നടി ഷംന കാസിം വിവാഹിതയാകുന്നു; വരൻ വ്യവസായി ഷാനിദ് ആസിഫലി

വിവാഹനിശ്ചയ ചിത്രങ്ങൾ ഷംന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു

Update: 2022-06-01 08:53 GMT
Editor : abs | By : Web Desk

തെന്നിന്ത്യൻ നടി ഷംന കാസിം വിവാഹിതയാകുന്നു. ജെ.ബി.എസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫലിയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്ന് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ഷംന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സിനിമാ മേഖലയിൽ നിന്ന് റിമി ടോമി, പ്രിയാമണി, ലക്ഷ്മി നക്ഷത്ര, പേളി മാണി, കനിക, രചന നാരായണന്‍ കുട്ടി, മഞ്ജരി തുടങ്ങിയവർ ഷംനയ്ക്ക് ആശംസ നേർന്നു. 


Advertising
Advertising


കണ്ണൂർ സ്വദേശിനിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ സിനിമാ മേഖലയിലെത്തി. പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളജ് കുമാരൻ, ചട്ടക്കാരി, ഒരു കുട്ടനാടൻ ബ്ലോഗ്, രാജാധി രാജ, ആറു സുന്ദരിമാരുടെ കഥ, മകരമഞ്ഞ് തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.  



ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. തിരുമുരുകൻ സംവിധാനം ചെയ്ത മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി.  മലയാളത്തിന് പുറത്ത് പൂർണ എന്ന പേരിലാണ് അറിയപ്പെടുന്നത്. 



മലയാളത്തിനും തമിഴിനും പുറമേ, കന്നഡയിലും സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിരത്തിരനിലാണ് നടി അവസാനം അഭിനയിച്ചത്. സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിലും സജീവ സാന്നിധ്യമാണ്. 

കണ്ണൂരിൽ പ്രാദേശിക മത്സ്യത്തൊഴിലാളി കുടുംബത്തിൽ കാസിം, റംല ബീവി ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയവളായി 1989 മെയ് 23 നാണ് ഷംനയുടെ ജനനം. കണ്ണൂരിലെ ഉർസുലിൻ സീനിയർ സെക്കൻഡറി സ്‌കൂളിലും കണ്ണൂരിലെ സെന്റ് തെരേസ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് സ്‌കൂൾ വിദ്യാഭ്യാസം. വിദൂര വിദ്യാഭ്യാസത്തിലൂടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. പിന്നീടാണ് റിയാലിറ്റി ഷോകളിലെത്തിയത്. 


രണ്ടു വർഷം ഷംനയുമായി ബന്ധപ്പെട്ട 'വിവാഹാലോചന' വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വിവാഹാലോചനയുമായി എത്തിയ സംഘം ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്ന നടിയുടെ പരാതിയിൽ നാലു പേരെ പൊലീസ് പിടികൂടിയിരുന്നു.

ഫോണിൽ വിളിച്ച് ലക്ഷങ്ങൾ ആവശ്യപ്പെട്ടതായി നടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്തറിയിച്ചാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. മറ്റാരും തട്ടിപ്പിനിരയാകാതിരിക്കാനാണ് പരാതിപ്പെട്ടത് എന്നാണ് ഷംന പറഞ്ഞിരുന്നത്.

Summary: shamna kasim going to marry 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News