'വെബ് സീരിസിലൂടെ വ്യക്തിഹത്യ നടത്തി'; ഷാരൂഖിനും ആര്യനുമെതിരെ മാനനഷ്ടക്കേസുമായി മുൻ നാർക്കോട്ടിക് ബ്യൂറോ ഓഫീസർ സമീർ വാങ്കഡെ
ആര്യനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത് വാർത്തകളിൽ ഇടം നേടിയ ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ
മുംബൈ: ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്‍ സംവിധാനം ചെയ്ത വെബ് സീരീസായ 'ദി ബാഡ്‌സ് ഓഫ് ബോളിവുഡി'നെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് മുൻ നാർക്കോട്ടിക് ബ്യൂറോ ഓഫീസർ സമീർ വാങ്കഡെ.ആര്യനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തതിന് ദേശീയ തലത്തിൽ വാർത്തകളിൽ ഇടം നേടിയ ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ.
വെബ് സീരിസിലൂടെ തന്നെ വ്യക്തിഹത്യ നടത്തിയെന്നും മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ മോശമായി ചിത്രീകരിച്ചുവെന്നും പരാതിയില്‍ പറയുന്നു.ഇതുവഴി നിയമ നിര്‍മാണ സ്ഥാപനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ആര്യൻ ഖാൻ സംവിധാനം ചെയ്ത വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത് റെഡ് ചില്ലീസ് എന്റർടൈൻമെന്റാണ്. ഷാറൂഖ് ഖാന്‍റെയും ഭാര്യ ഗൗരിയുടെയും ഉടമസ്ഥതയിലുള്ളതാണ്റെ ഡ് ചില്ലീസ്. പരമ്പര പുറത്തിറക്കിയ റെഡ് ചില്ലീസ് എന്റർടൈൻമെന്റിനും നെറ്റ്ഫ്ലിക്സിനും എതിരെ ഫയൽ ചെയ്തിട്ടുണ്ട്.
പ്രശസ്തിയെ കളങ്കപ്പെടുത്തുകയും മുൻവിധിയോടെ അപകീർത്തിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് വാങ്കഡെയുടെ ഹരജി. നഷ്ടപരിഹാരമായി ലഭിക്കുന്ന രണ്ട് കോടി രൂപ കാൻസർ രോഗികൾക്കായി ടാറ്റ മെമ്മോറിയൽ കാൻസർ ആശുപത്രിക്ക് സംഭാവന ചെയ്യണമെന്നും ഹരജയില്‍ പറയുന്നു.
സീരിസില്‍ ഒരു കഥാപാത്രം "സത്യമേവ ജയതേ" എന്ന് പറയുകയും പിന്നാലെ നടുവിരൽ ഉയർത്തുന്നതായി കാണിക്കുന്ന രംഗമുണ്ട്.ഇത് 1971 ലെ ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയുന്ന വ്യവസ്ഥകളുടെ ഗുരുതര ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു.ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമാണെന്നും വാങ്കഡെ പറയുന്നു. ഹരജി ഇന്ന് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവിന്റെ ബെഞ്ച് പരിഗണിക്കും.
2021 ഒക്ടോബറില്‍ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ മയക്കുമരുന്ന് റെയ്ഡുമായി ബന്ധപ്പെട്ടാണ് ആര്യൻ ഖാൻ അറസ്റ്റിലായത് . സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ എൻസിബിയുടെ മുംബൈ യൂണിറ്റ് നഗര തീരത്ത് ക്രൂയിസ് കപ്പൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2022 ൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ആര്യൻ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു.