'ഇത് ബിസിനസ് അല്ല, തികച്ചും വ്യക്തിപരം': പഠാന്‍റെ വിജയത്തില്‍ ആരാധകരോട് നന്ദി പറഞ്ഞ് ഷാരൂഖ്

പ്രേക്ഷകരോടും സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവരോടും ഷാരൂഖ് നന്ദി പറഞ്ഞു

Update: 2023-03-09 06:45 GMT

Shah Rukh Khan 

Advertising

മുംബൈ: പഠാന്‍ സിനിമ ബോക്സ്ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിനു പിന്നാലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ഷാരൂഖ് ഖാന്‍.  പ്രേക്ഷകരോടും സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവരോടും ട്വീറ്റിലൂടെയാണ് ഷാരൂഖ് നന്ദി പറഞ്ഞത്.

"ഇത് ബിസിനസ് അല്ല. തികച്ചും വ്യക്തിപരമാണ്. പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുക എന്നത് ഞങ്ങളുടെ ജോലിയാണ്. ഞങ്ങളത് വ്യക്തിപരമായി എടുത്തില്ലെങ്കിൽ ഒരിക്കലും വിജയിക്കില്ല. പഠാനെ സ്നേഹിച്ചവര്‍ക്കും സിനിമയിൽ പ്രവർത്തിച്ചവർക്കും നന്ദി. കഠിനാധ്വാനത്തിനും വിശ്വാസത്തിനും ഇന്നും വിലയുണ്ടെന്ന് തെളിഞ്ഞു. ജയ് ഹിന്ദ്"- ഷാരൂഖ് ട്വീറ്റ് ചെയ്തു.

സിനിമയെ കുറിച്ചുള്ള നല്ല വാക്കുകള്‍ക്ക് സംവിധായകൻ സിദ്ധാർഥ് ആനന്ദ് പ്രേക്ഷകരെ നന്ദി അറിയിച്ചു- "പഠാൻ ആഗോളതലത്തിൽ ആളുകളെ രസിപ്പിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, നന്ദിയുണ്ട്. ആഗോളതലത്തില്‍ 1000 കോടിയിലധികം സിനിമ ഇതിനകം സിനിമ നേടി. ഹിന്ദി പതിപ്പ് 500 കോടി കടന്നതും ചരിത്രമാണ്. ആളുകള്‍ പഠാനോട് കാണിച്ച ഈ സ്നേഹത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്"

ഷാരൂഖിനൊപ്പം ദീപിക പദുകോണും ജോൺ എബ്രഹാമും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച പഠാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഹിന്ദി സിനിമയാണ്. ഇന്ത്യയിൽ ചിത്രം ഇതുവരെ 536.77 കോടി രൂപ നേടിയതായി ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് റിപ്പോർട്ട് ചെയ്തു. കളക്ഷനില്‍ ബാഹുബലി 2 ഹിന്ദി പതിപ്പിന്‍റെ റെക്കോര്‍ഡാണ് പഠാൻ മറികടന്നത്. റിലീസിന് മുൻപ് സംഘപരിവാർ അനുകൂലികള്‍ പഠാനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ബഹിഷ്കരണാഹ്വാനം നടത്തുകയും ചെയ്തിരുന്നു. സിനിമയിലെ ഒരു ഗാനരംഗത്തില്‍ ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം. ആരോപണങ്ങളെല്ലാം മറികടന്നാണ് സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചത്.





Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News