ബെംഗളൂരു: വിജയ് ദേവരക്കൊണ്ടയും സാമന്തയും ഒരുമിച്ച ഖുഷി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം 50 കോടി കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് വിജയ്. 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാന്‍ 1 കോടി സംഭാവന നല്‍കുമെന്ന് നടന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
“എന്‍റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കാൻ 100 കുടുംബങ്ങൾക്ക് ഒരു കോടി രൂപ വിതരണം ചെയ്യുമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു. 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഈ പണം എന്‍റെ സ്വകാര്യ അക്കൗണ്ടിൽ നിന്നുള്ളതാണ്''. വിജയ് ആരാധകരോട് പറഞ്ഞു. താരത്തിന്‍റെ വാക്കുകളെ ആരാധകര്‍ കയ്യടികളോടെയും ആര്‍പ്പുവിളികളോടെയുമാണ് എതിരേറ്റത്. ഈ വർഷമാദ്യം വിജയ് 100 ആരാധകരെ എല്ലാ ചെലവുകളും നൽകി മണാലിയിലേക്ക് അയച്ചിരുന്നു.ഫിലിം ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ഇതിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
സിനിമക്കെതിരെ വ്യാജ നിരൂപണങ്ങളും നിഷേധാത്മക കമന്‍റുകളും വന്നിട്ടും ഖുഷിയുടെ വിജയത്തിന് കാരണക്കാരായ തന്‍റെ ആരാധകർക്ക് വേണ്ടി പ്രവർത്തിക്കാനാണ് താൻ ഇനി മുതൽ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചിലര്‍ സിനിമക്കെതിരെ നെഗറ്റീവ് പ്രചരണം നടത്തുന്നുണ്ടെന്നും എന്നാല്‍ തന്‍റെ ആരാധകര്‍ സ്നേഹം കൊണ്ട് അതിനെ മറികടന്നെന്നും വിജയ് വിശദീകരിച്ചു. വികാരധീനനായിട്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മഹാനടിയ്ക്കുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഖുഷി. ശിവ നിർവാണയാണ് സംവിധാനം. പ്രമുഖ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സാണ് ഖുഷി അവതരിപ്പിക്കുന്നത്. മലയാളി സംഗീത സംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ഖുഷിയിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റായിട്ടുണ്ട്. ശിവ നിർവാണയാണ് സംവിധാനം. പ്രമുഖ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സാണ് ഖുഷി അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ, ലക്ഷ്മി, അലി, ശരണ്യ പൊൻവണ്ണൻ, രോഹിണി, വെണ്ണല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ പ്രദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.