ശ്രീനി സാര്‍ ഒരു അത്ഭുതം തന്നെയാണ്; കുറുക്കന്‍റെ വിശേഷങ്ങളുമായി അമര എസ്.പല്ലവി

ഒട്ടേറെ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ തിളങ്ങിയ മോഡലും നടിയുമാണ് അമര

Update: 2023-08-02 02:17 GMT
Editor : Jaisy Thomas | By : Web Desk

അമര എസ്.പല്ലവി

Advertising

കൊച്ചി: പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി തിയേറ്ററില്‍ വിജയക്കുതിപ്പില്‍ ഓടുന്ന പുതിയ ചിത്രം 'കുറുക്കനി'ലൂടെ മലയാളത്തിനിതാ ഒരു പുതിയ താരം... അമര എസ്. പല്ലവി. ഒട്ടേറെ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ തിളങ്ങിയ മോഡലും നടിയുമാണ് അമര.ആദ്യമായി പ്രേക്ഷകരിലെത്തുന്ന അമരയുടെ ആദ്യചിത്രം കൂടിയാണ് കുറുക്കന്‍.ട്രാഫിക് പൊലീസ് ഇന്‍സ്പെക്ടറായ 'നിഷാന' എന്ന കഥാപാത്രത്തെയാണ് അമര ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്.

കുറുക്കന്‍ തിയേറ്ററില്‍ ഗംഭീര വിജയം നേടിയതിന്‍റെ സന്തോഷത്തിലാണ് താരം. കുറുക്കനില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിനേക്കാളേറെ അമരയ്ക്ക് സന്തോഷം ശ്രീനിവാസനെ നേരില്‍ കാണാനും സംസാരിക്കാനും കഴിഞ്ഞതിനാലാണ്. വളരെ കുറച്ചു സീനുകളിലേ ഞാനുള്ളൂ. പക്ഷേ ആ സീനുകള്‍ ശ്രീനിവാസന്‍ സാറിനൊപ്പമായിരുന്നു. ശ്രീനി സാര്‍ ഒരു അത്ഭുതം തന്നെയാണ്. ഒരു ലെജന്‍റ്. പുതിയ ആര്‍ട്ടിസ്റ്റായിട്ടും ശ്രീനി സാര്‍ എന്നോട് വളരെ കരുതലോടെയാണ് സംസാരിക്കുകയും പെരുമാറുകയും ചെയ്തത്. അഭിനയത്തിനിടയില്‍ എനിക്കുണ്ടായ ചെറിയ പിശകുകള്‍ പോലും അദ്ദേഹം എനിക്ക് തിരുത്തി തന്നിരുന്നു. ഇത്രയും സീനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നിട്ടും എന്നെപ്പോലുള്ള പുതുമുഖങ്ങളോട് എത്ര സ്നേഹപൂര്‍വ്വമാണ് പെരുമാറിയത്. കുറുക്കന്‍ സിനിമയിലെ എന്നെ ഏറ്റവും അധികം സന്തോഷിപ്പിച്ചത് ശ്രീനി സാറിനോടൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങളായിരുന്നു. അമര എസ് പല്ലവി പറയുന്നു.

മോഡലായിട്ടും ആര്‍ട്ട് ഫിലിമുകളിലും പ്രവര്‍ത്തിച്ചുവരുന്നതിനിടെ വളരെ യാദൃശ്ചികമായിട്ടാണ് കുറുക്കനില്‍ ഞാന്‍ എത്തുന്നത്. ഞാന്‍ അഭിനയിച്ച ഒന്നു രണ്ട് സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ഉടനെ അത് പ്രേക്ഷകരിലെത്തും. സംവിധായകനും നടനുമായ സോഹന്‍ സീനുലാലിന്‍റെ പുതിയ ചിത്രം 'ഡാന്‍സ് പാര്‍ട്ടി'യാണ് എന്‍റെ അടുത്ത ചിത്രം.

കൊല്ലം സ്വദേശിനിയായ അമര എസ് പല്ലവി ഇപ്പോള്‍ കൊച്ചിയിലാണ് താമസം. നല്ല ചിത്രങ്ങളുടെ ഭാഗമായി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താല്പര്യമെന്ന് താരം പറയുന്നു. ബിരുദധാരിയായ അമരയ്ക്ക് അനുകരണ സ്വഭാവമില്ലാത്ത സ്വന്തമായൊരു അഭിനയശേഷി കാഴ്ചവെയ്ക്കാനാണ് ആഗ്രഹം. വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജയലാൽ ദിവാകരൻ ഒരുക്കിയ ചിത്രമാണ് കുറുക്കന്‍. അസുഖത്തെ തുടര്‍ന്നുള്ള വിശ്രമത്തിന് ശേഷം ശ്രീനിവാസന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കുറുക്കന്‍.വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈറാണ് കുറുക്കന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News