ഹോളിവുഡ് നടന്‍ പൊതുവേദിയില്‍ ചുംബിച്ച കേസ്: 15 വര്‍ഷത്തിനു ശേഷം ശില്‍പ ഷെട്ടി കുറ്റവിമുക്ത

വിവാദ ചുംബനത്തിലെ "ഇര"യാണ് ശില്‍പയെന്ന് കോടതി നിരീക്ഷിച്ചു

Update: 2022-01-25 10:41 GMT
Advertising

ഹോളിവുഡ് നടൻ പൊതുവേദിയിൽ ചുംബിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടി ശിൽപ ഷെട്ടിയ കോടതി കുറ്റവിമുക്തയാക്കി. പരാതിയിലെ ആരോപണങ്ങളൊന്നും നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് മുംബൈയിലെ കോടതി നടിയെ കുറ്റവിമുക്തയാക്കിയത്. 15 വര്‍ഷത്തിനു ശേഷമാണ് കോടതി വിധി. വിവാദ ചുംബനത്തിലെ "ഇര"യാണ് ശില്‍പയെന്ന് കോടതി നിരീക്ഷിച്ചു.

2007ലാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. രാജസ്ഥാനിൽ നടന്ന ഒരു എയ്ഡ്‌സ് ബോധവൽക്കരണ പരിപാടിയിൽ ശിൽപ ഷെട്ടിക്കൊപ്പം ഹോളിവുഡ് നടന്‍ റിച്ചാർഡ് ഗെറും പങ്കെടുത്തിരുന്നു. വേദിയിൽ വെച്ച് ഗെര്‍ ശില്‍പയെ ആലിംഗനം ചെയ്യുകയും കവിളിൽ ചുംബിക്കുകയും ചെയ്തു. തുടർന്ന് ബി.ജെ.പി, ശിവസേന പ്രവര്‍ത്തകര്‍ പരാതിയും പ്രതിഷേധവും ഉയര്‍ത്തി. വേദിയില്‍ നടന്നത് ഭാരതീയ സംസ്കാരത്തിന് എതിരാണെന്നും ഗെറെ ചുംബിച്ചപ്പോൾ പ്രതിഷേധിച്ചില്ലെന്നുമായിരുന്നു ശിൽപ ഷെട്ടിക്കെതിരായ പരാതി. പ്രതിഷേധക്കാര്‍ റിച്ചാർഡ് ഗെറയുടെ കോലംകത്തിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ രാജസ്ഥാനിലും നോയിഡയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ശില്‍പയുടെ ഹരജി പരിഗണിച്ച സുപ്രിംകോടതി, കേസ് രാജസ്ഥാൻ കോടതിയിൽ നിന്ന് മുംബൈയിലേക്ക് മാറ്റി. ഇന്ത്യൻ സംസ്കാരത്തിൽ കവിളിൽ ചുംബിക്കുന്നത് തെറ്റാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് റിച്ചാർഡ് ഗെറെ കോടതിയിൽ വിശദീകരണം നല്‍കി. റിച്ചാര്‍ഡ് ഗെറെയുടെ പ്രവൃത്തിയുടെ ഇരയാണ് ശിൽപയെന്ന് കോടതി നിരീക്ഷിച്ചു. പരാതി നിലനില്‍ക്കില്ലെന്നും മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കേത്കി ചവാൻ വ്യക്തമാക്കി. ഭാവനയില്‍ മെനഞ്ഞെടുത്ത കാര്യങ്ങള്‍ കൊണ്ട് ഒരാളെ കുറ്റവാളിയോ ഗൂഢാലോചനക്കാരിയോ ആക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News