പുറത്തേക്കുള്ള വാതിലെന്നു കരുതിയാണ് ഷൈന്‍ കോക്പിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചത്; സോഹന്‍ സീനുലാല്‍

ഷൈനിന്‍റെ പെരുമാറ്റത്തില്‍ നിന്നും ക്യാബിന്‍ ക്രൂവിന് ഉണ്ടായ തെറ്റിദ്ധാരണയാണ് പ്രശ്നങ്ങൾ വഷളാകാൻ കാരണമെന്നും സോഹൻ മാധ്യമങ്ങളോട് പറഞ്ഞു

Update: 2022-12-12 04:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

നടൻ ഷൈൻ ടോം ചാക്കോ വിമാനത്തിന്‍റെ കോക്പിറ്റിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിനെ തുടർന്ന് വിമാനത്തിൽ നിന്ന് പുറത്താക്കിയെന്ന തരത്തില്‍ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍. പുറത്തേക്കുള്ള വാതിലെന്നു കരുതിയാണ് കോക്പിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ഷൈനിന്‍റെ പെരുമാറ്റത്തില്‍ നിന്നും ക്യാബിന്‍ ക്രൂവിന് ഉണ്ടായ തെറ്റിദ്ധാരണയാണ് പ്രശ്നങ്ങൾ വഷളാകാൻ കാരണമെന്നും സോഹൻ മാധ്യമങ്ങളോട് പറഞ്ഞു. 

ഷൈന്‍ വളരെ ക്ഷീണിതനായിരുന്നു. ഫ്ലൈറ്റില്‍ കയറിയ ഉടനെ അദ്ദേഹം പുറകിലുള്ള ഒഴിഞ്ഞ സീറ്റില്‍ കിടന്ന് ഒന്ന് ഉറങ്ങാന്‍ നോക്കി. അപ്പോള്‍ ക്യാബിന്‍ ക്രൂ വന്ന് അദ്ദേഹത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു. ടേക്ക് ഓഫ് സമയത്ത് കിടക്കാന്‍ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഷൈന്‍ വിമാനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പുറത്തേക്കുള്ള വാതില്‍ എന്ന് തെറ്റിദ്ധരിച്ച് കോക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ജീവനക്കാര്‍ തടയുകയും പുറത്തേക്കുള്ള വാതില്‍ കാണിച്ച് കൊടുക്കുകയും ചെയ്തതോടെ ഷൈന്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. മലയാളികള്‍ക്കറിയാം ഷൈനിന്‍റെ ഒരു രീതി. ഷൈന്‍ പെട്ടെന്ന് എണീറ്റ് അങ്ങോട്ട് നീങ്ങിയപ്പോള്‍ ക്യാബിന്‍ ക്രൂ കരുതിയത് ഷൈന്‍ കോക്പിറ്റിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുന്നു എന്നാണ്. കോക്പിറ്റില്‍ കയറാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. അതിന്‍റെ കാര്യം അദ്ദേഹത്തിന് ഇല്ലല്ലോ. ഇത് ദുബായ് വിമാനത്താവള അധികൃതരോടും ക്യാബിന്‍ ക്രൂവിനോടുമൊക്കെ പറഞ്ഞു മനസിലാക്കാന്‍ ഒരുപാട് സമയം എടുത്തു.- സീനുലാൽ പറഞ്ഞു. 

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത് സർക്കസിന്റെ പ്രമോഷന്റെ ഭാ​ഗമായാണ് ഷൈൻ ദുബൈയിൽ എത്തിയത്. തിരിച്ച് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News