'ഒരടി മുന്നോട്ടുവയ്ക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു, ഞാനിപ്പോള്‍ മരിക്കാൻ കിടക്കുകയല്ല'; തുറന്നടിച്ച് സാമന്ത

''ഇരുണ്ടൊരു കാലമായിരുന്നു അത്. വലിയ ഡോസിലുള്ള മരുന്നുകളും ഡോക്ടർമാരെ കാണാനുള്ള നിരന്തര യാത്രകളുമെല്ലാമായി തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു''

Update: 2022-11-08 07:21 GMT
Editor : Shaheer | By : Web Desk

ഹൈദരാബാദ്: കടന്നുപോയിക്കൊണ്ടിരിക്കുന്ന രോഗാവസ്ഥയെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളിൽ തുറന്നടിച്ച് തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത. താനിപ്പോൾ മരിക്കാൻ കിടക്കുകയല്ലെന്നും അത്തരത്തിലുള്ള വാർത്തകൾ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒരടിപോലും മുന്നോട്ടു നടക്കാൻ പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്നും ഇപ്പോൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും വികാരഭരിതയായി നടി വെളിപ്പെടുത്തി.

പുതിയ ചിത്രം 'യശോദ'യുടെ പ്രമോഷൻ പരിപാടികൾക്കിടെയായിരുന്നു സാമന്തയുടെ തുറന്നുപറച്ചിൽ. ''ചില ദിവസങ്ങൾ മോശമായിരിക്കും. ചിലപ്പോൾ നല്ലതുമായിരിക്കും. ഒരടി മുന്നോട്ടുവയ്ക്കാൻ പോലും ആകില്ലെന്ന് തോന്നിയ സമയമുണ്ടായിരുന്നു. എന്നാൽ, തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം തോന്നുകയാണ്. എത്രയോ മുന്നോട്ടുപോയി. ഞാനൊരു പോരാളിയാണ്.''നടി പറഞ്ഞു.

Advertising
Advertising

താനിപ്പോൾ അപകടകരമായ സ്ഥിതിയിലല്ലെന്നും സാമന്ത വ്യക്തമാക്കി. ''ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാൻ അപകടാവസ്ഥയിലാണെന്നു വിവരിച്ചുകൊണ്ടുള്ള ഒരുപാട് റിപ്പോർട്ടുകൾ കണ്ടു. ഞാനിപ്പോൾ മരിക്കാന്‍ കിടക്കുകയൊന്നുമല്ല. നിലവിൽ ഞാൻ മരിച്ചിട്ടില്ല. അത്തരം തലക്കെട്ടുകൾ അനാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്.''-അവർ ചൂണ്ടിക്കാട്ടി.

ഇരുണ്ടൊരു കാലമായിരുന്നു അത്. ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരുന്നു. വലിയ ഡോസിലുള്ള മരുന്നുകളും ഡോക്ടർമാരെ കാണാനുള്ള നിരന്തര യാത്രകളുമെല്ലാമായി തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു. എല്ലാ ദിവസവും ഫലപ്രദമായി ഉപയോഗിക്കാനായില്ലെങ്കിലും പ്രശ്‌നമില്ല. ചിലപ്പോഴൊക്കെ പരാജയപ്പെട്ടാലും പ്രശ്‌നമില്ല. എപ്പോഴും നല്ല സമയം തന്നെയാകണമെന്നില്ല. രോഗിയും അവശയുമെല്ലാം ആകാവുന്നതേയുള്ളൂ. ഒടുവിൽ നമ്മൾ തന്നെ വിജയിക്കും-സാമന്ത കൂട്ടിച്ചേർത്തു.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതായ റിപ്പോർട്ടുകൾക്കിടെ സാമന്ത തന്നെയാണ് തന്നെ ബാധിച്ച രോഗം പരസ്യപ്പെടുത്തിയത്. പേശീവീക്കം എന്നറിയപ്പെടുന്ന 'മയോസൈറ്റിസ്' രോഗമാണ് താരത്തെ ബാധിച്ചിരുന്നത്. എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നതാണ് രോഗം. പുതിയ തെലുഗ് ചിത്രം 'യശോദ'യുടെ ട്രെയിലറിന് ലഭിച്ച വലിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു സാമന്തയുടെ വെളിപ്പെടുത്തൽ.

കഴിഞ്ഞ ഒരു മാസമായി സാമന്ത സിനിമയിൽനിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു. യു.എസിൽ വെച്ചാണ് ചികിത്സകൾ നടത്തുന്നതെന്നാണ് തെലുഗ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 'അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവ്' ആണ് സാമന്ത നായികയായി അഭിനയിക്കാനിരിക്കുന്ന പുതിയ ചിത്രം. ചിത്രത്തിൽ ബൈ സെക്ഷ്വൽ ഡിറ്റക്റ്റീവ് കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. മലയാളി നടൻ ദേവ് മോഹൻ അഭിനയിക്കുന്ന 'ശാകുന്തള'വും സാമന്തയുടേതായി ചിത്രീകരിക്കാനിരിക്കുന്ന സിനിമയാണ്.

Summary: Tollywood star Samantha says her illness is not life-threatening, trashes exaggerated headlines: 'I'm not dead yet'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News