻ്റണി, കോട്ടയം നസീർ, ശ്രിന്ധ, ജോളി ചിറയത്ത്, ശരൺ രാജ് എന്നിവർക്കൊപ്പം കടത്തൽക്കാരൻ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ചിത്രത്തിൽ അഭിനയിക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്-രതിൻ രാധാകൃഷ്ണൻ. കലാസംവിധാനം-വിനോദ് പട്ടണക്കാടൻ. മേക്കപ്പ്-മനോജ് & കിരൺ. വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ. നിശ്ചല ഛായാഗ്രഹണം-അനീഷ് സുഗതൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബോബി സത്യശീലൻ. പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ. പി.ആര്‍.ഒ-വാഴൂർ ജോസ്.

ജിബു ജേക്കബ് അഭിനയ രംഗത്തേക്കും! ഔസേപ്പച്ചൻ-എം.ജി ശ്രീകുമാർ-സുജാത കൂട്ടുകെട്ട് വീണ്ടും

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ് ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജിബു ജേക്കബിന്‍റെ ശിഷ്യനായിരുന്നു സിൻ്റോ സണ്ണി.

മലയാള സിനിമയിലെ സംഗീത രംഗത്ത് ഏറെ ഹിറ്റുകൾ സമ്മാനിച്ച കുട്ടുകെട്ടാണ് ഔസേപ്പച്ചൻ-എം.ജി.ശ്രീകുമാർ-സുജാത ടീമിൻ്റേത്. ആ കോമ്പിനേഷൻ വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിനീത് ശ്രീനിവാസൻ,വൈക്കം വിജയലഷ്മി, ഫ്രാങ്കോ, അമൽ ആൻ്റണി, സിജോ സണ്ണി എന്നിവരും ഗായകരായുണ്ട്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണിത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News