സെയ്‌ഫിനെ കുറിച്ച് ചോദിച്ചപ്പോൾ '105 കോടി' കളക്ഷനെ കുറിച്ച് മറുപടി; മാപ്പ് പറഞ്ഞ് ഉർവശി റൗട്ടേല

സെയ്‌ഫ് അലി ഖാന് കുത്തേറ്റ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ തന്റെ പുതിയ ചിത്രം ഡാക്കു മഹരാജിന്റെ കളക്ഷനെ കുറിച്ചും ധരിച്ചിരിക്കുന്ന വജ്രാഭരണങ്ങളെ കുറിച്ചുമായിരുന്നു ഉർവശിയുടെ മറുപടി.

Update: 2025-01-18 14:16 GMT
Editor : banuisahak | By : Web Desk

സെയ്‌ഫ് അലി ഖാനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചും സെയ്‌ഫ്‌ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചും മുൻനിര താരങ്ങൾ അടക്കം നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തിൽ നടി ഉർവശി റൗട്ടേലയുടെ മറുപടിയാണ് അമ്പരപ്പിച്ചത്. ഏതാനും ദിവസങ്ങളായി ഉർവശിയുടെ മറുപടിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. 

സെയ്‌ഫ് അലി ഖാന് കുത്തേറ്റ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ തന്റെ പുതിയ ചിത്രം ഡാക്കു മഹരാജിന്റെ കളക്ഷനെ കുറിച്ചും ധരിച്ചിരിക്കുന്ന വജ്രാഭരണങ്ങളെ കുറിച്ചുമായിരുന്നു ഉർവശിയുടെ മറുപടി. സാഹചര്യത്തിന് യോജിക്കാത്ത താരത്തിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾക്ക് കാരണമായി. പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഉർവശി റൗട്ടേല. 

Advertising
Advertising

സാഹചര്യത്തിന്റെ യഥാര്‍ഥ തീവ്രത മനസിലാക്കാതെയാണ് താൻ പ്രതികരിച്ചതെന്നും പശ്ചാത്താപമുണ്ടെന്നും നടി സോഷ്യൽ മീഡിയയിൽ കുറിച്ചു. പുതിയ ചിത്രം വിജയിച്ചതിന്റെ ആവേശത്തിലായിരുന്നു താനെന്നും സെയ്‌ഫിനോട് മാപ്പ് ചോദിക്കുന്നുവെന്നും നടി കുറിച്ചു. 

'പ്രിയപ്പെട്ട സെയ്‌ഫ് അലി ഖാൻ സർ, വളരെ പശ്ചാത്താപത്തോടെയാണ് ഞാനിത് എഴുതുന്നത്. താങ്കൾ നേരിടുന്ന സാഹചര്യത്തെ കുറിച്ച് എനിക്കൊരു അറിവും ഉണ്ടായിരുന്നില്ല. ആ സാഹചര്യങ്ങളെ മനസിലാക്കാന്‍ ശ്രമിക്കുന്നതിന് പകരം ഞാന്‍ ഡാക്കു മഹാരാജിന്റെയും എനിക്ക് ലഭിച്ച സമ്മാനങ്ങളുടെയും ആവേശത്തിലായിരുന്നു. അതിൽ എനിക്ക് ലജ്ജ തോന്നുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നിങ്ങള്‍ കാണിച്ച സഹിഷ്‌ണുത പ്രശംസനീയമാണ്. നിങ്ങളുടെ കരുത്തിനെ ബഹുമാനിക്കുന്നു'- ഉർവശി കുറിച്ചു. അറിവില്ലായ്‌മ കൊണ്ട് സംഭവിച്ചതാണെന്നും തന്റെ ക്ഷമാപണം സ്വീകരിക്കണമെന്നും ഉർവശി ആവശ്യപ്പെട്ടു. 

സെയ്‌ഫ് അലി ഖാന് കുത്തേറ്റ സംഭവത്തെ കുറിച്ച് പ്രതികരണം തേടിയപ്പോൾ ഉർവശിയുടെ മറുപടി ഇങ്ങനെയായിരുന്നു; ‘വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. നോക്കൂ, ഡാക്കു മഹാരാജ് ഇപ്പോള്‍ ബോക്‌സ് ഓഫീസിൽ 105 കോടി കളക്ഷൻ പിന്നിട്ടുകഴിഞ്ഞു. എന്റെ അമ്മ സമ്മാനമായി ഈ ഡയമണ്ട് പതിച്ച റോളക്‌സ്‌ വാച്ചാണ് നൽകിയത്. അച്ഛൻ ഈ മിനി ഡയമണ്ട് വാച്ചും നൽകി. പക്ഷേ, ഇതൊക്കെ ധരിച്ച് ആത്മവിശ്വാസത്തോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ആര്‍ക്കും ഞങ്ങളെ ആക്രമിക്കാമെന്ന് അരക്ഷിതാവസ്ഥ ഞങ്ങളെ ബാധിച്ചിട്ടുണ്ട്.’

വിഷയത്തിൽ നിന്ന് മാറിപ്പോയ ഉർവശിയോട് വീണ്ടും സെയ്‌ഫിനെ കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് മാത്രമാണ് ഉർവശി മറുപടി പറഞ്ഞത്. വീഡിയോ പുറത്തുവന്നതോടെ വിമർശനങ്ങളും കടുത്തു. ഉർവശി ഏതോ മായാലോകത്താണെന്നും ഒരാൾ മരണാസന്ന നിലയിൽ കിടക്കുമ്പോൾ എങ്ങനെയാണ് ഇങ്ങനെ പറയാൻ സാധിക്കുന്നതെന്നും ആളുകൾ വിമർശിച്ചു. പിന്നാലെയാണ് താരം മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News