'ആളുകളുടെ ഇടയിൽ എത്തുമ്പോൾ എനിക്ക് എന്നെ കൺട്രോൾ ചെയ്യാനറിയില്ല'; പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതിനെക്കുറിച്ച് വിനായകൻ

സിനിമ, സിനിമയുടെ ബിസിനസ് അതാണ് ഞാൻ മെയിൻ ആയിട്ട് നോക്കാറുള്ളത്

Update: 2025-12-02 06:09 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: മമ്മൂട്ടിയും വിനായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കളങ്കാവൽ’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിന് വേണ്ടി നടിയും അവതാരകയുമായ ജ്യൂവൽ മേരി വിനായകനുമായി നടത്തിയ അഭിമുഖം വൈറലായിരിക്കുകയാണ്. തന്‍റെ സിനിമാജീവിതത്തെക്കുറിച്ചും കളങ്കാവലിനെക്കുറിച്ചും പറഞ്ഞ വിനായകൻ താൻ എന്തുകൊണ്ടാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതിനെക്കുറിച്ചും തുറന്നു പറഞ്ഞു.

"ശരിക്കും എനിക്ക് ആൾക്കൂട്ടത്തെ കാണുന്നത് ഇഷ്ടമല്ല. അതാണ് ഞാൻ പൊതുവേദികളിലും ആൾക്കാരുടെ ഇടയിലേക്കും വരാത്തത്. ആളുകളുടെ ഇടയിൽ എത്തുമ്പോൾ എനിക്ക് എന്നെത്തന്നെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല. അത് ശരിക്കും എന്‍റെ പ്രശ്നമാണ്. പുറത്തിറങ്ങുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകും, അതാണ് അതിന്റെ യഥാർത്ഥ സത്യം അല്ലാതെ ഞാൻ നാട്ടുകാരെ വിട്ടിട്ട് ഓടുന്നതല്ല. എനിക്ക് എന്നെത്തന്നെ കൺട്രോൾ ചെയ്യാൻ അറിയില്ല. എന്റെ ഒരു കഴിവുകേടാണത്. അതിനെ അങ്ങനെ കണ്ടാൽ മതി. അല്ലാതെ ആരോടും ദേഷ്യമില്ല,” വിനായകൻ പറഞ്ഞു.

Advertising
Advertising

"സിനിമ, സിനിമയുടെ ബിസിനസ് അതാണ് ഞാൻ മെയിൻ ആയിട്ട് നോക്കാറുള്ളത്. എനിക്ക് ജനങ്ങളോട് സംസാരിക്കാൻ അറിയില്ല, ഒന്നും ഉൾക്കൊള്ളാൻ പറ്റണം എന്നില്ല. പൊതുവേദിയിൽ സംസാരിക്കാൻ അറിയില്ല. മുമ്പിൽ ആളുകൾ ഉണ്ടെങ്കിൽ അവരുടെ ഐ കോൺടാക്ട് വരുന്നത് എനിക്ക് ഭയങ്കര പ്രശ്നമാണ്. ഞാൻ ഇന്നും എന്നെ ഒരു സെലിബ്രിറ്റി ആയിട്ട് കണ്ടിട്ടില്ല അതാണ് വാസ്തവം. അതെല്ലാം എന്റെ കുറെ പ്രശ്നങ്ങൾ കാരണമാണ്. അതൊന്നും പബ്ലിക് ആയിട്ട് വന്നു കാണിക്കണ്ട എന്ന് കരുതിയാണ് പൊതുവേദികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത്. താല്പര്യമില്ല എന്നല്ല താല്പര്യമുണ്ട്, പക്ഷേ പറ്റുന്നില്ല. പത്തു പേർ നിൽക്കുമ്പോൾ രണ്ടുപേർ എന്നെ തോണ്ടും, എന്റെ സ്വഭാവം അനുസരിച്ച് ഞാൻ എന്തെങ്കിലും പറയും. പിന്നെ അത് പ്രശ്നമാകും. അതിനേക്കാൾ ഏറ്റവും നല്ലത് വീട്ടിൽ ഇരിക്കുക എന്നതാണ്."

"ഇടയ്ക്ക് ഞാൻ ഗോവയിൽ പോയി താമസിക്കാറുണ്ട്. അവിടെ എനിക്ക് സ്കൂട്ടർ ഓടിച്ച് പുറത്തു സഞ്ചരിക്കാം, ആരും എന്നെ അറിയുന്നില്ല. ചിലർക്കൊക്കെ അറിയാമായിരിക്കും പക്ഷേ, അവിടുത്തെ ആളുകൾ വേറെ ഒരു രീതിയാണ്. ശാന്തരാണ് എന്നാൽ ഡൈനാമിക്‌സും ഉണ്ട്. എനിക്ക് അതാണ് ഇഷ്ടം. ഇവിടെ ആകുമ്പോൾ രണ്ടിനും ഇടയ്ക്ക് നിൽക്കേണ്ടി വരും എനിക്കത് വയ്യ. വിനായകൻ എന്ന വ്യക്തിക്ക് ഒരു സ്വകാര്യത വേണം," വിനായകൻ കൂട്ടിച്ചേർത്തു.

കളങ്കാവലിലെ കഥാപാത്രം തനിക്ക് മമ്മൂട്ടി നൽകിയ സമ്മാനമാണെന്നും വിനായകൻ പറഞ്ഞു. "മമ്മൂക്ക തന്നെ പറയുന്നു വിനായകനെ വെച്ച് ചെയ്യിക്കാമെന്ന്... ജന്മത്തിലെ ഭാഗ്യങ്ങളാണിതെല്ലാം. മമ്മൂക്കയുടെ ഓപ്പോസിറ്റ് കഥാപാത്രമായി ഇത്രയും വലിയ സിനിമയൊക്കെ ചെയ്യുക എന്നുപറയുന്നത് ഭാഗ്യമാണ്. വളരെ എളുപ്പമാണ് മമ്മൂക്കയുമായി വർക്ക് ചെയ്യാൻ! പുറത്ത് ആളുകൾ പറയുന്ന പോലെയല്ല. ഭയങ്കര ഈസിയാണ്! സർ സൂപ്പർ സീനിയർ അല്ലേ? അദ്ദേഹത്തിന് അറിയാം. അതിന് ഞാൻ സാറിനോട് നന്ദി പറയുന്നു. ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ അദ്ദേഹമെന്നെ ഒരുപാട് സഹായിച്ചു." എന്നാണ് വിനായകൻ പറഞ്ഞത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News