സമൂഹമാധ്യമങ്ങളെ നയിക്കുന്നത് സങ്കുചിത കാഴ്ചപ്പാടുകള്‍; പത്താന്‍ ബഹിഷ്കരണ ആഹ്വാനങ്ങള്‍ക്കിടെ പ്രതികരണവുമായി ഷാരൂഖ് ഖാന്‍

കൊല്‍ക്കത്തയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2022-12-16 03:01 GMT
Editor : Jaisy Thomas | By : Web Desk

കൊല്‍ക്കൊത്ത: സമൂഹമാധ്യമങ്ങളെ നയിക്കുന്നത് സങ്കുചിത കാഴ്ചപ്പാടുകളാണെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. തന്‍റെ പുതിയ ചിത്രമായ പത്താനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് താരത്തിന്‍റെ പ്രതികരണം. കൊല്‍ക്കത്തയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''സിനിമയും സോഷ്യല്‍ മീഡിയയിലൂടെയുളള അഭിപ്രായ പ്രകടനവും മനുഷ്യന്‍റെ അനുഭവങ്ങളും വികാരങ്ങളും വെളിപ്പെടുത്താനുളള ഏറ്റവും മികച്ച ഇടമായി മാറിയിരിക്കുന്നു. ഇന്നത്തെ കാലത്തിന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയാണ് രൂപപ്പെടുന്നത്. സോഷ്യല്‍ മീഡിയയുടെ വ്യാപനം സിനിമയെ പ്രതികൂലമായി ബാധിക്കും എന്ന വിശ്വാസത്തിനപ്പുറം സിനിമയ്ക്ക് അതിലും പ്രധാന പങ്ക് വഹിക്കാനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ചില സങ്കുചിത കാഴ്ച്ചപ്പാടുകളാണ് സോഷ്യല്‍ മീഡിയയെ പലപ്പോഴും നയിക്കുന്നത്. ഇതുമൂലം മാധ്യമ ഉപഭോഗവും അതുവഴി അതിന്റെ വാണിജ്യ മൂല്യവും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അത്തരം ശ്രമങ്ങളാണ് പൊതു അഭിപ്രായം രൂപപ്പെടുത്തുകയും അതിനെ വിഭജിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.സിനിമ മനുഷ്യ ജീവിതങ്ങള്‍ തുറന്നുകാട്ടുന്നു, ഏറ്റവും ലളിതമായ രീതിയില്‍ കഥകള്‍ പറഞ്ഞുകൊടുക്കുന്നു. ഇത് പരസ്പരം നന്നായി അറിയാന്‍ നമ്മെ സഹായിക്കുന്നു്. മനുഷ്യവര്‍ഗ്ഗത്തിന്റെ സ്വഭാവത്തെക്കുറിച്ച് വിവരിക്കുന്ന ഒരു എതിര്‍ കാഴ്ച്ചപ്പാട് ഉണ്ടാകുന്നത് ഒരു തരത്തില്‍ നല്ലതാണ്. ഐക്യത്തിനും സാഹോദര്യത്തിനുമായി മനുഷ്യരാശിയുടെ അപാരമായ കഴിവിനെ മുന്നില്‍ കൊണ്ടുവരുന്നത് ഉത്തമമാണ്''. കിംഗ് ഖാന്‍ പറഞ്ഞു.

Advertising
Advertising

ഒരിടവേളക്ക് ശേഷം ഷാരൂഖ് തിരിച്ചുവരവ് നടത്തുന്ന പത്താനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ 'ബേഷറാം റാംഗ്' എന്ന ഗാനം പുറത്തുവന്നതോടെ വിവാദത്തിനാണ് തിരി കൊളുത്തിയത്. ഷാരൂഖും ദീപിക പദുക്കോണും പ്രത്യക്ഷപ്പെട്ട ഗാനരംഗത്തില്‍ നായിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം. മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനത്തിലെ മന്ത്രിമാർ വരെ പരസ്യമായി ചിത്രത്തിലെ ഗാനരംഗത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തൽ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കിൽ ഈ സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയിൽ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത്-മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു.

സിദ്ധാർഥ് ആനന്ദാണ് പത്താൻ സംവിധാനം ചെയ്യുന്നത്. ജോൺ എബ്രഹാമാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.റോ ഏജന്‍റായ പത്താന്‍ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. അശുതോഷ് റാണ, ഗൗതം റോഡ്,ഡിംപിള്‍ കപാഡിയ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. സല്‍മാന്‍ ഖാനും ഋതിക് റോഷനും അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും പത്താനുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News