'ഓംലെറ്റ് ചവക്കാൻ പോലുമാകാത്ത വേദന,ശത്രുക്കൾക്ക് പോലും വരരുതെന്ന് ആഗ്രഹിച്ചു; രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി സൽമാൻഖാൻ
2007-ൽ 'പാർട്ണർ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ആദ്യമായി വേദന അനുഭവപ്പെട്ടതെന്നും നടന്‍ പറയുന്നു
മുംബൈ: വർഷങ്ങളായി താൻ അനുഭവിക്കുന്ന രോഗാവസ്ഥ വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ . കാജോളും ട്വിങ്കിൾ ഖന്നയും അവതരിപ്പിക്കുന്ന ടോക്ക് ഷോയിൽ ആമിർ ഖാനൊപ്പം പങ്കെടുക്കുമ്പോഴാണ് താനനുഭവിക്കുന്ന ട്രൈജെമിനൽ ന്യുറോൾജിയ എന്ന രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞത്.
'നാലോ അഞ്ചോ മിനിറ്റ് കൂടുമ്പോഴും വേദന വരും. പ്രഭാത ഭക്ഷണം പോലും കഴിക്കാനാകില്ല. കഴിഞ്ഞ ഏഴരവർഷമായി ഈ വേദന അനുഭവിച്ചുകൊണ്ടിരിക്കുന്നു. പ്രഭാതഭക്ഷണം കഴിക്കാൻ ഏകദേശം ഒന്നര മണിക്കൂർ എടുക്കുമായിരുന്നു,ഓംലെറ്റ് ചവക്കാന്‍ പോലും സാധിക്കാറില്ല. അത്രയും വേദന സഹിക്കേണ്ടി വന്നു. ഭക്ഷണം കഴിക്കാന്‍ എനിക്ക് എന്നെത്തന്നെ വേദനിപ്പിക്കേണ്ടി വന്നു.ബൈപാസ് സർജറികൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി നിരവധി പേർ ജീവിക്കുന്നുണ്ട്. എന്നാല്‍ ഈ വേദന നിങ്ങളുടെ ശത്രുക്കള്‍ക്ക് പോലും വരരുതെന്ന് നിങ്ങള്‍ ആഗ്രഹിച്ചുപോകും. ആദ്യം പല്ലുവേദനയാണെന്ന് കരുതിയെങ്കിലും പിന്നീടാണ് രോഗം ഗുരുതരമാണെന്ന് മനസിലായത്.മുമ്പ് 750 മില്ലിഗ്രാം വേദനസംഹാരികൾ കഴിച്ചിരുന്നു.2007-ൽ 'പാർട്ണർ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ആദ്യമായി വേദന അനുഭവപ്പെട്ടത്.ചിത്രത്തിലെ നായിക ലാറ ദത്ത തന്റെ മുഖത്തെ ഒരു രോമം നീക്കിയപ്പോഴും തനിക്ക് വേദന അനുഭവപ്പെടുകയായിരുന്നു'. തുടർന്നങ്ങോട്ട് ഈ വേദന ദൈനംദിന ജീവിതത്തെ ഏറെ ബുദ്ധിമുട്ടിച്ചെന്നും നടൻ പറയുന്നു.
എന്താണ് ട്രൈജമിനൽ ന്യൂറൽജിയ ?
'സൂയിസൈഡൽ ഡിസീസ്' എന്നും അറിയപ്പെടുന്ന ട്രൈജമിനൽ ന്യൂറൽജിയ , മുഖത്തെ ട്രൈജമിനൽ നാഡിയെ ബാധിക്കുന്ന വിട്ടുമാറാത്ത രോഗമാണ്. മുഖത്തിന്റെ ഒരു വശത്ത് പെട്ടെന്ന്, തീവ്രമായ, വൈദ്യുതാഘാതം പോലുള്ള വേദന പോലെ തോന്നും. കുറഞ്ഞ സമയത്തേക്കാണ് വേദന തോന്നുന്നത്. ഭക്ഷണം കഴിക്കുക,പല്ല് തേക്കുക,സംസാരിക്കുക, എന്തിന് നേരിയ കാറ്റടിച്ചാല്‍ പോലും വേദന തോന്നും. നാഡികൾ തലച്ചോറിൽ നിന്നാരംഭിക്കുന്ന ഭാഗത്ത് ഞരമ്പുകൾ ഉരസിയുണ്ടാകുമ്പോഴാണ് വേദനയുണ്ടാകുന്നത്.2011 ൽ ട്രൈജമിനൽ ന്യൂറൽജിയയ്ക്ക് സൽമാൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തിരുന്നു.