മലൈക്കോട്ടൈ വാലിബനിലൂടെ സൊണാലി മലയാളത്തിലേക്ക്

ജനുവരി 10ന് രാജസ്ഥാനില്‍ വെച്ചാണ് മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം നടക്കുക

Update: 2023-01-03 12:45 GMT
Editor : ijas | By : Web Desk

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബനില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണി ഭാഗമാകുന്നു. സൊണാലി തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രത്തിന്‍റെ ഭാഗമാകുന്ന കാര്യം അറിയിച്ചത്. സൊണാലിയുടെ ആദ്യ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.

ലിജോയെ പോലുള്ള പ്രതിഭയോടൊപ്പവും മോഹന്‍ലാലിനെ പോലുള്ള ഇതിഹാസത്തോടൊപ്പവും ജോലി ചെയ്യാന്‍ സാധിക്കുന്നതില്‍ പുതുവര്‍ഷത്തില്‍ പ്രതീക്ഷാ നിര്‍ഭരമാണെന്ന് സൊണാലി കുറിച്ചു. ലൈക്കോട്ടൈ വാലിബന്‍ സിനിമയുടെ നിര്‍മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനും സെഞ്ച്വറി ഫിലിംസിനും സൊണാലി നന്ദി പറയുകയും ചെയ്തു.

Advertising
Advertising

ഗ്രാൻഡ് മസ്തി, സിങ്കം റിട്ടേൺസ് എന്നീ ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയയാണ് സൊണാലി. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഷട്ടർ സിനിമയുടെ മറാഠി റീമേക്കിൽ സൊണാലിയായിരുന്നു നായിക. കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്ത് മലൈക്കോട്ടൈ വാലിബന്‍റെ ഭാഗമായത് അടുത്തിടെയാണ്. ബോളിവുഡ് താരം വിദ്യുത് ജംവാള്‍, രാധിക ആപ്തെ, രാജ്പാൽ യാദവ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിൽ എത്തിയേക്കും.

ജനുവരി 10ന് രാജസ്ഥാനില്‍ വെച്ചാണ് ചിത്രത്തിന്‍റെ ചിത്രീകരണം നടക്കുക. അറുപത് ദിവസത്തെ ചിത്രീകരണമാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന ചിത്രത്തിന് പ്രശാന്ത് പിള്ള സംഗീതം ചെയ്യും. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.

അതിനിടെ മലൈക്കോട്ടൈ വാലിബനില്‍ കമല്‍ ഹാസന്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ കമല്‍ ഹാസനെ കൊണ്ടുവരാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. ഷിബു ബേബി ജോണിന്‍റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ജോണ്‍ മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News