ഈ ഗാനം ഇത്ര മനോഹരമായിരുന്നോ? 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മനസിലാക്കുന്നത്; വീഡിയോ പങ്കുവച്ച് ശോഭന

25 വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ലൈമാക്സ് ഗാനമായ ഒരു മുറൈ വന്തു പാര്‍ത്തായയും അതു കഴിഞ്ഞാല്‍ പഴംതമിഴ് പാട്ടുമായിരുന്നു എന്‍റെ പ്രിയ ഗാനങ്ങള്‍

Update: 2022-10-26 06:17 GMT
Editor : Jaisy Thomas | By : Web Desk

നടി ശോഭനയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ഏതെന്നു ചോദിച്ചാല്‍ പലരുടെയും ഉത്തരം മണിച്ചിത്രത്താഴായിരിക്കും. ഗംഗ നാഗവല്ലിയായുള്ള പകര്‍ന്നാട്ടവും 'ഒരു മുറൈ വന്തു പാര്‍ത്തായ' എന്ന പാട്ടും മലയാളി ഉള്ളിടത്തോളം മറക്കില്ല. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനത്തെക്കുറിച്ച് പറയുകയാണ് ശോഭന. നമ്മളില്‍ ഭൂരിഭാഗം പേരുടെയും ഇഷ്ടഗാനങ്ങളിലൊന്നായ 'വരുവാനില്ലാരുമീ' എന്ന ഗാനമാണ് ശോഭനയുടെ പ്രിയപാട്ടുകളിലൊന്നാണ്. എന്നാല്‍ ഈ ഗാനം ഇത്ര മനോഹരമാണെന്ന് മനസിലാക്കാന്‍ 25 വര്‍ഷങ്ങള്‍ വേണ്ടി വന്നുവെന്ന് പറയുകയാണ് നടി.

Advertising
Advertising

മണിച്ചിത്രത്താഴിലെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഒരു മുറൈ വന്തു പാര്‍ത്തായും അതുകഴിഞ്ഞാല്‍ പഴംതമിഴ് പാട്ടുമാണെന്നും എന്നാല്‍ സിനിമ ഈയിടെ വീണ്ടും കണ്ടതോടെ 'വരുവാനില്ലാരുമീ' എന്ന ഗാനത്തില്‍ മയങ്ങിപ്പോയെന്നും ശോഭന കുറിക്കുന്നു. ''വരുവാനില്ലാരുമീ...അത്രയും മനോഹരമായ വരികള്‍. ഈയിടെ ചിത്രം കണ്ടപ്പോഴാണ് ഈ പാട്ട് ഇത്ര മനോഹരമാണെന്ന് മനസിലാക്കിയത്. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ലൈമാക്സ് ഗാനമായ ഒരു മുറൈ വന്തു പാര്‍ത്തായയും അതു കഴിഞ്ഞാല്‍ പഴംതമിഴ് പാട്ടുമായിരുന്നു എന്‍റെ പ്രിയ ഗാനങ്ങള്‍. ഈ മനോഹര ഗാനം ഇപ്പോഴേ ഞാൻ അഭിനന്ദിച്ചിട്ടുള്ളൂവെങ്കിലും, പ്രേക്ഷകർ വളരെ മുമ്പുതന്നെ അതിന്‍റെ സംഗീതമൂല്യം മനസ്സിലാക്കിയിട്ടുണ്ട്. ചിത്രാജിയുടെ എത്ര ശ്രദ്ധേയമായ ആലാപനം ..എം ജി രാധാകൃഷ്ണൻ ചേട്ടനെ ഓർക്കുന്നു.. ശ്രീ മധു മുട്ടം വളരെ മനോഹരമായി എഴുതിയിരിക്കുന്നു'' ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

1993 ഡിസംബര്‍ 25നാണ് മണിച്ചിത്രത്താഴ് തിയറ്ററുകളിലെത്തുന്നത്. ഫാസില്‍ സംവിധാനം ചെയ്ത സൈക്കോ ത്രില്ലര്‍ ചിത്രത്തില്‍ മോഹന്‍ലാല്‍,ശോഭന,സുരേഷ് ഗോപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു. 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും മണിച്ചിത്രത്താഴ് നേടി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News